മാവോയിസ്റ്റ് ബന്ധ കേസ്: ജി എൻ സായിബാബ ഉൾപ്പെടെ ആറു പേർ കുറ്റവിമുക്തർ

മാവോയിസ്റ്റ് ബന്ധ കേസ്: ജി എൻ സായിബാബ ഉൾപ്പെടെ ആറു പേർ കുറ്റവിമുക്തർ

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റേതാണ് വിധി
Updated on
2 min read

മാവോയിസ്റ്റ് ബന്ധമാരോപിച്ച് ചുമത്തിയ യു എ പി എ കേസിൽ ഡൽഹി യൂണിവേഴ്സിറ്റി മുൻ പ്രൊഫസർ ജിഎൻ സായിബാബ കുറ്റവിമുക്തൻ. സായി ബാബയെ കൂടാതെ മറ്റ് അഞ്ചു പേരെ കൂടി വെറുതെവിട്ടുകൊണ്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ശരീരത്തിന്റെ ഭൂരിഭാഗവും തളർന്ന, അൻപത്തി അഞ്ചുകാരനായ സായിബാബയെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് 2014ലാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹം ഉൾപ്പെടെ ആറ് കുറ്റാരോപിതരെയും 2017ൽ ഗഡ്‌ചിറോളി സെഷൻസ് കോടതി ശിക്ഷിച്ചു. എന്നാൽ ഇവരെ 2022 ഒക്ടോബർ 14 ന് ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് കുറ്റവിമുക്തരാക്കിയിരുന്നു. ആരോപണങ്ങൾക്ക് വ്യക്തമായ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.

ഇതിനെതിരെ മഹാരാഷ്ട്ര സർക്കാരിന്റെ ഹർജിയിൽ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയും കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിക്ക് നിർദേശം നൽകുകയും ചെയ്തു. കേസ് ഇപ്പോൾ പരിഗണിച്ച ബെഞ്ചിൽനിന്ന് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നും സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് നാഗ്പൂർ ബെഞ്ച് കേസ് വീണ്ടും പരിഗണിച്ചതും ആറ് പേരെയും കുറ്റവിമുക്തരാക്കിയതും. ജസ്റ്റിസ് വിനയ് ജോഷിയും ജസ്റ്റിസ് വാല്‍മീകി എസ് എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

മാവോയിസ്റ്റ് ബന്ധ കേസ്: ജി എൻ സായിബാബ ഉൾപ്പെടെ ആറു പേർ കുറ്റവിമുക്തർ
ഇസ്രയേലിലെ ഹമാസ് ആക്രമണങ്ങളിൽ ലൈംഗികാതിക്രമങ്ങളും; വിശ്വസനീയ വിവരങ്ങൾ ലഭിച്ചെന്ന് യുഎൻ

റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള ബന്ധമാണ് കേസിനാധാരം. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട സംഘടനയാണ് ഇത്. ആർഡിഎഫ് പോലുള്ള സംഘടനകളുടെ മറവിൽ സിപിഐ മാവോയിസ്റ്റിനു വേണ്ടി പ്രവർത്തിച്ചുവെന്നതായിരുന്നു സായിബാബയ്‌ക്കെതിരായ ആരോപണം.

ഗഡ്‌ചിറോളി സെഷൻസ് കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് സായിബാബയുൾപ്പെടെ ആറു പേർ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെത്തുടർന്നാണ് 2022 ഒക്ടോബറിൽ അനുകൂല വിധിയുണ്ടായത്.

മാവോയിസ്റ്റ് ബന്ധ കേസ്: ജി എൻ സായിബാബ ഉൾപ്പെടെ ആറു പേർ കുറ്റവിമുക്തർ
മോന്‍സൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരൻ രണ്ടാം പ്രതി, ക്രെെംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

പാണ്ഡു പൊരാ നരോത്തെ, മഹേഷ് ടിർക്കി, ഹേം കേശ്വദത്ത മിശ്ര, പ്രശാന്ത് രാഹി, വിജയ് നാൻ ടിർക്കി എന്നിവരാണ് മറ്റ് പ്രതികൾ. പാണ്ഡു 2022 ഓഗസ്റ്റിൽ മരിച്ചിരുന്നു. മഹേഷ് ടിർക്കി ഒഴികെയുള്ളവർക്കെല്ലാം ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. നാഗ്പുർ സെൻട്രൽ ജയിലിലാണ് ഇവർ കഴിയുന്നത്.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 12 ബി, യുഎപിഎയിലെ 13, 18, 20, 38, 39 വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. ലഘുലേഖകളും ഇലക്ട്രോണിക് തെളിവുകളുമാണ് സായിബാബ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കോടതിയിൽ ഹാജരാക്കിയത്. അബുസ്മദ് കാടുകളിൽ കഴിയുന്ന മാവോയിസ്റ്റുകൾക്ക് സായിബാബ 16 ജിബിയുടെ മെമ്മറി കാർഡ് കൈമാറിയെന്നതാണ് കേസിൽ നിർണായക സംഭവമായി പോലീസ് ആരോപിച്ചത്.

വർഷങ്ങളായി വീൽചെയറിനെ ആശ്രയിച്ച് ജീവിക്കുന്ന സായിബാബയെ കേസില്‍ കുടുക്കിയതാണെന്നും ഏഴ് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞതോടെ ആരോഗ്യം മോശമായെന്നും കൈകാലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹത്തിന്‌റെ ഭാര്യ വസന്ത കുമാരി അന്നുതന്നെ പറഞ്ഞിരുന്നു. പോളിയോ പക്ഷാഘാത ബാധിതനായിരുന്ന അദ്ദേഹം ആരോഗ്യ കാരണങ്ങളാൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ അപേക്ഷ നൽകിയിരുന്നു. വൃക്ക-സുഷുമ്‌നാ നാഡി സംബന്ധമായ പ്രശ്‌നങ്ങൾ ഉൾപ്പെടെ ഒന്നിലധികം രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in