'പോലീസിനോട് സഹായം അഭ്യർത്ഥിച്ചു, അവർ ആൾക്കൂട്ടത്തിന് വിട്ടുകൊടുത്തു'; മണിപ്പൂരിലെ അതിജീവിതമാരുടെ മൊഴി പുറത്ത്

'പോലീസിനോട് സഹായം അഭ്യർത്ഥിച്ചു, അവർ ആൾക്കൂട്ടത്തിന് വിട്ടുകൊടുത്തു'; മണിപ്പൂരിലെ അതിജീവിതമാരുടെ മൊഴി പുറത്ത്

ജൂലൈ 21, 26 തീയതികളിൽ മണിപ്പൂർ പോലീസ് രേഖപ്പെടുത്തിയ രണ്ട് അതിജീവിതമാരുടെ മൊഴികൾ 'ദ ഹിന്ദു'വാണ് പുറത്തുവിട്ടത്
Updated on
2 min read

മണിപ്പൂരിൽ കുകി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തിൽ അനുഭവിക്കേണ്ടിവന്ന ദുരവസ്ഥയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ സമീപത്ത് ജീപ്പിലുണ്ടായിരുന്ന പോലീസുകാരോട് അപേക്ഷിച്ചപ്പോൾ താക്കോലില്ലെന്നും വണ്ടിയെടുക്കാൻ സാധിക്കില്ലെന്നുമായിരുന്നു മറുപടിയെന്ന് അതിജീവിത പറഞ്ഞു. ജൂലൈ 21, 26 തീയതികളിൽ മണിപ്പൂർ പോലീസ് രേഖപ്പെടുത്തിയ രണ്ട് അതിജീവിതകളുടെ മൊഴികൾ 'ദ ഹിന്ദു'വാണ് പുറത്തുവിട്ടത്.

കലാപബാധിത സംസ്ഥാനമായ മണിപ്പൂരിലെ തൗബൽ ജില്ലയിൽ മേയ് നാലിനായിരുന്നു സംഭവം. ജൂലൈ 19ന് പുറത്തുവന്ന ദൃശ്യങ്ങളിൽ രണ്ടുസ്ത്രീകളെയാണ് നഗ്നരാക്കി നടത്തിച്ചതായി കാണിക്കുന്നത്. എന്നാൽ മൂന്ന് സ്ത്രീകൾ അതിക്രമത്തിന് ഇരയായിരുന്നുവെന്നും അതിൽ രണ്ടുപേരേ കൂട്ടബലാസംഗം ചെയ്തുവെന്നുമാണ് അതിജീവിതമാരുടെ മൊഴികൾ ചൂണ്ടിക്കാട്ടുന്നത്.

അതിക്രമങ്ങൾക്ക് ശേഷം വിട്ടയച്ച സ്ത്രീകൾ വനത്തിലൂടെയും കുന്നുകളിലൂടെയും 48 മണിക്കൂർ നടന്നാണ് സുരക്ഷിതമായൊരു സ്ഥലത്തെത്തിയത്. തുണികളും ചെരുപ്പും തിരികെ നൽകാൻ ആൾക്കൂട്ടത്തോട് അപേക്ഷിക്കേണ്ടി വന്നു. ഒരാളുടെ ചെരുപ്പ് നഷ്ടപ്പെട്ടിരുന്നതിനാല്‍ കിലോമീറ്ററുകളോളം നഗ്നപാദയായി നടക്കേണ്ടി വന്നുവെന്നും മൊഴിയില്‍ പറയുന്നു.

മേയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടതോടെ അക്രമങ്ങളിൽനിന്ന് രക്ഷനേടാൻ പിതാവും സഹോദരനുമൊത്ത് അതിജീവിതകളിലൊരാൾ വനത്തിൽ അഭയം തേടിയിരുന്നു. മേയ് നാലിന് ഉച്ചയോടെ കോടാലിയും കഠാരയും തോക്കുമായി എത്തിയ ആൾക്കൂട്ടം വീടുകളും പള്ളികളും കത്തിക്കുകയും പരിശോധിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന ആട്ടിന്‍കൂട്ടത്തെ പിടിക്കാൻ വനത്തിലേക്ക് കയറിയപ്പോഴാണ് ഒളിച്ചുതാമസിച്ചിരുന്നവരെ കണ്ടെത്തിയത്. അവരുടെ ആധാർ കാർഡുകൾ പരിശോധിച്ചതിൽനിന്ന് അവർ കുകികളല്ല, സോമി വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് മനസിലായതിനെ തുടർന്ന് വിട്ടയച്ചു. ആയിരത്തോളം മേയ്തി പുരുഷന്മാരുടെ ഒരു വലിയ കൂട്ടം പിറകെവരുന്നുണ്ടെന്ന മുന്നറിയിപ്പും അവർ കൊടുത്തു.

