ഒടുവിൽ രാജിയില്ലെന്ന് ബിരേന്‍ സിങ്; കലാപമൊഴിയാത്ത മണിപ്പൂര്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കുകൂടി വേദിയാവുന്നു

ഒടുവിൽ രാജിയില്ലെന്ന് ബിരേന്‍ സിങ്; കലാപമൊഴിയാത്ത മണിപ്പൂര്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കുകൂടി വേദിയാവുന്നു

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേന്‍ സിങ് പിന്‍വാങ്ങിയിരുന്നെങ്കില്‍ ഒരു പക്ഷേ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുമായിരുന്നു
Published on

വംശീയ സംഘര്‍ഷം രൂക്ഷമായ മണിപ്പൂര്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കുകൂടി സാക്ഷിയാവുകയാണ്. കലാപം തുടരുന്ന സാഹചര്യത്തില്‍ രാജി ഉറപ്പിച്ച് ഗവർണറെ കാണാനിറങ്ങിയ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിപ്പോള്‍ നീക്കത്തില്‍നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. ഈ നിര്‍ണായക ഘട്ടത്തില്‍ രാജിയില്ലെന്നാണ് അദ്ദേഹം ഒടുവിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. രാജി പ്രഖ്യാപനത്തിന് പിന്നാലെ വന്ന പൊതുജനങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് മനസ്സ് മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ രാജിക്കത്ത് കീറിക്കളഞ്ഞതിനെ ചിത്രം മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പുറത്തുവന്നു കഴിഞ്ഞു.

ബിരേൻ സിങ് ഇന്ന് രാജിവയ്ക്കുമെന്നായിരുന്നു അഭ്യഹം. ഉച്ചയ്ക്ക് അദ്ദേഹം ഗവർണറെ കാണുമെന്ന് അറിയിച്ചിരുന്നു. ഇത് രാജിക്കത്ത് കൈമാറാനാണെന്നായിരുന്നു സൂചന. ഗവർണറുടെ വസതിയിലേക്ക് പോകാൻ തുടങ്ങിയ ബിരേൻ സിങ്ങിനെ നൂറുകണക്കിന് വനിതാ പ്രവർത്തകർ ഇംഫാലിലെ വസതിക്കുപുറത്ത് തടഞ്ഞു.

രാജിവയ്ക്കാൻ ബിരേൻ സിങ്ങിനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പരസ്പരം കൈകൾ കോർത്തുകൊണ്ടായിരുന്നു വനിതകളുടെ കൂടിച്ചേരൽ. തുടർന്ന് ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ വസതിയില്‍നിന്ന് പുറത്തുവന്ന രണ്ട് മന്ത്രിമാർ മുഖ്യമന്ത്രിയുടെ രാജിക്കത്ത് കീറിയെറിയുകയായിരുന്നു. രാജിസമർപ്പിക്കുന്നുവെന്നും പോയ മാസങ്ങളിലെ സഹകരണത്തിനും മാർഗനിർദേശങ്ങൾക്കും നന്ദിയെന്നുമുള്ള രണ്ടുവരി മാത്രമാണ് ഗവർണറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള, കീറിക്കളഞ്ഞ രാജിക്കത്തിലുള്ളത്.

മണിപ്പൂരില്‍ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി തുടരുന്ന സംഘര്‍ഷം ശമിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ബിരേൻ സിങ് രാജിസന്നദ്ധത അറിയിച്ചത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രണ്ടുദിവസമായി മണിപ്പൂരിലെ സംഘർഷബാധിത പ്രദേശങ്ങളിൽ സന്ദര്‍ശനം നടത്തുകയാണ്. രാഹുല്‍ ഇന്ന് ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. ഇതിനു മുന്‍പായി മുഖ്യമന്ത്രി ഗവര്‍ണറെ കാണുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വസതിക്ക് മുന്‍പില്‍ രാജി വേണ്ടെന്ന ആവശ്യവുമായി ജനങ്ങള്‍ തടിച്ചുകൂടിയതോടെ തീരുമാനം മാറ്റുകയായിരുന്നു.

ഒടുവിൽ രാജിയില്ലെന്ന് ബിരേന്‍ സിങ്; കലാപമൊഴിയാത്ത മണിപ്പൂര്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കുകൂടി വേദിയാവുന്നു
'ഹൃദയഭേദകം'; മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് രാഹുൽ ഗാന്ധി, ഗവർണറെ സന്ദർശിച്ചു

ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്കൊപ്പം രാഹുൽ ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 10 രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, യുണൈറ്റഡ് നാഗ കൗണ്‍സില്‍ (യുഎന്‍സി) നേതാക്കള്‍, സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.

റോഡ് മാര്‍ഗമുള്ള യാത്ര ഒഴിവാക്കണമെന്ന് മണിപ്പൂര്‍ പോലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മൊയ്റാങ്ങിലേക്ക് ഹെലികോപ്റ്ററിലാണ് ഇന്നലെ രാഹുല്‍ ഗാന്ധി യാത്ര ചെയ്തത്. രാഹുലിനെ സ്വീകരിക്കാന്‍ മേയ്തി വിഭാഗം സ്ത്രീകള്‍ തടിച്ചുകൂടിയിരുന്നു. കുകി, മേയ്തി വിഭാഗങ്ങളുടെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഇന്നലെ അദ്ദേഹം ര്‍ശിച്ചിരുന്നു.

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് താന്‍ ഇവിടെ എത്തിയിരിക്കുന്നത് രാഷ്ട്രീയ വിഷയം സംസാരിക്കാനല്ലെന്നും എത്രയും വേഗം ദുരിത ബാധിത പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കണമെന്നാണ് ആവശ്യമെന്നും രാഹുല്‍ പറഞ്ഞു. സംഘര്‍ഷ ബാധിത പ്രദേശത്ത് കണ്ട കാര്യങ്ങള്‍ ഹൃദയം ഭേദകംമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'മണിപ്പൂരിന് ഇപ്പോള്‍ ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം സമാധാനമാണ് നമ്മുടെ ജനങ്ങളുടെ ജീവിതവും ഉപജീവനവും സുരക്ഷിതമാക്കാന്‍. ശ്രമങ്ങളുണ്ടാകണം രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി മണിപ്പൂരില്‍ സംഘര്‍ഷം കടുക്കുകയാണ് ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 17 ആയുധങ്ങളും 12 വെടിക്കോപ്പുകളും 10 ബോംബുകളും കണ്ടെടുത്തതായി മണിപ്പൂര്‍ പോലീസ് അറിയിച്ചു. ബുധനാഴ്ച കാക്ചിംഗ് ജില്ലയില്‍ നിന്ന് എട്ട് ആയുധങ്ങളും രണ്ട് വെടിയുണ്ടകളും രണ്ട് ബോംബുകളും സംഘം കണ്ടെടുത്തു.

മണിപ്പൂരിലെ സംഘര്‍ഷഭരിതമായ കാങ്പോക്പി ജില്ലയില്‍ ഹരോഥേല്‍ ഗ്രാമത്തില്‍ സായുധ കലാപകാരികള്‍ വെടിയുതിര്‍ത്തതായി ഇന്ത്യന്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികള്‍ വഷളാവുന്നത് തടയന്‍ സ്ഥലത്ത് സൈനികരെ അണിനിരത്തിയതായി സൈന്യം അറിയിച്ചു.

logo
The Fourth
www.thefourthnews.in