മണിപ്പൂര്‍ സംഘര്‍ഷം; ജൂൺ 24ന് സർവകക്ഷിയോഗം വിളിച്ച് അമിത് ഷാ
മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് ഏകദേശം 50 ദിവസങ്ങൾക്ക് ശേഷം, സംസ്ഥാനത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂൺ 24 ന് ഡൽഹിയിലാണ് യോഗം ചേരുക. മണിപ്പൂരിൽ സംഘർഷമുണ്ടായതിന് ശേഷമുള്ള ആദ്യ സർവകക്ഷി യോഗമാണിത്. 50 ദിവസം പിന്നിട്ടിട്ടും സംഘര്‍ഷത്തിന് അയവില്ലാത്തതിനെ തുടര്‍ന്നാണ് സര്‍വകക്ഷിയോഗം വിളിച്ചത്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ബുധനാഴ്ച അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർവകക്ഷിയോഗം വിളിക്കാനുള്ള തീരുമാനം. നിലവിലെ സാഹചര്യവും സംഘർഷഭരിതമായ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുന്നതിനുള്ള വഴികളും ആലോചിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. അക്രമം അവസാനിപ്പിക്കുന്നതിനായി അമിത് ഷാ കഴിഞ്ഞ മാസം സംസ്ഥാനം സന്ദർശിക്കുകയും മേയ്തി, കുകി വിഭാഗങ്ങളുടെ പ്രതിനിധികളുമായി നിരവധി തവണ ചർച്ച നടത്തുകയും ചെയ്തിരുന്നു. കലാപം ആസൂത്രിതമാണെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ട് മണിപ്പുരിൽ നിന്നുള്ള 10 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ഡൽഹിയിൽ തുടരുകയാണ്.
അതിനിടെ, സംസ്ഥാനത്തെ ജനങ്ങൾക്ക് മുഖ്യമന്ത്രി നോങ്തോമ്പം ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ പൂർണ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം, മണിപ്പൂരിൽ നിന്നുള്ള ബിജെപി എംഎൽഎമാർ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
''നിലവിലുള്ള അക്രമങ്ങളില്‍ 100-ലധികം നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുകയും വിലപ്പെട്ട സ്വത്തുക്കള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും താഴെത്തട്ടില്‍ സംഘര്‍ഷം അവസാനിക്കുന്നില്ല. നിലവിലെ സര്‍ക്കാരിലും ഭരണ സംവിധാനത്തിലും ജനങ്ങള്‍ക്ക് വിശ്വാസമില്ല. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. നിയമവാഴ്ചകൾ പാലിച്ചുകൊണ്ട് ശരിയായ ഭരണത്തിനും സർക്കാരിന്റെ പ്രവർത്തനത്തിനുമുള്ള ചില പ്രത്യേക നടപടികളും ദയയോടെ ചെയ്യേണ്ടതാണ്. അതിലൂടെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാം,''-പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി.
മണിപ്പൂര്‍ വിഷത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നതിനെതിരെ പ്രതിപക്ഷവും മണിപ്പൂരില്‍നിന്നുള്ള ബിജെപി അംഗങ്ങളും പ്രതിഷേധത്തിലായിരുന്നു. കലാപത്തില്‍ മൗനം പാലിക്കുന്ന നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്രൈബല്‍ ലീഡേഴ്സ് ഫോറവും രംഗത്തെത്തിയിരുന്നു. ഇതിനിടെ ബുധനാഴ്ച രാത്രി ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്‌റാംഗിന് സമീപം വീണ്ടും സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.