മറാത്ത സംവരണം: എംഎല്‍എയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

മറാത്ത സംവരണം: എംഎല്‍എയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംവരണ വിഷയം പരിശോധിക്കുന്നതിനായി പ്രത്യേക സമിതിയെ രൂപീകരിച്ചതായി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു
Updated on
1 min read

മഹാരാഷ്ട്രയിലെ 'മറാത്ത സംവരണ' വിഷയത്തില്‍ എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കിയുടെ വീടിന് തീവച്ച് പ്രതിഷേധക്കാർ. ഇന്ന് രാവിലെയാണ് സംഭവം. സംവരണം സാധ്യമാക്കുന്നതിനായി പോരാടുന്ന മനോജ് ജാരംഗ് പാട്ടീലിന്റെ നിരാഹര സമരത്തിനെതിരായ സോളങ്കിയുടെ പരാമർശങ്ങളാണ് കാരണം.

പ്രതിഷേധക്കാർ എംഎല്‍എയുടെ വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന് നേരെ കല്ലെറിയുകയും കേടുവരുത്തുകയും ചെയ്തതായി ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോർട്ട് ചെയ്തു. ''ആക്രമണം നടക്കുമ്പോള്‍ ഞാന്‍ വീടിന് അകത്തുണ്ടായിരുന്നു. ഭാഗ്യവശാല്‍ എന്റെ കുടുംബാംഗങ്ങള്‍ക്കോ ജീവനക്കാർക്കോ പരുക്കേറ്റിട്ടില്ല. വലിയ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്''- വാർത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കവെ സോളങ്കി പറഞ്ഞു.

''ക്വാട്ട വിഷയം ഒരു കുട്ടിക്കളിയായി മാറി''യെന്ന് സോളങ്കി പറയുന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ''ഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത ഒരാള്‍ ഇപ്പോള്‍ വല്ലാത മിടുക്കനായിരിക്കുന്നു'' എന്ന് പാട്ടീലിനെക്കുറിച്ച് സോളങ്കി പറഞ്ഞെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അജിത് പവാർ പക്ഷത്തെ എംഎല്‍എയാണ് സോളങ്കെ.

എംഎല്‍എയുടെ വീടിന് തീവച്ച സംഭവം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ സമ്പൂർണ പരാജയമാണെന്ന് ശരദ് പവാർ പക്ഷത്തെ എംപിയായ സുപ്രിയ സൂലെ വ്യക്തമാക്കി. പ്രതിഷേധം തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും മനോജ് പാട്ടീല്‍ ശ്രദ്ധിക്കണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു. ക്വാട്ട വിഷയം പരിശോധിക്കുന്നതിനായി പ്രത്യേക സമിതിയെ രൂപീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

മറാത്ത സംവരണം: എംഎല്‍എയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ
ഓണ്‍ലൈൻ യോഗത്തിനും യാത്രപ്പടി; കെടിയുവിലെ താത്കാലിക നിയമനങ്ങളിലും സിൻഡിക്കേറ്റ് അംഗങ്ങൾ സ്വാധീനം ചെലുത്തിയെന്ന് ആക്ഷേപം

ക്വാട്ട വിഷയത്തിലെ സർക്കാരിന്റെ നിഷ്ക്രിയത്വം മറാത്ത ജനവിഭാഗത്തിനിടയില്‍ പിരിമുറുക്കം വർധിപ്പിക്കുന്നതിനിടയാക്കിയതായി ശരദ് പവാർ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഒരു പാർട്ടിയെന്ന നിലയില്‍ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. മറ്റ് ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളെ വ്രണപ്പെടുത്താതെ ജാരംഗിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണം. ക്വാട്ട ആവശ്യം ശരിയായ രീതിയില്‍ നടപ്പാക്കേണ്ടതുണ്ട്, പവാർ കൂട്ടിച്ചേർത്തു. മറ്റ് പിന്നാക്ക വിഭാഗ(ഒബിസി)മായി പരിഗണിച്ച് സർക്കാർ ജോലികളിലും വിദ്യാഭ്യാസത്തിലും സംവരണം വേണമെന്നാണ് മറാത്ത വിഭാഗത്തിന്റെ ആവശ്യം.

logo
The Fourth
www.thefourthnews.in