'എല്ലാം നഷ്ടപ്പെട്ടു, പക്ഷേ മരിക്കാനില്ല, നീതി ലഭിക്കണം'; മണിപ്പൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടികൾ
''ഇനിയൊരിക്കലും ഒന്നും പഴയതുപോലെയാകില്ല, ആരെയും അഭിമുഖീകരിക്കാന്‍ വയ്യ, ഞങ്ങള്‍ക്ക് ആത്മാഭിമാനമുള്‍പ്പടെ എല്ലാം നഷ്ടപ്പെട്ടു, പക്ഷേ അതിന്റെ പേരില്‍ മരിക്കില്ല. ഇനിയൊരു സ്ത്രീക്കും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ ജീവിക്കും, അതിനായി ശബ്ദമുയര്‍ത്തും... ഉറച്ച ശബ്ദത്തില്‍ ഇതുപറയുമ്പോഴും ആ വനിതകളുടെ കണ്ണുകളില്‍ ആ നടക്കുന്ന ഓര്‍മകളുടെ വിഹ്വലതകള്‍ കാണാം.
ആറു മാസമാകുന്നു അവര്‍ ഇരുളടഞ്ഞ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ തുടങ്ങിയിട്ട്. അവരുടെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട് വെറിപൂണ്ട ആള്‍ക്കൂട്ടത്തിന്റെ ആക്രോശങ്ങളും അട്ടഹാസവും. മണിപ്പൂരില്‍ വംശീയകലാപത്തിനിടെ മെയ്തി ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത രണ്ട് സ്ത്രീകളുടെ ദൃശ്യങ്ങള്‍ രാജ്യത്തെ ഒന്നടങ്കം നടുക്കുകയും ലോകസമൂഹത്തിനു മുന്നില്‍ നാണംകെടുത്തുകയും ചെയ്ത ഒന്നാണ്. സംഭവം നടന്ന് ആറു മാസത്തിനു ശേഷം ഇപ്പോള്‍ ബ്രിട്ടീഷ് മാധ്യമമായ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും തങ്ങൾക്കുണ്ടായ അനുഭവങ്ങളും അതുണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ്...
ഒരു വീടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിലാണ് ഇന്ന് ഇരുവരുടെയും ജീവിതം. പേടിയോടെയാണ് വീടിന് പുറത്തേക്കിറങ്ങുന്നതെന്ന് ഇരുവരും പറയുന്നു
ആക്രമിക്കപ്പെടുമ്പോൾ ഇവരില്‍ ഒരാള്‍ കോളജ് വിദ്യാര്‍ഥിനിയും മറ്റൊരാള്‍ ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്ന കുടുംബിനിയുമായിരുന്നു. മെയ്തി ആൾകൂട്ടം തങ്ങളോട് മൃഗത്തെപോലെയാണ് പെരുമാറിയതെന്ന് കോളേജ് വിദ്യാർഥിയായ പെൺകുട്ടി പറയുന്നു. "ആൾക്കൂട്ട ആക്രമണത്തിന്റെ ആഘാതത്തിൽനിന്ന് കരകയറാൻ ബുദ്ധിമുട്ടുമ്പോഴായിരുന്നു ദൃശ്യങ്ങൾ പുറത്തുവന്നത്. അതോടുകൂടി ജീവിക്കാനുള്ള പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു. ഇപ്പോഴും ആൾക്കൂട്ടത്തെ നേരിടാൻ ഭയമാണ്. ഇനിയൊരിക്കലും ജനിച്ചുവളർന്ന ഗ്രാമത്തിലേക്ക് തിരിച്ചുപോകില്ല. അവിടെപോയാൽ മെയ്തി വിഭാഗത്തിലെ അയൽക്കാരെ കാണേണ്ടി വരും. അവരുമായി ബന്ധപ്പെടാൻ ഇനിയൊരിക്കലും സാധിക്കില്ല," പെൺകുട്ടി പറഞ്ഞു.
സംഭവം നടക്കും മുമ്പ് കുക്കി-മെയ്തി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഒരുമിച്ചു പഠിച്ചിരുന്ന കോളജിലായിരുന്നു പെണ്‍കുട്ടിയും പഠിച്ചിരുന്നത്. മെയ്തി വിഭാഗത്തില്‍ നിന്നുള്ള ഒരുപാട് സുഹൃത്തുക്കളുമുണ്ടായിരുന്നു. എന്നാല്‍ ഇനി ആ വിഭാഗത്തില്‍ നിന്നുള്ള ഒരാളെയും കണ്ടുമുട്ടാൻ താത്പര്യമില്ലെന്നും പെൺകുട്ടി പറഞ്ഞു. പിതാവിനെയും സഹോദരനെയും ആൾകൂട്ടം തന്റെ മുൻപിലിട്ടാണ് കൊന്നതെന്നും പെൺകുട്ടി ഓർത്തെടുക്കുന്നു. അവരുടെ മൃതദേഹങ്ങൾ എവിടെയാണെന്ന് പോലും അറിയില്ല. അതുപോയി തിരക്കാനും തനിക്ക് കഴിയില്ലെന്നും പെൺകുട്ടി വിഷമത്തോടെ പറഞ്ഞു.
