മണിപ്പൂര്‍ വെടിവയ്പ്പ്: കേന്ദ്ര സേനയെ കുറ്റപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍
മണിപ്പൂരിൽ വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പിന് കാരണമായത് കേന്ദ്ര സുരക്ഷാ സേനയെന്ന് കുറ്റപ്പെടുത്തി സംസ്ഥാന സർക്കാർ. കേന്ദ്ര സേനയുടെ നടപടികളെ അപലപിച്ച് മണിപ്പൂർ സർക്കാർ രംഗത്തെത്തി. വെള്ളിയാഴ്ച കേന്ദ്ര സേനയും സായുധരായ അക്രമികളും സംസ്ഥാനത്ത് ഏറ്റുമുട്ടിയിരുന്നു. വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും അൻപതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇടപെടൽ.
സംസ്ഥാനത്തെ സാഹചര്യം സംസ്ഥാന സർക്കാർ വിലയിരുത്തി. സായുധസേനയ്ക്കും അര്‍ധസൈനിക വിഭാഗത്തിനും പ്രത്യേക അധികാരം നല്‍കുന്ന സായുധ സേനയുടെ പ്രത്യേക അധികാര നിയമത്തിന് കീഴിലുള്ള (Armed Forces Special Powers Act) പ്രശ്‌നബാധിത പ്രദേശമെന്ന (disturbed area) പദവി ആറുമാസത്തേക്ക് നീട്ടുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. നാല് മാസമായി നടന്നുകൊണ്ടിരിക്കുന്ന വംശീയ അക്രമങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്കായി ഭവന പദ്ധതിക്കും മന്ത്രിസഭ അനുമതി നൽകി.
വിവിധ മേഖലകളിലെ സാഹചര്യം നിരീക്ഷിച്ചതിന് ശേഷം ഭവനരഹിതരായവർക്ക് എവിടെ വീട് വച്ച് നൽകുമെന്നതിൽ സംസ്ഥാന സർക്കാരാകും തീരുമാനമെടുക്കുക. ആദ്യഘട്ടമെന്ന നിലയില്‍ 75 കോടി ചെലവില്‍ 1000 വീടുകള്‍ നിര്‍മിക്കും. സ്ഥിരം വീടുകള്‍ക്ക് 10 ലക്ഷം രൂപയും താത്കാലിക വീടുകള്‍ക്ക് 5 ലക്ഷം രൂപയും അനുവദിക്കും.
രണ്ട് ഗഡുക്കളായാണ് തുക അനുവദിക്കുക. ഭവന നിര്‍മാണത്തിന് മുമ്പ് 50 ശതമാനം തുകയും ബാക്കി പിന്നീടും നല്‍കും. കലാപത്തിനിടെ ലൈംഗികാതിക്രമങ്ങള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ഇരയായ സ്ത്രീകള്‍ക്ക് നഷ്ടപരിഹാര പദ്ധതിയും ഏര്‍പ്പെടുത്തും.
ഏകദേശം 4800 വീടുകളാണ് കലാപത്തില്‍ നശിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തത്. കലാപത്തില്‍ 170ലധികം പേര്‍ കൊല്ലപ്പെടുകയും 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 70,000ത്തിലധികം പേര്‍ക്ക് പാലായനം ചെയ്യേണ്ടതായും വന്നു.
മണിപ്പൂരിലെ തെങ്‌നൗപാല്‍ ജില്ലയിലെ പല്ലേലിലായിരുന്നു വെള്ളിയാഴ്ച ഏറ്റുമുട്ടലുണ്ടായത്. സൈനിക ഉദ്യോഗസ്ഥരടക്കം എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലില്‍ സംഭവസ്ഥലത്ത് തന്നെ രണ്ട് പേര്‍ മരിക്കുകയായിരുന്നു. ചികിത്സയിലുണ്ടായിരുന്ന 37 കാരന്‍ ഇന്നലെ മരിച്ചതോട് കൂടി മരണസഖ്യ മൂന്നായി ഉയരുകയായിരുന്നു.