മൻ കീ ബാത്തിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ആദ്യപ്രദർശനം നാളെ

മൻ കീ ബാത്തിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ആദ്യപ്രദർശനം നാളെ

വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് ഹിസ്റ്ററി ടിവി18- ല്‍ മന്‍ കീ ബാത്ത് ഭാരത് കി ബാത്ത് പ്രദർശിപ്പിക്കും
Updated on
1 min read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്ത് പരിപാടിയുമായി ബന്ധപ്പെട്ട മന്‍ കീ ബാത്ത് ഭാരത് കീ ബാത്ത് ഡോക്യുമെന്‌ററിയുടെ ആദ്യ പ്രദര്‍ശനം നാളെ. വെള്ളിയാഴ്ച രാത്രി എട്ടുമണിക്കാണ് ഹിസ്റ്ററി ടിവി18 നില്‍ ആദ്യ സംപ്രേഷണം നടക്കുക.

2014 ഒക്ടോബര്‍ മൂന്നിനാണ് മന്‍ കീ ബാത്ത് എന്ന പേരില്‍ പ്രതിമാസ റേഡിയോ പരിപാടി പ്രക്ഷേപണം ആരംഭിച്ചത്. ദേശീയ പ്രാധാന്യമുള്ള തിരഞ്ഞെടുത്ത വിഷയത്തില്‍ പൊതുജനങ്ങളോട് സംവദിക്കുന്നതാണ് പരിപാടി. മന്‍ കീ ബാത്ത് 100 എപ്പിസോഡ് പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് ഡോക്യുമെന്‌ററി തയ്യാറാക്കിയത്. ഈ വര്‍ഷം ഏപ്രില്‍ 30നാണ് മന്‍ കീ ബാത്തിന്‌റെ 100-ാം അധ്യായം പ്രക്ഷേപണം ചെയ്തത്.

എങ്ങനെയാണ് ഒരു പ്രതിമാസ റേഡിയോ പരിപാടി പൊതുജനങ്ങള്‍ക്ക് ഭരണാധികാരിയുമായി സംവദിക്കാനുള്ള വേദിയായി മാറിയതെന്നതിന്‌റെ ഉത്തമ ഉദാഹരണമാണ് മന്‍ കീ ബാത്ത്. 100 എപ്പിസോഡുകളിലൂടെ പരിചയപ്പെടുത്തിയ എണ്ണമറ്റ പ്രചോദന കഥകള്‍ ഡോക്യുമെന്‌ററിയില്‍ പ്രതിപാദിക്കുന്നുണ്ട്. പ്രധാനമന്ത്രിയെ പ്രചോദിപ്പിച്ച നിരവധി പേരെ ഡോക്യുമെന്‌ററി മുന്നോട്ടുകൊണ്ടുവരുന്നു. ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ പോലുമുള്ളവരുടെ ജീവിതത്തില്‍ മന്‍കീ ബാത്ത് ഉണ്ടാക്കിയ മാറ്റം പ്രശംസനീയമാണ്.

സാര്‍വത്രിക വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങി വിവിധങ്ങളായ വിഷയങ്ങള്‍ മന്‍ കീ ബാത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. യോഗയെ കൂടുതല്‍ ജനകീയമാക്കാനും പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കാനും മന്‍കീ ബാത്ത് കാരണമായെന്ന് ഡോക്യുമെന്‌ററിയില്‍ പറയുന്നു. കോവിഡ് സമയത്ത് ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് ശരിയായ വിവരങ്ങള്‍ ആളുകളിലെത്തിക്കുന്നതിനും ഇത് സഹായകമായി. ലളിതമായ ഭാഷയില്‍ ജനങ്ങളിലെത്തുംവിധമാണ് ഡോക്യുമെന്‌ററി തയ്യാറാക്കിയത്.

logo
The Fourth
www.thefourthnews.in