'മഹാരാഷ്ട്രീ'യത്തെ ഉലച്ച് മറാത്ത വിഭാഗത്തിൻ്റെ സംവരണ ആവശ്യം, രാഷ്ട്രീയ നേട്ടത്തിനായി ബിജെപി നീക്കം
ഒരിക്കൽ കൂടി മറാത്ത സംവരണ സമരം മഹാരാഷ്ട്രയെ ഉലയ്ക്കുകയാണ്. മറാത്ത വിഭാഹത്തിൽപെട്ട മുഴുവൻ ഉപവിഭാഗത്തിൽപ്പെട്ടവർക്കും ഒബിസി പദവി നൽകണമെന്ന ആവശ്യം ഉന്നയിച്ച് നടത്തുന്ന പ്രക്ഷോഭങ്ങളാണ് സംസ്ഥാനത്തെ രാഷ്ട്രീയമായി ഉലയ്ക്കുന്നത്. ഇതിൻ്റെ പ്രത്യാഘാതമെന്താവുമെന്നതിനെ കുറിച്ചുള്ള കണക്കുകൂട്ടലുകളും ഒരു വശത്ത് നടക്കുന്നു. മറാത്ത വിഭാഗത്തിൽപ്പെട്ട കുൻബി ഉപവിഭാഗം നിലവിൽ ഒബിസിയിൽ പെട്ടതാണ്.
സമരത്തിനിടെ കഴിഞ്ഞ ദിവസം നാല് പാർട്ടികളിൽ പെട്ട നേതാക്കളുടെ വീടുകളാണ് സമരക്കാർ തീയിട്ടത്.
മറാത്ത നേതാവ് മനോജ് ജാരങ്കെ പാട്ടീൽ നടത്തുന്ന നിരാഹാര സമരം തുടർച്ചയായ എട്ടാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞദിവസം നടന്ന സർവ്വകക്ഷിയോഗം ഏകകണ്ഠമായി സമരം അവസാനിപ്പിക്കണമെന്ന് പാട്ടീലിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. സാഹചര്യം മോശമാകുന്നതിനാൽ ഏഴു ലക്ഷം പേർക്ക് കുൻബി ജാതി സർട്ടിഫിക്കറ്റ് നൽകാനുള്ള ധാരണയിലാണ് മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ സർക്കാർ.
2021ൽ സുപ്രീം കോടതി മറാത്ത വിഭാഗത്തിലെ മുഴുവൻ പേർക്കും സംവരണം ഏർപ്പെടുത്താനുള്ള നീക്കം തടഞ്ഞിരുന്നു. മറാത്ത വിഭാഗത്തിൽ പെട്ട മുഴുവൻ പേർക്കും ഒ ബി സി പദവി നൽകണമെങ്കിൽ നിലവിലുള്ള 50 ശതമാനം സംവരണപരിധി മാറ്റി നിശ്ചയിക്കേണ്ടിവരും.
സംവരണത്തിൽ സാമൂഹികവും സാമ്പത്തികവുമായ നിരവധി കാര്യങ്ങൾ പരിഗണിക്കണമെന്നാണ് വിഷയം പഠിച്ച ഗെയ്ക്‌വാദ് കമ്മിറ്റി നിർദ്ദേശിച്ചത്. സംഘർഷം കനക്കുന്നതിനിടെ ചേർന്ന സർവ്വകക്ഷിയോഗത്തിന്റെ തീരുമാനങ്ങൾ ഒരു കത്തിന്റെ രൂപത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. മറ്റ് ഒ ബി സി വിഭാഗങ്ങളെ ബാധിക്കാത്ത തരത്തിൽ മറാത്ത സംവരണം ഉറപ്പാക്കുമെന്നും മനോജ് ജാരങ്കെ പാട്ടീൽ നിരാഹാരമവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. എന്നാൽ സർവ്വകക്ഷിയോഗത്തിൽ എന്താണ് നടന്നത് എന്ന് തനിക്ക് അറിയേണ്ടെന്നും, തങ്ങൾക്ക് പൂർണ്ണമായും സംവരണം തന്നാൽ മാത്രമേ നിരാഹാരം അവസാനിപ്പിക്കൂ എന്നും മനോജ് ജാരങ്കെ പാട്ടീൽ പ്രതികരിച്ചു.
