'റിപ്പോർട്ട് വ്യാജവും കെട്ടിച്ചമച്ചതും'; എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മണിപ്പൂർ സർക്കാർ
മണിപ്പൂര്‍ കലാപം സംബന്ധിച്ച് സംസ്ഥാനത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തകൾ പരിശോധിച്ച എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ (ഇജിഐ) വസ്തുതാന്വേഷണ സംഘത്തിലെ അംഗങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ കേസ് ഫയൽ ചെയ്തു. ഇജിഐ പുറത്തുവിട്ട റിപ്പോർട്ട് വ്യാജവും കെട്ടിച്ചമച്ചതും സ്പോൺസർ ചെയ്തതെന്നും ആരോപിച്ചാണ് മൂന്ന് അംഗങ്ങൾക്കെതിരെ മണിപ്പൂർ സർക്കാർ കേസെടുത്തിരിക്കുന്നത്. മണിപ്പൂരിലെ ഒരു സാമൂഹ്യപ്രവർത്തകന്റെ പരാതിയിൽ ഇംഫാൽ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാനത്ത് കൂടുതൽ സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് ഇജിഐ അംഗങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്തെതന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് വ്യക്തമാക്കി. എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങൾ കുകി-മെയ്തി സമുദായത്തിലുള്ളവരെ നേരിട്ട് കാണാതെയാണ് ഇത്തരത്തിലൊരു റിപ്പോർട്ട് തയാറാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
മെയ് 5ന് നടന്ന കലാപത്തിൽ സംസ്ഥാനത്ത് കത്തിനശിച്ച ഒരു കുക്കി വീടാണെന്ന് അടിക്കുറിപ്പുള്ള കത്തിയ കെട്ടിടത്തിന്റെ ഫോട്ടോ ഇജിഐ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ചുരാചന്ദ്പൂരിലെ ഫോറസ്റ്റ് ബീറ്റ് ഓഫീസറുടെ ഓഫീ സ് കെട്ടിടമാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലെ ഫോട്ടോയിലെ അടിക്കുറിപ്പിൽ എഡിറ്റിങ് ടീമിന് തെറ്റ് പറ്റിയാതാണെന്നും അതിൽ ഖേദിക്കുന്നുവെന്നും കഴിഞ്ഞ ദിവസം തന്നെ ഇജിഐ വ്യക്തമാക്കിയിരുന്നു.
മെയ് ആദ്യം സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട വംശീയകലാപത്തിൽ സംസ്ഥാനസർക്കാർ ഏകപക്ഷീയമായി ഇടപെടലുകൾ നടത്തിയതിന്റെ സൂചനകളുണ്ടെന്നായിരുന്നു ഇജിഐ റിപ്പോർട്ടിന്റെ ഉള്ളടക്കം. കലാപം അരങ്ങേറിയ സമയത്ത് സംസ്ഥാന സർക്കാർ പക്ഷപാതപരമായി പെരുമാറാൻ പാടില്ലായിരുന്നുവെന്നും ഒരു ജനാധിപത്യ സർക്കാർ എന്ന നിലയിൽ കലാപം അമർച്ചചെയ്യുന്നതിൽ പരാജയപ്പെട്ടെന്നും റിപ്പോർട്ടിന്റെ സംഗ്രഹത്തിൽ എടുത്തുപറയുന്നു.
എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ വസ്തുതാന്വേഷണ സംഘം ആഗസ്റ്റ് 7 മുതൽ 10 വരെ നാല് ദിവസങ്ങളിലായാണ് സംസ്ഥാനത്ത് നടന്ന വംശീയകലാപവും മാധ്യമങ്ങളുടെ നിലപാട് അടക്കമുള്ള വിഷയങ്ങളിലും പഠനം നടത്തിയത്. മാധ്യമപ്രവർത്തകരായ ഭരത് ഭൂഷൺ, സീമ ഗുഹ, സഞ്ജയ് കപൂർ എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് മണിപ്പൂരിലെ വംശീയ അക്രമങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങിനെക്കുറിച്ച് 24 പേജുള്ള പഠനം തയ്യാറാക്കിയത്. മണിപ്പൂരിലെ മാധ്യമങ്ങൾ മെയ്തികളുടെ മാധ്യമങ്ങളായാണ് കലാപ വാർത്തകൾ റിപ്പോർട്ട് ചെയ്തത്, സുരക്ഷാ സേനയെ അപകീർത്തിപ്പെടുത്തുന്നതിനായി വാർത്തകൾ സൃഷ്ടിക്കൽ, മാധ്യമപ്രവർത്തകർക്ക് വിവരങ്ങൾ ലഭിക്കുന്നത് തടയാൻ സംസ്ഥാന സർക്കാർ ഇൻറർനെറ്റ് നിരോധനം ഉപയോഗപ്പെടുത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഇജിഐ റിപ്പോർട്ടിലുണ്ട്.
മുഖ്യമന്ത്രി ബിരേൻ സിങ് പക്ഷപാതപരമായ പ്രസ്താവനകളിലൂടെയും നയപരമായ തീരുമാനങ്ങളിലൂടെയും ന്യൂനപക്ഷമായ കുകി സമുദായങ്ങളോടുള്ള മെയ്തി സമുദായങ്ങളുടെ കൂട്ടായ രോഷത്തിന് വഴിയൊരുക്കിയെന്നും റിപ്പോർട്ട് പറയുന്നു. '' വിശ്വസനീയമായ വിവരങ്ങളോ തെളിവുകളോ ഇല്ലാതെയാണ് കുകി സമുദായത്തെ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തിയത്. 1972ലെ ഹിൽസ് ഏരിയ കമ്മിറ്റി ആക്ടിൽ പറഞ്ഞിട്ടുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ കുകികൾ താമസിച്ചുവന്നിരുന്ന കുന്നുകളുടെ ചില ഭാഗങ്ങൾ സംരക്ഷിതമേഖലയെന്ന് പ്രഖ്യാപിച്ചത്. എന്നാൽ, ഈ പ്രദേശങ്ങളിലെ എല്ലാ ഭൂവുടമസ്ഥത രേഖകളും റദ്ദാക്കുകയും കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തു'' - റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, 1990ന് മുൻപ് തന്നെ ഈ പ്രദേശങ്ങൾ റിസർവ് വനമായി പ്രഖ്യാപിച്ചിരുന്നതായാണ് പരാതിക്കാരന്റെ വാദം.