Supreme Court
Supreme Court

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‌റെ വിരമിക്കലിനു മുമ്പ് ഈ വിഷയത്തില്‍ തീരുമാനമാകാന്‍ സാധ്യതയില്ലെന്ന വസ്തുത കണക്കിലെടുത്താണ് തീരുമാനം
Updated on
2 min read

വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി. ഹർജികൾ പുതിയ ബെഞ്ചിനു കൈമാറും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‌റെ വിരമിക്കലിനു മുൻപ് വിഷയത്തില്‍ തീരുമാനമാകാന്‍ സാധ്യതയില്ലെന്നു കണ്ടാണു തീരുമാനം. നവംബർ 10നാണു ചന്ദ്രചൂഡ് വിരമിക്കുന്നത്.

സമ്മതമില്ലാതെ ഭര്‍ത്താവില്‍നിന്നുള്ള ലൈംഗികബന്ധം ബലാത്സംഗമാണെ എന്നതിലാണു സുപ്രീംകോടതി തീരുമാനെടുക്കാനിരുന്നത്. വിഷയത്തിൽ കേസിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഒക്ടോബര്‍ 17ന് വാദം കേള്‍ക്കാന്‍ തുടങ്ങിയിരുന്നു.

ഇന്ന് ഒരു ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ തന്‌റെ വാദങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു ദിവസമെങ്കിലും എടുക്കുമെന്നു പറഞ്ഞു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മഹാരാഷ്ട്രയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി, കർണാടകയിലെ കേസിൽ ഹർജിക്കാരന്റെ ഭാര്യക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് എന്നിവരും തങ്ങളുടെ വാദം പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം വേണമെന്ന് വാദിച്ചു. ചില പുരുഷാവകാശ സംഘടനകളും തങ്ങളുടെ നിലപാട് അറിയിക്കാൻ സമയം തേടി.

Supreme Court
വൈവാഹിക ബലാത്സംഗത്തെ 'ന്യായീകരിക്കുന്ന' കേന്ദ്രം; സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തില്‍ അവകാശമില്ലെന്ന് പറയുന്ന പുരുഷാധിപത്യ സമീപനങ്ങള്‍...

ഈ ആഴ്ച വാദം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്റെ വിരമിക്കല്‍ ചടങ്ങിനുമുൻപ് വിഷയത്തില്‍ തീരുമാനമെടുക്കുന്നത് ബുദ്ധിമുട്ടാണെന്ന് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. അടുത്തയാഴ്ച ദീപാവലി പ്രമാണിച്ച് കോടതി അവധിയായിരിക്കും.

''ഈ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ പ്രതീക്ഷിക്കാവുന്ന ഭാവിയിലൊന്നും വാദം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല,'' വാദം കേള്‍ക്കല്‍ മാറ്റിവെച്ചുകൊണ്ടുള്ള ഉത്തരവില്‍ ബെഞ്ച് വ്യക്തമാക്കി. കേസ് മറ്റൊരു ബെഞ്ചിന് മുമ്പാകെ വിടും.

''ഞങ്ങള്‍ക്ക് അഗാധമായ ഖേദമുണ്ട്. ഈ ബെഞ്ചിൽ കേസ് തുടരാൻ ആഗ്രഹിച്ചിരുന്നു,'' എന്നായിരുന്നു കേസ് മാറ്റിവെച്ചുകൊണ്ടുള്ള ഉത്തരവിനോടുള്ള അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്റെ പ്രതികരണം. കേസിൽ, കഴിഞ്ഞയാഴ്ച മുതിർന്ന അഭിഭാഷകരായ കരുണ നന്ദിയും കോളിൻ ഗോൺസാൽവസും വാദങ്ങൾ അവതരിപ്പിച്ചിരുന്നു.

Supreme Court
ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

വിവാഹശേഷം ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധങ്ങൾ ബലാത്സംഗമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിവിധ കോടതികളിലായി നടന്നിരുന്ന കേസുകൾ ഒരുമിച്ച് സുപ്രീം കോടതി പരിഗണിക്കുന്നത് 2023 ജനുവരി മുതലാണ്. വിഷയവുമായി ബന്ധപ്പെട്ട നിരവധി പൊതുതാത്പര്യ ഹർജികളാണ് കോടതിക്കുമുമ്പിലുള്ളത്.

വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുതെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രത്തിന്റെ നിലപാട് കോടതിയിൽ വ്യക്തമാക്കിയത്. ഭർത്താവും ഭാര്യയും തമ്മിലുള്ള ലൈംഗികബന്ധത്തിന് ഇളവ് നല്‍കുന്ന നിലവിലെ ഇന്ത്യൻ ബലാത്സംഗ നിയമത്തെ പിന്തുണച്ചുകൊണ്ടായിരുന്നു കേന്ദ്രത്തിന്റെ നീക്കം.

വിഷയത്തിൽ നാലു തരം ഹർജികളാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്. അതിലൊന്ന് 2022 മേയിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഭിന്നവിധിക്കെതിരായ അപ്പീലാണ്. 2015 മുതൽ ഹൈക്കോടതിയിൽ കേസ് നടക്കുകയായിരുന്നു. വൈവാഹിക ബലാത്സംഗത്തിനെതിരെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജികളാണ് രണ്ടാമത്തേത്.

കർണാടക ഹൈക്കോടതി വിധിക്കെതിരായ അപ്പീലാണ് മൂന്നാമത്തേത്. സമ്മതമില്ലാതെ ഭാര്യയെ ലൈംഗികബന്ധത്തിനു വിധേയമാക്കിയ ഭർത്താവിനെതിരെ ഐപിസി 376 വകുപ്പ് പ്രകാരം കുറ്റം ചുമത്തിയതു ശരിവെച്ചുകൊണ്ടുള്ളതായിരുന്നു . കർണാടക ഹൈക്കോടതി വിധി. എന്നാൽ, ഈ വ്യക്തിയെ കുറ്റവാളിയാക്കാൻ സാധിക്കില്ലെന്നും ഐപിസി അയാൾക്കു സംരക്ഷണം നൽകുന്നുണ്ടെന്നുമായിരുന്നു കർണാടകയിലെ മുൻ ബിജെപി സർക്കാരിന്റെ നിലപാട്. പിന്നീട് വന്ന കോൺഗ്രസ് സർക്കാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.

വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യത്തിനെതിരായ തടസഹർജികളാണ് നാലാമത്തേത്.

logo
The Fourth
www.thefourthnews.in