മണിപ്പൂര്‍: തിരിച്ചറിയാതെയും ഉറ്റവര്‍ക്ക് ഏറ്റെടുക്കാൻ കഴിയാതെയും മൃതദേഹങ്ങള്‍, സംഘര്‍ഷ ഭീകരത തുറന്നുകാട്ടി ആശുപത്രികള്‍
മണിപ്പൂരില്‍ കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറിയില്‍ തുടരുന്നു. മണിപ്പൂരില്‍ മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഇതുവരെ 75 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. ഇതോടൊപ്പമാണ് നാല്‍പതിലധികം മൃതദേഹങ്ങള്‍ ഏറ്റെടുക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്ന് റിപ്പോര്‍ട്ട്. സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ കടന്ന് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയാന്‍ ഒരു കുടുംബങ്ങളും തയാറാവുന്നില്ലെന്നും, ഇതിന് മുതിരുന്നവരെ ആദിവാസി വിഭാഗങ്ങള്‍ തടയുകയാണെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഏറ്റുമുട്ടല്‍ ആരംഭിച്ചത് മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിച്ച 19 മൃതദേഹങ്ങള്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (ജെഎന്‍ഐഎംഎസ്) മോര്‍ച്ചറിയിലും റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (ജെഎന്‍ഐഎംഎസ്) മോര്‍ച്ചറിയിലും ആരും ഏറ്റെടുക്കാതെ കിടക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പുറമെയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ജില്ലകളിലൊന്നായ ചുരാചന്ദ്പൂരിലെ ജില്ലാ ആശുപത്രിയിലെ കണക്കുകള്‍. മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന 24 മൃതദേഹങ്ങളും ഇതുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ല. മണിപ്പൂരില്‍ വിവിധ ആശുപത്രികളിലായി ഇത്തരത്തില്‍ നിരവധി മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുകയാണ്.
പ്രിയപ്പെട്ടവര്‍ മരിച്ചുവെന്നറിഞ്ഞിട്ടും അത് സ്ഥിരീകരിക്കാനോ മൃതദേഹങ്ങള്‍ തിരിച്ചറിയാനോ സാധിക്കാതെ നിസഹായ അവസ്ഥയിലാണ് കുടുംബങ്ങളെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്
പ്രിയപ്പെട്ടവര്‍ മരിച്ചുവെന്നറിഞ്ഞിട്ടും അത് സ്ഥിരീകരിക്കാനോ മൃതദേഹങ്ങള്‍ തിരിച്ചറിയാനോ സാധിക്കാതെ നിസഹായ അവസ്ഥയിലാണ് കുടുംബങ്ങളെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പത്തൊന്‍പത് കാരനായ അലക്‌സ് ജാംഗൗഹാങ് ബെയ്റ്റ്, 26 വയസുള്ള ഫ്‌ളോറന്‍സ് നെഗ്പിചോംങ് ഹാങ്സിംഗ്, ദലംതാങ്, കമിന്‍ ലുന്‍ കോങ്‌സായ് ജാംഖോഗിന്‍ ബെയ്റ്റ് തുടങ്ങി നിരവിധിപേരാണ് മരിച്ചുവെന്ന് അറിഞ്ഞിട്ടും കുടുംബങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ പോലും സാധിക്കാതെ വിവിധ മോര്‍ച്ചറികളിലായി കിടക്കുന്നത്.
അതേസമയം, മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പത്തു ലക്ഷം രൂപ വീതം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി ആറു കേസുകളുടെ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.