ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് വേട്ട; ദന്തേവാഡയില്‍ 30 പേരെ വെടിവച്ചുകൊന്നു

ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് വേട്ട; ദന്തേവാഡയില്‍ 30 പേരെ വെടിവച്ചുകൊന്നു

ദന്തേവാദയിലെയും നാരായണ്‍പൂരിലെയും ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ്‌സ് സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് വെടിവെയ്പ് ഉണ്ടായത്
Updated on
1 min read

രണ്ടര പതിറ്റാണ്ടിനിടയില്‍ ഛത്തീസ്ഗഡില്‍ നടന്ന ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയില്‍ 30 പേരെ സുരക്ഷാ സേന വെടിവച്ചു കൊന്നു. മാവോയിസ്റ്റ് ശക്തികേന്ദ്രമായ ദന്തേവാഡ ജില്ലയിലെ അബുജമാദില്‍ നടന്ന എന്‍കൗണ്ടറിലാണ് 30 മാവോയിസ്റ്റുകളെ വധിച്ചത്. ദന്തേവാദയിലെയും നാരായണ്‍പൂരിലെയും ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ്‌സ് സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് വെടിവെയ്പ് ഉണ്ടായത്.

മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനമേഖലയില്‍ ദൗത്യസംഘം തിരച്ചിലിനിറങ്ങിയത്. തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ പോലീസിനു നേര്‍ക്ക് വെടിയുതിര്‍ത്തതായും പോലീസ് നടത്തിയ തിരിച്ചടിയിലാണ് 30 പേര്‍ കൊല്ലപ്പെട്ടതെന്നും ദന്തേവാദ പോലീസ് സൂപ്രണ്ട് അറിയിച്ചു.

ഈ വര്‍ഷം ഛത്തീസ്ഗഡില്‍ നടക്കുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇന്നത്തേത്. കഴിഞ്ഞ ഏപ്രിലില്‍ പോലീസ് നടത്തിയ തിരച്ചിലിനിടെ 29 മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കാങ്കര്‍ ജില്ലയിലെ ബസ്തര്‍ മേഖലയിലായിരുന്നു അന്ന് ഏറ്റുമുട്ടല്‍ നടന്നത്.

ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് വേട്ട; ദന്തേവാഡയില്‍ 30 പേരെ വെടിവച്ചുകൊന്നു
'വിധിയില്‍ തെറ്റില്ല': പട്ടികജാതി സംവരണത്തില്‍ ഉപവര്‍ഗീകരണം ആകാമെന്ന വിധിക്കെതിരായ അപ്പീല്‍ തള്ളി സുപ്രീംകോടതി

കീഴടങ്ങിയ മാവോയിസ്റ്റുകളെ ഉള്‍പ്പെടുത്തി പോലീസ് രൂപീകരിച്ച പ്രത്യേക സംഘമാണ് ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്‌സ് എന്നറിയപ്പെടുന്നത്. മാവോയിസ്റ്റ് വേട്ടയ്ക്കായി ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. വനത്തില്‍ സഞ്ചരിച്ചുള്ള പരിചയവും മാവോയിസ്റ്റുകള്‍ തമ്പടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരവും ഉള്ളതിനാലാണ് കീഴടങ്ങിയ മാവോയിസ്റ്റുകളെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തിന് രൂപം നല്‍കിയത്.

സംഘം ഈ വര്‍ഷം ഇതുവരെ നടത്തിയ എന്‍കൗണ്ടറുകളില്‍ ആകെ 187 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയിട്ടുണ്ട്. വിവിധ ഏറ്റുമുട്ടലുകളിലായി 15 സംഘാംഗങ്ങളും 47 സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്നിനാണ് ഇതിനു മുമ്പ് ഏറ്റവും ഒടുവിലായി ഏറ്റുമുട്ടല്‍ നടന്നത്. അന്ന് ആറ് സ്ത്രീകള്‍ അടക്കം ഒമ്പതു മാവോയിസ്റ്റുകളെ പ്രത്യേക സംഘം വധിച്ചിരുന്നു.

logo
The Fourth
www.thefourthnews.in