മഹാരാഷ്ട്രയുടെ ആകെ ജനസംഖ്യയുടെ 30 ശതമാനവും മറാത്ത വിഭാഗമാണ്. ആകെ ഭൂമിയുടെ 75 ശതമാനവും ഈ വിഭാഗത്തിന്റെ തന്നെ കയ്യിലാണ്
സംവരണസമരം കലുഷിതമാവുകയും, വീടുകൾ ഉൾപ്പെടെ നശിപ്പിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തതിനു പിന്നാലെ ഏഴു ലക്ഷത്തോളം പേർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള നീക്കത്തിലാണ് സർക്കാർ. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിൽ രണ്ട് എം പിമാരും ഒരു ബി ജെ പി എം എൽ എയും രാജി വച്ചു. മറാത്ത വിഭാഗം ശക്തമായ വോട്ട് ബാങ്ക് ആയതുകൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടികൾക്ക് ഈ ആവശ്യം തള്ളിക്കളയാനാകില്ല.
സമരം എങ്ങനെ തുടങ്ങി?
1981 മുതൽ സംസ്ഥാനത്ത് മറാത്ത വിഭാഗത്തിന് സംവരണം വേണമെന്ന ആവശ്യമുയരുന്നുണ്ട്. എന്നാൽ അതൊരു പ്രത്യക്ഷ സമരമായി മാറിയത് ഈ ഓഗസ്റ്റ് 29ന് ജൽന ജില്ലയിലെ അന്തർവാലി സാരത്തെ ഗ്രാമത്തിൽ മനോജ് ജാരങ്കെ പാട്ടീൽ എന്ന താരതമ്യേന ചെറിയ മറാത്ത നേതാവ് ആരംഭിച്ച നിരാഹാര സമരത്തെ തുടർന്നാണ്. സെപ്തംബര് ഒന്നിന് സമരക്കാർക്കെതിരെ പോലീസ് ടിയർ ഗ്യാസ് ഉൾപ്പെടെ പ്രയോഗിച്ചതോടെയാണ് സമരം കൂടുതൽ കലുഷിതമായത്. ജാരങ്കെ പട്ടേലിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ച അധികൃതരെ സമരക്കാർ തടയുകയായിരുന്നു. ഒടുവിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മാപ്പുപറയേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. മറാത്താവാഡ പ്രദേശത്തുള്ള എല്ലാവർക്കും കുൻബി സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കുമോ എന്നകാര്യം സർക്കാർ പരിണനയിലാണെന്നാണ് ലഭിക്കുന്ന ഔദ്യോഗിക വിശദീകരണം.
മഹാരാഷ്ട്രയുടെ കിഴക്ക് ഭാഗത്തുള്ള മറാത്താവാഡ പ്രദേശത്തുള്ള മിക്കവാറും ആളുകൾ സാമ്പത്തികമായ പിന്നോക്കാവസ്ഥ നേരിടുന്നവരാണ്. ജാരങ്കെ പാട്ടീൽ സെപ്റ്റംബർ 12 ന് സമരം തത്കാലത്തേക്ക് അവസാനിപ്പിക്കുകയും, സർക്കാരിന് 40 ദിവസം സമയം നൽകുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ ആവശ്യം പരിഗണിച്ചില്ല എന്നതുകൊണ്ട് ഒക്ടോബർ 25 ന് നിരാഹാര സമരം വീണ്ടും ആരംഭിച്ചു. ഉറപ്പുകൾ നല്കുന്നതല്ലാതെ സർക്കാർ കാര്യമായി ഒന്നും ചെയ്തില്ല എന്ന വിമർശനമുന്നയിച്ചാണ് മനോജ് ജാരങ്കെ പാട്ടീൽ വീണ്ടും നിരാഹാരം ആരംഭിച്ചത്.
എന്തുകൊണ്ട് ഇങ്ങനെ ഒരാവശ്യം?
മഹാരാഷ്ട്രയിൽ മറാത്ത വിഭാഗത്തിനുള്ള മേൽകൈ കാരണം തന്നെയാണ് ഇപ്പോഴും സംവരണ ആവശ്യം അംഗീകരിക്കപ്പെടാത്തത്. മറാത്ത വിഭാഗങ്ങൾക്ക് ഒ ബി സി പദവി നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് 2021ൽ സുപ്രീം കോടതി പറഞ്ഞത്. 50 ശതമാനം സംവരണപരിധി എടുത്ത് കളയേണ്ട സാഹചര്യം നിലവിലില്ല എന്നും കോടതി വിലയിരുത്തി. .
