എന്തിനാണ് എന്നെ തടയാന്‍ ശ്രമിക്കുന്നത്?; മണിപ്പൂർ സന്ദർശിക്കാൻ സർക്കാർ അനുമതി നിഷേധിച്ചുവെന്ന് സ്വാതി മലിവാൾ

എന്തിനാണ് എന്നെ തടയാന്‍ ശ്രമിക്കുന്നത്?; മണിപ്പൂർ സന്ദർശിക്കാൻ സർക്കാർ അനുമതി നിഷേധിച്ചുവെന്ന് സ്വാതി മലിവാൾ

മണിപ്പൂർ സന്ദർശിക്കാൻ ആദ്യം അനുമതി നൽകിയതിന് ശേഷം പിന്നീട് അത് നിഷേധിക്കുകയായിരുന്നു
Updated on
1 min read

മണിപ്പൂര്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡല്‍ഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ. ലൈംഗികാതിക്രമത്തെ അതിജീവിച്ചവരുമായി സംവദിക്കാൻ സംസ്ഥാനം സന്ദർശിക്കാൻ മണിപ്പൂർ സർക്കാർ അനുമതി നിഷേധിച്ചതായി സ്വാതി മലിവാൾ പറഞ്ഞു. മണിപ്പൂർ സന്ദർശിക്കാൻ ആദ്യം അനുമതി നൽകിയതിന് ശേഷം പിന്നീട് അത് നിഷേധിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ സ്വാതി മലിവാൾ ട്വിറ്ററിൽ അതൃപ്തി രേഖപ്പെടുത്തി.

“മണിപ്പൂര്‍ സന്ദര്‍ശിക്കാൻ എനിക്ക് പച്ചക്കൊടി കാട്ടിയ ശേഷം, സര്‍ക്കാർ ഇപ്പോള്‍ യു-ടേണ്‍ എടുത്തിരിക്കുകയാണ്, അതിജീവിച്ചവരെ കാണാനും അവര്‍ക്ക് പിന്തുണ നല്‍കാനുമുള്ള അനുമതി പെട്ടെന്ന് നിഷേധിച്ചു. ഇത് ഞെട്ടിപ്പിക്കുന്നതും അസംബന്ധവുമാണ്. എന്തുകൊണ്ടാണ് എനിക്ക് ലൈംഗികാതിക്രമത്തെ അതിജീവിച്ചവരെ കാണാൻ അനുമതിയില്ലാത്തത്?എന്തിനാണ് എന്നെ തടയാൻ ശ്രമിക്കുന്നത്?”, -സ്വാതി മലിവാള്‍ ട്വിറ്ററില്‍ കുറിച്ചു. മണിപ്പൂര്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ഒരു ഉദ്യോഗസ്ഥനില്‍ നിന്ന് ലഭിച്ച ഇ മെയിലും അവര്‍ പങ്കിട്ടു.

വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മലിവാൾ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നു. മണിപ്പൂരില്‍ കുകി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ ഒരു കൂട്ടം ആളുകള്‍ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് സംസ്ഥാനം സന്ദര്‍ശിക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ച് വെള്ളിയാഴ്ച സ്വാതി മണിപ്പൂര്‍ ഡിജിപിക്ക് കത്തെഴുതിയിരുന്നു. ജൂലൈ 23 ന് സംസ്ഥാനം സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്യാനും വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ഉദ്ദേശിക്കുന്നതായി മണിപ്പൂർ ഡിജിപിക്ക് അയച്ച കത്തിൽ അവർ പറഞ്ഞു.

logo
The Fourth
www.thefourthnews.in