ഡല്‍ഹി മദ്യനയം; മനീഷ് സിസോദിയ ഒന്നാം പ്രതി, 15 പേര്‍ക്കെതിരേ എഫ്ഐആര്‍
ഡല്‍ഹിയിലെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പടെ 15 പേര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു . സിസോദിയയ്ക്കു പുറമേ ഉയര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരാണ് പട്ടികയിലുള്ളതെന്നു സിബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
11 പേജുള്ള കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരേ ക്രിമിനല്‍ ഗൂഡാലോചന, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നിവയും ചാര്‍ജ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടു സിസോദിയ ഉള്‍പ്പടെയുള്ളവരുടെ വസതികളിലും വീടുകളിലും റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ എക്‌സ്‌സൈസ് നയം രൂപീകരിക്കുന്നതില്‍ സിസോദിയ ഉള്‍പ്പടെയുള്ള പ്രതികള്‍ നേരിട്ട് ഇടപെട്ടതിനു വ്യക്തമായ തെളിവുകളുണ്ടെന്നും മദ്യ ഷോപ്പ് ഉടമകള്‍ക്ക് അനുകൂലമായ തരത്തില്‍ നയത്തില്‍ ഭേദഗതികള്‍ വരുത്താന്‍ ശ്രമിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു.
ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ തന്നെ മദ്യശാലകള്‍ ആരംഭിക്കാനും മറ്റുമുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനു ലഭിക്കത്തക്ക വിധത്തില്‍ പുതിയ മദ്യനയത്തിനായാണ് എക്‌സൈസ് മന്ത്രി കൂടിയായ സിസോദിയ ശ്രമിച്ചതെന്നും ഇതു മദ്യഷോപ്പ് ഉടമകളുടെ തല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും സിബിഐ എഫ്ഐആറില്‍ വ്യക്തമാക്കുന്നു. പുതിയ മദ്യനയം കഴിഞ്ഞ വര്‍ഷം നവംബറിലാണ് നടപ്പിലാക്കിയത്. എന്നാല്‍ ഇത് വിവാദമായതിനേത്തുടര്‍ന്ന് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ ഇക്കഴിഞ്ഞ ജൂലൈ 30-ന് പിന്‍വലിച്ചിരുന്നു.
ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമനും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വലംകൈയുമായ സിസോദിയയ്‌ക്കെതിരായ ആരോപണം പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ അന്വേഷണ സംഘത്തെ വച്ചു കേന്ദ്ര സര്‍ക്കാര്‍ കളിക്കുന്ന പൊറാട്ട് നാടകമാണിതെന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്.
വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ സിസോദിയ നടത്തിയ പരിഷ്‌കാരങ്ങള്‍ രാജ്യത്തിന് അകത്തും പുറത്തും ശ്രദ്ധപിടിച്ചു പറ്റിയ സാഹചര്യത്തില്‍ അദ്ദേഹത്തെ കരിവാരിത്തേക്കാന്‍ കേന്ദ്രം നടത്തുന്ന ഹീനമായ നീക്കമാണിതെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പടെയുള്ള രാജ്യാന്തര മാധ്യമങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ അച്ചടിച്ചു വന്നിരുന്നു.