ആക്രമിക്കപ്പെടുന്നതിന് മുൻപ് കുടുംബത്തോടൊപ്പം സന്തോഷത്തോടെ താമസിക്കുകയായിരുന്ന സ്ത്രീ സമീപത്തുള്ള ക്രിസ്ത്യന്‍ പള്ളിയിലെ നിത്യസന്ദർശകയായിരുന്നു. എന്നാൽ ആക്രമണത്തിനുശേഷം പിന്നീടൊരിക്കലും പള്ളിയിലേക്ക് പോയിട്ടില്ലെന്ന് സ്ത്രീ പറഞ്ഞു. നിലവിൽ രണ്ടുപേരും മറ്റൊരു പട്ടണത്തിൽ ഒളിവിലെന്ന പോലെയാണ് താമസിക്കുന്നത്. "എന്റെ വിഭാഗത്തിൽ നിന്നുള്ളവരെ ഉൾപ്പെടെ സംബോധന ചെയ്യാൻ ഇപ്പോൾ ബുദ്ധിമുട്ടാണ്. എന്റെ അഭിമാനം നഷ്ടമായി. ഞാനൊരിക്കലും പഴയതുപോലെ ആകില്ല,"സ്ത്രീ അഭിമുഖത്തിനിടെ പറഞ്ഞു.
ഒരു വീടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിലാണ് ഇന്ന് ഇരുവരുടെയും ജീവിതം. പേടിയോടെയാണ് വീടിന് പുറത്തേക്ക് ഇറങ്ങുന്നതെന്ന് ഇരുവരും പറയുന്നു. തങ്ങളുടെ ഗ്രാമവും പള്ളിയുമെല്ലാം ആൾകൂട്ടം അഗ്നിക്കിരയാക്കിയപ്പോൾ സഹായത്തിന് പോലീസിനെ വിളിച്ചിരുന്നു. എന്നാൽ അവരെത്തിയില്ല.
തങ്ങൾക്ക് സുരക്ഷിതവും സമാധാനപരവുമായ ജീവിതത്തിന് കുക്കി വിഭാഗങ്ങൾക്ക് പ്രത്യേക ഭരണാവകാശം നൽകുക മാത്രമാണ് വഴിയെന്നും വനിതകൾ പറയുന്നു
മുടങ്ങിപ്പോയ പഠനം പുനരാരംഭിക്കണമെന്നാണ് കരുതുന്നതെന്ന് പെൺകുട്ടി പറഞ്ഞു. പോലീസിലോ സൈന്യത്തിലോ ചേരണമെന്നാണ് ആഗ്രഹം. എല്ലാവരോടും പക്ഷപാതരഹിതമായി പെരുമാറണം. "ഞങ്ങൾക്ക് എന്തുവിലകൊടുത്തും നീതി ലഭിക്കണം. ഇനിയൊരു സ്ത്രീക്കും തങ്ങളുടെ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഞങ്ങൾ സംസാരിച്ചു കൊണ്ടേയിരിക്കുന്നത്," പെൺകുട്ടി പറഞ്ഞു. സ്ത്രീയോട് ഒരിക്കലും അനാദരവ് കാണിക്കാൻ പാടില്ലെന്ന് എല്ലാ അമ്മമാരും കുട്ടികളെ പഠിപ്പിക്കണമെന്ന് സ്ത്രീയും ആവശ്യപ്പെട്ടു.
തന്റെ ഭാര്യയെ ആൾകൂട്ടം ആക്രമിക്കുമ്പോൾ തനിക്ക് ഒന്നും ചെയ്യാനാകാത്തതിൽ വിഷമവും ദേഷ്യവും തോന്നുന്നുവെന്ന് സ്ത്രീയുടെ ഭർത്താവ് പറഞ്ഞു. "അതെന്റെ ഹൃദയം തകർക്കുന്നു. അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ആരെയെങ്കിലും കൊല്ലാൻ തോന്നുന്നു,'' അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് സുരക്ഷിതവും സമാധാനപരവുമായ ജീവിതത്തിന് കുക്കി വിഭാഗങ്ങൾക്ക് പ്രത്യേക ഭരണാവകാശം നൽകുക മാത്രമാണ് വഴിയെന്നും വനിതകൾ തറപ്പിച്ച് പറയുന്നു. സംസ്ഥാന സർക്കാരിൽ വിശ്വാസമില്ലെന്നും കുക്കി വിഭാഗങ്ങളോട് പക്ഷപാതം കാണിക്കുന്നുവെന്നും അവർ ആരോപിക്കുന്നു.
മേയ് മൂന്നിന് ആരംഭിച്ച മണിപ്പൂർ കലാപത്തിൽ കുക്കി വിഭാഗത്തിൽ നിന്നുള്ള ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്തെ 43 ശതമാനം വരുന്ന മെയ്തി വിഭാഗത്തിന് ആദിവാസി പദവി ആവശ്യപ്പെട്ടതായിരുന്നു കലാപത്തിന്റെ അടിസ്ഥാന കാരണം. മെയ്തെയ് വിഭാഗത്തിന്റെ ആവശ്യം പരിഗണിക്കണമെന്ന കോടതി ഉത്തരവിനെതിരെ കുക്കി വിഭാഗം നടത്തിയ പ്രതിഷേധം അക്രമാസക്തമായതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.