മഹാരാഷ്ട്രയുടെ ആകെ ജനസംഖ്യയുടെ 30 ശതമാനവും മറാത്ത വിഭാഗമാണ്. ആകെ ഭൂമിയുടെ 75 ശതമാനവും ഈ വിഭാഗത്തിന്റെ തന്നെ കയ്യിലാണ്. മഹാരാഷ്ട്രയിലെ ആകെയുള്ള 105 പഞ്ചസാര ഫാക്ടറികളിൽ 86 എണ്ണവും മറാത്താ വിഭാഗത്തിന്റെ കൈവശമാണുള്ളത്. ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, സഹകരണ സ്ഥാപനങ്ങളുടെയും ഭരണം മറാത്ത വിഭാഗത്തിന്റെ കൈവശമാണ്. സംസ്ഥാനത്ത് ഇതുവരെ ഉണ്ടായ 20 മുഖ്യമന്ത്രിമാരിൽ 12 പേരും മറാത്ത വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇത്രയധികം പ്രതിനിധീകരിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് ഒ ബി സി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മറാത്ത വിഭാഗം രംഗത്തെത്തുന്നത്?
2014ൽ ഗവേഷകരായ രാജേശ്വരി ദേശ്പാണ്ഡെയും സുഹാസ് പാൽഷികാറും നടത്തിയ പഠനത്തിൽ മറാത്ത വിഭാഗത്തിൽ പെടുന്ന 80 ശതമാനം പേരും ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നും, എന്നാൽ അവർ സമ്പന്നരാണെന്ന് കരുതാനാകില്ലെന്നും പറയുന്നു. അവരിൽ 50 ശതമാനത്തിനു മുകളിൽ ആളുകൾ കൃഷിചെയ്യുന്നവരാണെന്നും, 20 ശതമാനം ഭൂരഹിതരാണെന്നും പഠനം പറയുന്നു.
മഹാരാഷ്ട്രയിൽ സമ്പത്ത് കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത് മുഖ്യമായും സാംഗ്ലി, ഭാരമതി, സത്താര എന്നീ സ്ഥലങ്ങളിലാണെന്നും മറ്റു സ്ഥലങ്ങളിലുള്ള മറാത്ത വിഭാഗത്തിൽ പെടുന്ന ആളുകൾ സാമ്പത്തികമായി വലിയ പിന്നോക്കാവസ്ഥ നേരിടുന്നുണ്ടെന്നും. ക്രിസ്റ്റഫർ ജാഫർലോട്ടിനെ പോലുള്ള സാമൂഹ്യ ചരിത്രകാരന്മാരും, പ്രണവ് ധവാനെ പോലുള്ള ഗവേഷകരും ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് മറാത്തവാഡ ജില്ലയിലെ ബീഡ്, ജൽന എന്നീ പ്രദേശങ്ങളിലുള്ളവർ. എന്നാൽ 2021ൽ സുപ്രീം കോടതി ആവശ്യം തള്ളിയപ്പോൾ ഈ സമൂഹത്തിൽ നിലനിന്നിരുന്ന അസമത്വം കോടതി കണ്ടില്ല എന്നും ക്രിസ്റ്റഫർ ജാഫർലോട്ടും പ്രണവ് ധവാനും പറയുന്നു.
മറാത്ത വിഭാഗത്തിൽ പെട്ടവരുടെ വാർഷിക പ്രതിശീർഷ വരുമാനം ബ്രാഹ്മണരുടെ തൊട്ടു താഴെയാണ്. ആ വരുമാനത്തിന്റെ 48 ശതമാനവും കയ്യാളുന്നത് മറാത്ത വിഭാഗത്തിലെ ഏറ്റവും സമ്പന്നരായ 20 ശതമാനമാണ്. 2014ൽ ഗവേഷകരായ രാജേശ്വരി ദേശ്പാണ്ഡെയും സുഹാസ് പാൽഷികാറും നടത്തിയ പഠനത്തിൽ മറാത്ത വിഭാഗത്തിൽ പെടുന്ന 80 ശതമാനം പേരും ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നും, എന്നാൽ അവർ സമ്പന്നരാണെന്ന് കരുതാനാകില്ലെന്നും പറയുന്നു. അവരിൽ 50 ശതമാനത്തിനു മുകളിൽ ആളുകൾ കൃഷിചെയ്യുന്നവരാണെന്നും, 20 ശതമാനം ഭൂരഹിതരാണെന്നും പഠനം പറയുന്നു.
ഇനി സംവരണം നടപ്പിലാക്കണമെങ്കിൽ ഗെയ്ക്‌വാദ് കമ്മിറ്റി നൽകിയതിൽ നിന്നും വ്യത്യസ്തമായി മറാത്ത വിഭാഗം സംവരണത്തിന് യോഗ്യരാണെന് തെളിയിക്കുന്ന ഒരു ശക്തമായ റിപ്പോർട്ട് ഇപ്പോൾ നിയമിക്കപ്പെട്ട പുതിയ കമ്മിറ്റി നൽകേണ്ടതുണ്ട്
ബി ജെ പിക്ക് ഗുണം ചെയ്യുമോ
തിരഞ്ഞെടുപ്പ് ബഹളങ്ങളിലേക്ക് കടക്കുന്ന മഹാരാഷ്ട്രയിൽ മറാത്ത സംവരണം പ്രധാന ചർച്ച വിഷയമാകുമെന്നതിൽ തർക്കമൊന്നുമില്ല. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. 2024 ആദ്യ പകുതിയിലായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പ്. മുംബൈ, നാഗ്പുർ, പൂനെ, താനെ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മുൻസിപ്പൽ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.
