മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് ഇ ഡി; നടപടി സിബിഐ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പുതിയ മദ്യനയം രൂപീകരിക്കുന്നതിനിടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഇ ഡിയുടെ അറസ്റ്റ്. സിസോദിയയെ നാളെ ഇ ഡി കോടതിയിൽ ഹാജരാക്കും. മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന സിസോദിയയുടെ ജാമ്യാപേക്ഷ നാളെ സിബിഐ കോടതി പരിഗണിക്കാനിരിക്കുകയാണ്. സിബിഐയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ നിലവിൽ ഡൽഹി തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിസോദിയ.
സിസോദിയയെ വീണ്ടും കുരുക്കിലാക്കുന്നതാണ് പുതിയ അറസ്റ്റ്. സിബിഐ കേസിൽ ജാമ്യം ലഭിച്ചാലും ഇ ഡി കേസ് നിലനിൽക്കുന്നതിനാൽ ജയിൽ മോചിതനാകാൻ സാധിച്ചേക്കില്ല. സിസോദിയയെ എന്ത് വിലകൊടുത്തും ജയിലിനുള്ളിൽ തന്നെ ഇടുക എന്ന ലക്ഷ്യത്തോടെയാണ് ഇ ഡി നടപടിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.
"മനീഷ് സിസോദിയയെ ആദ്യം അറസ്റ്റ് ചെയ്ത സിബിഐക്ക് തെളിവുകളൊന്നും കണ്ടെത്താനായില്ല. നാളെ പരിഗണിക്കുന്ന ജാമ്യാപേക്ഷയിൽ സിസോദിയയ്ക്ക് ജാമ്യം ലഭിച്ചേക്കാം. അതുകൊണ്ടാണ് ഇന്ന് ഇ ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അവർക്ക് ഒരൊറ്റ ലക്ഷ്യമേ ഉള്ളു. ദിനംപ്രതി വ്യാജ കേസുകൾ ഉണ്ടാക്കി സിസോദിയയെ ഉള്ളിൽ തന്നെ കിടത്തുക. ആളുകൾ ഇതെല്ലാം കാണുന്നുണ്ട്. അവർ ഇതിന് മറുപടി നൽകും" കെജ്രിവാൾ ട്വീറ്റ് ചെയ്തു.
ഫെബ്രുവരി 26ന് വൈകിട്ടാണ് ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് പിന്നാലെ സിസോദിയ ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് എഫ്ഐആർ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഹൈക്കോടതിയെ സമീപിക്കാതെ, സുപ്രീംകോടതിയെ സമീപിച്ചത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
ആദ്യം അഞ്ച് ദിവസത്തേക്കാണ് സിസോദിയയെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. അന്വേഷണവുമായി സിസോദിയ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സിബിഐ കസ്റ്റഡി മൂന്ന് ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് രണ്ട് ദിവസത്തേക്ക് കൂടി ഡൽഹി റോസ് അവന്യൂ പ്രത്യേക കോടതി കാലാവധി നീട്ടി നൽകുകയും മാർച്ച് പത്തിന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഇഡിയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.