'പോലീസിനോട് സഹായം അഭ്യർത്ഥിച്ചു, അവർ ആൾക്കൂട്ടത്തിന് വിട്ടുകൊടുത്തു'; മണിപ്പൂരിലെ അതിജീവിതമാരുടെ മൊഴി പുറത്ത്
ഹരിയാന വർഗീയ സംഘർഷത്തിൽ മരണം മൂന്നായി; ഇരുന്നൂറിലേറെ പേർക്ക് പരുക്ക്, ഇന്റർനെറ്റ് സേവനം റദ്ദാക്കി

രക്ഷപ്പെട്ട് പോകുന്ന വഴിയേ കണ്ടുമുട്ടിയ ചില മേയ്തി വിഭാഗത്തിലുള്ളവർ സമീപത്ത് പോലീസുകാർ ഉണ്ടെന്നും അവരോടൊപ്പം നിന്നാൽ സുരക്ഷിതമായിരിക്കുമെന്നും അറിയിച്ചു. എന്നാൽ അക്രമികളായ ഒരു ആൾകൂട്ടം പിടികൂടുകയും പിതാവിനെയും സഹോദരനെയും ഉൾപ്പെടെ ഉപദ്രവിക്കുകയുമായിരുന്നു. രക്ഷപ്പെട്ടോടി അടുത്തുണ്ടായിരുന്ന പോലീസുകാരോട് സഹായമഭ്യർഥിച്ചു. ആൾകൂട്ടം പിന്നാലെയുണ്ടെന്നും പെട്ടെന്ന് വണ്ടിയെടുക്കണമെന്നും ജീപ്പിലുണ്ടായിരുന്ന പോലീസുകാരോട് പറഞ്ഞപ്പോൾ താക്കോലില്ലെന്നായിരുന്നു മറുപടി. ഒടുവിൽ കരഞ്ഞുപറഞ്ഞപ്പോൾ വണ്ടിയെടുത്തു. എന്നാൽ വലിയൊരു ആൾക്കൂട്ടത്തിന്റെ അടുത്തെത്തിയപ്പോൾ വണ്ടി നിർത്തുകയും പോലീസുകാർ അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്തുവെന്നും മൊഴിയിൽ പറയുന്നു.

"ആൾക്കൂട്ടം ഞങ്ങളെ ജീപ്പിൽനിന്ന് വലിച്ചുപുറത്തേക്കിട്ടു. ശേഷം വസ്ത്രങ്ങൾ വലിച്ചുകീറുകയും പണവും മൊബൈൽ ഫോണുമെല്ലാം തട്ടിയെടുക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന ആധാർ കാർഡ്, വോട്ടർ ഐഡി തുടങ്ങി എല്ലാ തിരിച്ചറിയൽ രേഖകളും അവർ പിടിച്ചെടുത്തു. സഹോദരനെ ആൾക്കൂട്ടം തടിക്കഷ്ണംകൊണ്ട് തല്ലിച്ചതച്ചു. മുതിർന്ന സഹോദരന്റെ സുഹൃത്തും ആൾക്കൂട്ടത്തിലുണ്ടായിരുന്നു. എന്നെ സമീപത്തുണ്ടായിരുന്ന വയലിലേക്ക് കൊണ്ടുപോയി പലതവണ പീഡിപ്പിച്ചശേഷം പിടികൂടിയ സ്ഥലത്തുതന്നെ ഉപേക്ഷിച്ചു. അൻപതുകാരനായ ഒരാളോട് സഹായം ചോദിച്ചപ്പോൾ ഒരു ടി ഷർട്ട് നൽകി, അതും ആൾക്കൂട്ടം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. കുറച്ചു മീറ്ററുകള്‍ക്കപ്പുറം നാല്പത്തിരണ്ടുകാരിയായ ഒരു സ്ത്രീയും നിലത്ത് അവശയായി കിടക്കുന്നുണ്ടായിരുന്നു. ആള്‍ക്കുട്ടം വിട്ടയച്ച ഞങ്ങള്‍ തിരികെ പോകുന്ന വഴിയില്‍ പിതാവിനെയും സഹോദരനെയും മരിച്ചനിലയിൽ കണ്ടെത്തി" അതിജീവിതമാരിൽ ഒരാൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

'പോലീസിനോട് സഹായം അഭ്യർത്ഥിച്ചു, അവർ ആൾക്കൂട്ടത്തിന് വിട്ടുകൊടുത്തു'; മണിപ്പൂരിലെ അതിജീവിതമാരുടെ മൊഴി പുറത്ത്
'നിസ്സാരവത്ക്കരിക്കരുത്, മണിപ്പൂരിലെയും ബംഗാളിലെയും രാഷ്ട്രീയ സാഹചര്യം വ്യത്യസ്തം'; കേന്ദ്രത്തോട് സുപ്രീംകോടതി

കേസിൽ മേയ് 18നാണ് കാങ്‌പോക്പി ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. പിന്നീട് ജൂൺ 21ന് കേസ് തൗബൽ ജില്ലയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ജൂലൈ 19ന് സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ ശേഷമാണ് പോലീസ് നടപടിയെടുത്തത്. ഇതുവരെ ഏഴുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

logo
The Fourth
www.thefourthnews.in