'ഗുജറാത്തിന് സമാനമായ വംശഹത്യ'; മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ബിഷപ്പ് പാംപ്ലാനി
മണിപ്പൂര്‍ കലാപം അടിച്ചമർത്തുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഗുജറാത്തില്‍ നടന്നതിന് സമാനമായ വംശഹത്യയാണ് മണിപ്പൂരില്‍ നടന്നത് എന്നാണ് ബിഷപ്പിന്റെ വിമര്‍ശനം. കലാപം നാള്‍ക്കുനാള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തെപ്പോലും തടഞ്ഞുവെക്കുന്ന കലാപം എന്നത് ഇതുവരെ കേട്ടുകേള്‍വി ഇല്ലാത്ത ഒന്നാണെന്നും ബിഷപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ക്രിസ്ത്യന്‍ പള്ളികളെ ലക്ഷ്യമിട്ടാണ് കലാപം നടക്കുന്നത്
വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ ഉദ്ദ്യേശിക്കുന്നില്ല. എന്നാല്‍ പ്രധാനമായും ക്രിസ്ത്യന്‍ പള്ളികളെ ലക്ഷ്യമിട്ടാണ് മണിപ്പൂരില്‍ കലാപം നടക്കുന്നതെന്നും വ്യക്തമാക്കി. മണിപ്പൂര്‍ വിഷയത്തല്‍ പ്രധാനമന്ത്രി പ്രതികരണത്തിന് മുതിരാത്തതിലുള്ള അതൃപ്തിയും ബിഷപ്പ് പ്രകടമാക്കി. ഇത്രവലിയ സംഭവം നടന്നിട്ടും ഒരു പ്രതികരണത്തിന് പോലും തയ്യാറാവാതെ പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോയി. രാജ്യത്ത് ഒരു തരത്തിലുള്ള വിവേചനവും നടക്കുന്നില്ലെന്നാണ് പ്രധാനമന്ത്രിയുടെ വാദം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരന്മാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട സര്‍ക്കാരിന് വീഴ്ച സംഭവിച്ചു
ആസൂത്രിതമായി നടക്കുന്ന കലാപത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടോ എന്ന ആശങ്ക ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്യം സംരക്ഷിക്കേണ്ടത് രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍, അക്കാര്യത്തില്‍ സര്‍ക്കാരിന് വലിയ വീഴ്ച സംഭവിച്ചെന്നും പാംപ്ലാനി കുറ്റപ്പെടുത്തി. ആസൂത്രിതമായ കലാപ നീക്കം നടന്നു. അതിനു പിന്നിലുള്ളവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു
ഏകീകൃത സിവില്‍ക്കോഡ് എന്ന സാങ്കല്‍പ്പിക പദം മാറ്റിവെച്ച് എന്താണ് രാജ്യത്ത് നടപ്പാക്കാന്‍ പോകുന്നത് ജനാധിപത്യപരമായി ചര്‍ച്ചയ്ക്ക് വിധേയമാക്കണം
ഇന്ത്യയില്‍ ഹൈന്ദവർ ക്രിസ്ത്യാനികള്‍, മുസ്ലിം എന്നീ മതങ്ങള്‍ നിരവധി മതവിഭാഗങ്ങളുണ്ട്. അതിനെല്ലാം ഉപരി ഹിന്ദു മതത്തില്‍ മാത്രമായി നിരവധി വിഭാഗങ്ങളുമുണ്ട്. അതിനാല്‍തന്നെ ഏകീകൃത സിവില്‍ക്കോഡ് എന്ന സാങ്കല്‍പ്പിക പദം മാറ്റിവെച്ച് എന്താണ് രാജ്യത്ത് നടപ്പാക്കാന്‍ പോകുന്നത് ജനാധിപത്യപരമായി ചര്‍ച്ചയ്ക്ക് വിധേയമാക്കണം. അത് ജനങ്ങളോട് തുറന്നു പറയണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
നേരത്തെ, ബിജെപി അനുകൂല പ്രസ്താവനയുടെ പേരില്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നേതാവായിരുന്നു തലശ്ശേരി ആര്‍ച്ച് ബിഷപ്പ്. റബ്ബറിന് മുന്നൂറ് രൂപ ലഭിച്ചാല്‍ ബിജെപിയെ സഹായിക്കുന്നത് പരിഗണിക്കും എന്നായിരുന്നു ബിഷപ്പ് പാംപ്ലാനിയുടെ പ്രതികരണം.