കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ഭീഷണി; അസം റൈഫിള്‍സിനെതിരെ കേസെടുത്ത് മണിപ്പൂര്‍ പോലീസ്
വംശീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സുരക്ഷാ സേനകള്‍ തമ്മിലും ഭിന്നത പരസ്യമാകുന്നു. മണിപ്പൂരിലേക്ക് മ്യാന്‍മറില്‍ നിന്നുള്ള അഭ്യയാര്‍ഥികളെ പ്രവേശിക്കാന്‍ അനുവദിച്ച സംഭവത്തിന് പിന്നാലെ ആരംഭിച്ച ഭിന്നത ഒരു സേന മറ്റൊരു സേനാ വിഭാഗത്തിന് എതിരെ കേസെടുക്കുന്നതിലേക്ക് എത്തി നില്‍ക്കുകയാണ്. മണിപ്പൂര്‍ പോലീസാണ് അര്‍ദ്ധ സൈനിക വിഭാഗമായ അസം റൈഫിള്‍സിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മണിപ്പൂര്‍ പോലീസ് അസം റൈഫിള്‍സിന് എതിരെ തിരിഞ്ഞിരിക്കുന്നത്. അസം റൈഫിള്‍സിന്റെ ഒന്‍പതാമത് ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ ധിക്കാരപരമായി ഇടപെടുന്നു. കുക്കി വിഭാഗങ്ങളിലെ ആക്രമികള്‍ക്ക് സുരക്ഷിതമായ മേഖലകളിലേക്ക് രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളും മണിപ്പൂര്‍ പോലീസ് മുന്നോട്ട് വയ്ക്കുന്നു.
ഓഗസ്റ്റ് 5-ന് ബിഷ്ണുപൂര്‍ മേഖലയിലെ ക്വാക്തയില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മണിപ്പൂര്‍ പോലീസ് അസം റൈഫിള്‍സിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആയുധധാരികളായ അക്രമികള്‍ ഉറങ്ങിക്കിടന്നിരുന്ന അച്ഛനെയും മകനെയും വെട്ടിക്കൊല്ലുകയായിരുന്നു. സമീപ പ്രദേശമായ ചുരാചന്ദ്പൂര്‍ ജില്ലയില്‍ നിന്ന് വന്ന കുക്കി വിഭാഗക്കാരാണ് അക്രമത്തിന് പിന്നില്‍ എന്നായിരുന്നു ആക്ഷേപം. കൊലപാതകത്തിന് പിന്നാലെ അക്രമികളെ കണ്ടെത്താന്‍ മണിപ്പൂര്‍ പോലീസ് നടത്തിയ തിരച്ചില്‍ അസം റൈഫിള്‍സ് യൂണിറ്റ് തടഞ്ഞു. തങ്ങളുടെ വഴി തടയാന്‍ അസം റൈഫിള്‍സ് കവചിത വാഹനങ്ങള്‍ ഉപയോഗിച്ചു എന്നിങ്ങനെയാണ് ആരോപണങ്ങള്‍. ഇരു സേനാ വിഭാഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
എല്ലാ തെറ്റിദ്ധാരണകളും ഉടനടി പരിഹരിക്കപ്പെടുമെന്ന് അസം റൈഫിള്‍സ്
എന്നാല്‍ മണിപ്പൂരിലെ പ്രതികൂല സാഹചര്യങ്ങളിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി നിരന്തരം പരിശ്രമങ്ങള്‍ നടത്തുന്ന കേന്ദ്ര സുരക്ഷാ സേനാ വിഭാഗങ്ങളുടെയും പ്രത്യേകിച്ച് അസം റൈഫിള്‍സിന്റെയും ഉദ്ദേശ്യം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്ന് സൈന്യം ആരോപിപ്പു. ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അംസം റൈഫിള്‍സിന്റെ പ്രതികരണം. സുരക്ഷാ സേനകള്‍ തമ്മിലുണ്ടാകുന്ന ശത്രുതാപരമായ സാഹചര്യം നിരാശാജനകമാണെന്നും പ്രസ്താവന കുറ്റപ്പെടുത്തി. എല്ലാ തെറ്റിദ്ധാരണകളും ഉടനടി പരിഹരിക്കപ്പെടുമെന്നും അസം റൈഫിള്‍സ് ചൂണ്ടിക്കാട്ടി.
അസം റൈഫിള്‍സിന് എതിരെ മെയ്തി വിഭാഗക്കാരും ഭരണപക്ഷമായ ബിജെപിയും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സേനാംഗങ്ങള്‍ പക്ഷപാതപരമായി ഇടപെടുന്നു എന്നായിരുന്നു ഇവരുടെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ബിജെപി നേതൃത്വം ഓഗസ്റ്റ് ഏഴിന് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ സ്ഥിരമായി പിന്‍വലിക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആവശ്യം. മണിപ്പൂരിന്റെ മ്യാന്‍മര്‍ അതിര്‍ത്തി മേഖലകളിലാണ് അസം റൈഫിള്‍സിന് സുരക്ഷാചുമതലയുള്ളത്.