'ബജറ്റ് തയ്യാറാക്കാനുണ്ട്'; മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയമില്ലെന്ന് സിസോദിയ
ഡല്‍ഹി മദ്യനയ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ധനമന്ത്രി കൂടിയായ തനിക്ക് ബജറ്റ് തയ്യാറാക്കേണ്ടതിനാല്‍ ഇന്ന് ഹാജരാകാന്‍ സാധിക്കില്ലെന്നും സമന്‍സ് നീട്ടി വെക്കണമെന്ന് സിബിഐയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മനീഷ് സിസോദിയ വ്യക്തമാക്കി. ഞായറാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനായിരുന്നു മനീഷ് സിസോദിയയ്ക്ക് നല്‍കിയിരുന്ന നിര്‍ദേശം.
സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട വിവരം മനീഷ് സിസോദിയ തന്നെയാണ് ട്വീറ്റ് ചെയ്തത്. 'എനിക്കെതിരെ സിബിഐയുടെയും ഇഡിയുടെയും മുഴുവന്‍ അധികാരവും ഉപയോഗിച്ചു. വീട് റെയ്ഡ് ചെയ്തു, ബാങ്ക് ലോക്കര്‍ പരിശോധിച്ചു. എന്നിട്ടും അവര്‍ക്ക് ഒന്നും കണ്ടെത്താനായിട്ടില്ല. അന്വേഷണവുമായി ഞാന്‍ എപ്പോഴും സഹകരിച്ചിട്ടുണ്ട്, അതിനിയും തുടരും' സിസോദിയ ട്വീറ്റ് ചെയ്തു.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മൂന്ന് മാസത്തിന് ശേഷമാണ് മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17 ന് മനീഷ് സിസോദിയയെ ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലും ബാങ്ക് ലോക്കറുകളിലും പരിശോധന നടത്തിയെങ്കിലും അന്വേഷണം പുരോഗമിക്കുന്നതിനാല്‍ സിസോദിയയെ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഡല്‍ഹി എക്‌സൈസ് നയം പരിഷ്ക്കരിച്ചപ്പോള്‍ മദ്യലോബിയുടെ ഒത്താശയോടെ ക്രമക്കേടുകള്‍ നടന്നുവെന്നാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.