ഹരിയാനയിൽ യുപി മോഡൽ 'ബുൾഡോസർ നടപടി'യുമായി മനോഹർ ലാൽ ഖട്ടാർ; ടൗരുവിൽ നിരവധി കുടിലുകൾ തകർത്തു
വർഗീയസംഘർഷത്തിനിടെ ഹരിയാനയിൽ യുപി മോഡൽ ബുൾഡോസർ നടപടിയുമായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. അക്രമം നടന്ന നൂഹിൽ നിന്ന് 20 കിലോമീറ്റർ അകലെ ടൗരുവിൽ സർക്കാർ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് നിരവധി കുടിലുകൾ തകർത്തു. മേഖലയിലെ താമസക്കാരിൽ ബംഗ്ലാദേശികളുമുണ്ടെന്ന വിവരത്തെ തുടർന്നാണ് നടപടിയെന്നാണ് സർക്കാർവൃത്തങ്ങൾ നൽകുന്ന സൂചന.
അസമിൽനിന്ന് എത്തിയ മുസ്ലീങ്ങളാണ് ടൗരുവിലെ താമസക്കാരിലേറെയും. ഈമേഖലയിൽ നിന്നുള്ളവരാണ് സംസ്ഥാനത്തെ വർഗീയ കലാപത്തിന് പിന്നിലെന്ന് ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയും ആരോപിച്ചിരുന്നു. പിന്നാലെയാണ് ബുൾഡോസർ ഉപയോഗിച്ച് കുടിലുകൾ പൊളിക്കുന്ന നടപടികളിലേക്ക് കടന്നത്. 250ലേറെ കുടിലുകളാണ് ഇവിടെയുള്ളത്. വർഗീയ സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസിനെ വിന്യസിച്ചതിനിടെയായിരുന്നു പൊളിച്ചുനീക്കൽ. വിവിധ സർക്കാർ വകുപ്പുകളാണ് പൊളിച്ചുനീക്കലിന് നേതൃത്വം നൽകുന്നത്.
ഹരിയാനയിലെ ഗുരുഗ്രാമിന് സമീപമുള്ള നൂഹിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്കിടെയാണ് സംഘർഷങ്ങൾക്ക് തുടക്കം. നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിന് സമീപം റാലിക്ക് നേരെ ഒരു സംഘം ആളുകള്‍ കല്ലെറിഞ്ഞതിന് പിന്നാലെ, അക്രമപരമ്പര അരങ്ങേറുകയായിരുന്നു. ഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പുറത്തുനിന്നുളളവർക്ക് പങ്കുണ്ടെന്നാണ് പോലീസും ഭരണകൂടവും ആരോപിക്കുന്നത്. യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് മാതൃകയിൽ ഹരിയാനയിലും ബുൾഡോസർ നടപടിയുണ്ടാകുമെന്ന് മനോഹർ ലാൽ ഖട്ടാർ രണ്ട് ദിവസം മുൻപ് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടിയേറ്റക്കാരുടെ കുടിലുകൾ പൊളിച്ചുനീക്കുന്നതിലേക്ക് കടന്നത്.
ജൂലൈ അവസാനം ആരംഭിച്ച സംഘർഷത്തിൽ നിരവധി വീടുകളും പളളികളും കടകളും കലാപകാരികൾ തകർത്തിരുന്നു. ബുധനാഴ്ച രാത്രിയോടെ ടൗരുവിലെ രണ്ട് മുസ്ലീം പള്ളികൾ തകർക്കാൻ ശ്രമം നടന്നിരുന്നു. ആറുപേരാണ് സംസ്ഥാനത്ത് ഇതുവരെ വർഗീയ കലാപത്തിൽ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരെ 175ലേറെ പേരെ അറസ്റ്റ് ചെയ്യുകയും 90 ലധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 41 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കലാപം കെട്ടടങ്ങാത്ത സാഹചര്യത്തിൽ ഗുരുഗ്രാമിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾ നടന്നില്ല. ജനങ്ങളോട് വീടുകളിൽ ഇരുന്ന് പ്രാർത്ഥിക്കാൻ മതനേതാക്കൾ നിർദേശിച്ചു.