എന്‍.ആര്‍.സി. ഉടന്‍ നടപ്പാക്കണം; അസമിനു പിന്നാലെ പ്രമേയം പാസാക്കി മണിപ്പൂരും
അസമിനു ശേഷം ദേശീയ പൗരത്വ രജിസ്റ്റര്‍( എൻആർസി ) നടപ്പാക്കാനുള്ള സമ്മതം മൂളി മണിപ്പൂരും. അനധികൃതമായി കുടിയേറിയ 'വിദേശികളെ' മണ്ണില്‍ നിന്നു തുരത്താനുള്ള പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണമെന്നും സംസ്ഥാന ജനസംഖ്യാ കമ്മീഷൻ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു മണിപ്പുര്‍ നിയമസഭ പ്രമേയം പാസാക്കി.
മ്യാൻമറുമായി രാജ്യാന്തര അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് മണിപ്പൂർ. 1971നും 2001നും ഇടയില്‍ സംസ്ഥാനത്തെ മലയോര മേഖലയിലെ ജനസംഖ്യ വര്‍ധനവ് 153.3 ശതമാനമായിരുന്നു. 2002- 2011 കാലയളവില്‍ ഇത് 250.9 ശതമാനമായി ഉയര്‍ന്നുവെന്നും ഇതിനു കാരണം പുറത്തുനിന്നുള്ളവരുടെ കടന്നു കയറ്റമാണെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് ജെഡിയു അംഗം കെ ജോയ്കിഷന്‍ പറഞ്ഞു.
സഭയിലെ എല്ലാ അംഗങ്ങളുടെയും കൂട്ടായ താൽപ്പര്യങ്ങൾ നിറവേറ്റുന്നതാണ് രണ്ട് പ്രമേയങ്ങളുമെന്ന് ചർച്ചയിൽ പങ്കെടുത്ത മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു.
എന്താണ് എൻ.ആർ.സി?
ലളിതമായി പറഞ്ഞാല്‍ രാജ്യത്തെ എല്ലാ പൗരന്മാരെയും ഔദ്യോഗികമായി പട്ടികപ്പെടുത്തുന്നതിനെയാണ് എന്‍.ആര്‍.സിയെന്നു പറയുന്നത്. പൗരത്വ നിയമത്തിന്റെ 14എ വകുപ്പാണ് ഇതിന് ആധാരം. 2003-ലെ അടല്‍ ബിഹാരി സര്‍ക്കാരാണ് ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. എന്നാല്‍ അതു നടപ്പാക്കാന്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ അന്നു സാധിച്ചില്ല.
ഈ വകുപ്പ് പ്രകാരം രാജ്യത്തെ എല്ലാ പൗരന്മാരെയും നിര്‍ബന്ധപൂര്‍വം രജിസ്റ്റര്‍ ചെയ്യാനും അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനും സര്‍ക്കാരിനു കഴിയും. ഇതിനു വേണ്ടി സര്‍ക്കാര്‍ തയാറാക്കുന്ന പട്ടികയാണ് എന്‍.ആര്‍.സി. രാജ്യത്തെ പൗരൻമാരുടെ ദേശീയ രജിസ്റ്ററാണ് എൻ.ആർ.സി. പട്ടികയില്‍ ഉള്‍പ്പെടാത്ത നിശ്ചിത യോഗ്യതയില്ലാത്ത കുടിയേറ്റക്കാർക്ക് ഇന്ത്യന്‍ പൗരത്യം ലഭിക്കുകയില്ല.
ആരെയാണ് എൻ.ആർ.സി ബാധിക്കുക
മതം, വംശം ജാതി, ലിംഗം എന്നിവയുടെ പേരില്‍ വിവേചനങ്ങള്‍ പാടില്ലെന്ന ഇന്ത്യന്‍ ഭരണഘടനയുടെ 5, 10, 14, 15 വകുപ്പുകള്‍ക്ക് എതിരു നില്‍ക്കുന്ന നിയമമാണിത്. ഇതുപ്രകാരം പാകിസ്താന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് കൂടിയേറി അഞ്ചു വര്‍ഷം പിന്നിട്ട ഇന്ത്യയില്‍ താമസിച്ച് വരുന്ന ഹിന്ദു, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, ജയിൻ, പാഴ്‌സി മതക്കാരെ എൻ.ആർ.സി ബാധിക്കില്ല. എന്നാല്‍ പ്രസ്തുത രാജ്യങ്ങളിൽ നിന്ന് കുടിയേറിയ മുസ്ലിം വിഭാഗത്തിലുള്ളവർ കുറഞ്ഞത് 12 വർഷമെങ്കിലും ഇന്ത്യയിൽ താമസിക്കാത്തവരാണെങ്കിൽ അവർക്ക് പൗരത്വത്തിന് യോഗ്യതയുണ്ടാകില്ല.
എൻ.ആർ.സി വരുമ്പോൾ സംഭവിക്കുന്നത്
എൻ.ആർ.സി പ്രകാരം രാജ്യത്ത് പൗരത്വത്തിന് അർഹതയില്ലാത്തവരെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കാന്‍ സർക്കാരിന് സാധിക്കും. പൗരത്വത്തിന് അര്‍ഹതയില്ലാത്തവരെ പിടികൂടുകയും തടങ്കല്‍ കേന്ദ്രങ്ങളില്‍ മാറ്റിപ്പാര്‍പ്പിക്കുയും ചെയ്യാം. ദേശീയ പൗരത്വ രജിസ്ട്രേഷൻ മതത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കില്ലെന്ന് കേന്ദ്ര സർക്കാർ പറയുമ്പോഴും ന്യൂനപക്ഷത്തിനിടയിൽ ഇത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.