തിരഞ്ഞെടുപ്പുകൾ മഹാരാഷ്ട്രയിൽ ബാക്കി നിൽക്കുമ്പോൾ, അക്രമോല്സുകമായി മാറുന്ന മറാത്ത സംവരണ സമരം ബി ജെ പിക്ക് ഗുണം ചെയ്യുമെന്നാണ് ചില വിലയിരുത്തലുകൾ. സംസ്ഥാനത്ത് ബി ജെ പിക്ക് സ്വാധീനമുള്ളത് ഒ ബി സി വിഭാഗങ്ങൾക്കിടയിലാണ്. മറാത്ത വിഭാഗത്തിന് പൂർണ്ണമായും ഒ ബി സി പദവി നൽകണം എന്ന ആവശ്യമുയരുമ്പോൾ മറ്റെല്ലാ ഒ ബി സി വിഭാഗങ്ങളും അവരുടെ അവസരം നഷ്ടപ്പെടും എന്നാരോപിച്ച് ഒരുമിച്ച് നിൽക്കും. എൻ സി പിയെയും കോൺഗ്രസിനെയും പിന്തുണയ്ക്കുന്ന സമ്പന്നരായ മറാത്ത വിഭാഗങ്ങളല്ല മറിച്ച് കുൻബി വിഭാഗത്തിൽപെടുന്ന സാധാരണക്കാരെയാണ് ബിജെപി ലക്ഷ്യമിടുന്നത്. കോൺഗ്രസിനെതിരെ മറാത്ത ഇതര ഒ ബി സി വിഭാഗങ്ങളെ മുഴുവൻ ഒരുമിപ്പിക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യം.
എന്നാൽ മറാത്ത വിഭാഗത്തെ തള്ളിപ്പറയാൻ ബി ജെ പി തയ്യാറല്ല. പൂർണ്ണ തോതിൽ സംവരണം നടപ്പിലാകാതിരിക്കാൻ കാരണം മുൻസർക്കാരുകളും, മുൻമുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമാണെന്നാണ് ഏക്നാഥ് ഷിൻഡെയുടെ വാദം. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ വന്ന സമയത്ത് മറാത്ത സമുദായത്തിന്റെ പിന്നോക്കാവസ്ഥ ബോധ്യപ്പെടുത്താൻ അന്നത്തെ ഉദ്ദവ് താക്കറെ സർക്കാരിന് സാധിച്ചില്ലെന്നും, ഇനി അങ്ങനെയൊരു അവസ്ഥ ഇനിയുണ്ടാകില്ലെന്നും ഏക്നാഥ് ഷിൻഡെ പറയുന്നു.
ലക്ഷ്യം കാണുമോ ഈ സമരം?
മറാത്ത സംവരണം ആവശ്യപ്പെട്ടു നടത്തുന്ന സമരങ്ങൾ ലക്ഷ്യം കാണാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സുപ്രീം കോടതി 2021 ൽ മുന്നോട്ടു വച്ച വാദങ്ങൾ അനുസരിച്ച് 50 ശതമാനത്തിൽ നിന്നും സംവരണപരിധി ഉയർത്തി മറാത്ത പോലൊരു പ്രബലവിഭാഗത്തിന് സംവരണം നൽകുന്ന കാര്യം നടക്കാൻ സാധ്യതയില്ലെന്നാണ് മനസിലാക്കേണ്ടത്.
. മറ്റൊരു പ്രധാനപ്പെട്ട കാര്യം മറാത്ത വിഭാഗത്തിന് പൂർണ്ണമായും സംവരണം നൽകാൻ തീരുമാനിച്ചാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിൽ പല വിഭാഗങ്ങളും ആവശ്യമുന്നയിച്ച് രംഗത്തെത്തും എന്നതാണ്. ഹരിയാനയിലെ ജാട്ട് വിഭാഗത്തിൽ നിന്നുള്ളവരും ഗുജറാത്തിലെ പട്ടേൽ സമുദായത്തിൽ നിന്നുള്ളവരും ഇതേ ആവശ്യമുന്നയിച്ച് വരാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ മറാത്താ വിഭാഗത്തിന് പൂർണ്ണമായും സംവരണം ലഭിക്കുന്ന അവസ്ഥയുണ്ടാകാൻ സാധ്യതയില്ല.