മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചേക്കുമെന്ന് സൂചന; ഉടൻ ഗവർണറെ കാണും
മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് കലാപത്തിന് അയവില്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിയ്ക്കൊരുങ്ങുകയാണെന്ന് വിശ്വസനീയവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടു. ഗവർണർ അനുസൂയ ഉയ്കേയുമായി ബിരേൻ സിങ് ഉടൻതന്നെ കൂടിക്കാഴ്ച നടത്തി രാജി കൈമാറുമെന്നാണ് സൂചന.
കലാപം അവസാനിപ്പിക്കാൻ ഇടപെടാനാകത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിക്കുള്ളിൽ തന്നെ ആവശ്യം ശക്തമായിരുന്നു. രാജിവയ്ക്കുക, രാഷ്ട്രപതി ഭരണം എന്നിങ്ങനെ രണ്ട് നിർദേശങ്ങളാണ് ബിജെപി കേന്ദ്ര നേതൃത്വവും ബിരേൻ സിങ്ങിന് നൽകിയതെന്നും സൂചനയുണ്ട്.
സംസ്ഥാനത്ത് അക്രമസാഹചര്യത്തിന് അയവില്ലാത്തിനാൽ രണ്ട് ദിവസം മുൻപ് മണിപ്പൂർ ഗവർണർ ഡൽഹിയിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. നേരത്തെ ഡൽഹിയിലെത്തിയ ബിരേൻ സിങ്ങിനോടും സംസ്ഥാനത്തെ സാഹചര്യങ്ങളിലുള്ള ആശങ്ക ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കുവച്ചിരുന്നു.
2022ലാണ് ബിരേൻ സിങ് മണിപ്പൂരിൽ രണ്ടാംതവണയും മുഖ്യമന്ത്രിയാകുന്നത്. മേയ്തി വിഭാഗക്കാരനായ ബിരേൻ സിങ് ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെ ആദ്യം നയിക്കുന്നത് 2017ലാണ്. 2016ൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെയായിരുന്നു ഇത്.
അതിനിടെ രണ്ടാംദിവസവും മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശനം തുടരുകയാണ്. മൊയ്റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തി.
യുണൈറ്റഡ് നാഗാ കൗണ്‍സില്‍, വിവിധ ജനകീയ സംഘടനകൾ തുടങ്ങിയവയുടെ നേതാക്കളുമായും രാഹുൽ ഇംഫാലിൽ കൂടിക്കാഴ്ച നടത്തി. ഗവർണറേയും രാഹുൽ കണ്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞദിവസം ചുരാചന്ദ്പൂരിലേക്ക് റോഡ് മാർഗമുള്ള രാഹുലിന്റെ യാത്ര പോലീസ് തടഞ്ഞിരുന്നു. ആക്രമണസാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പിന്നീട് ഹെലികോപ്റ്ററിൽ സ്ഥലത്തെത്തി ആളുകളുമായി സംവദിച്ചു. വിമാനത്താവളത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ബിഷ്ണുപുരില്‍ വച്ചാണ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം പോലീസ് തടഞ്ഞത്. ഇതോടെയാണ് വിഷയം ദേശീയ തലത്തില്‍ ചൂടുള്ള ചര്‍ച്ചയായത്.
അതിനിടെ കലാപം തുടരുന്ന മണിപ്പൂരിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ക്വാങ്പോകിയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലുകളിലാണ് ഒരാൾ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടത് സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.