സമ്മതമില്ലാതെ ഭര്‍ത്താവില്‍നിന്നുള്ള ലൈംഗികബന്ധം ബലാത്സംഗമോ? നിര്‍ണായക വാദം കേള്‍ക്കലിന് ഒരുങ്ങി സുപ്രീം കോടതി
വിവാഹബന്ധങ്ങളിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ ഉടൻ കേൾക്കാമെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉൾപ്പെടുന്ന ബെഞ്ച് അഭിഭാഷകർക്ക് ഉറപ്പു നൽകി. 2015 മുതൽ ഇന്ത്യയിലെ വ്യത്യസ്ത കോടതികൾ കേൾക്കുന്ന വിഷയമാണ് വിവാഹശേഷം ഉഭയസമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധങ്ങൾ ബലാത്സംഗമായി പരിഗണിക്കണം എന്നാവശ്യപ്പെടുന്ന ഹർജികൾ. 2023 ജനുവരി മുതൽ ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ഇന്ത്യൻ പീനൽ കോഡ് പ്രകാരം വിവാഹബന്ധങ്ങളിലെ ബലാത്സംഗം ഒരു കുറ്റകൃത്യമല്ല. 1860ൽ നിലവിൽ വന്ന ഇന്ത്യൻ പീനൽ കോഡ് അനുച്ഛേദം 375 പ്രകാരം ഒരു സ്ത്രീയുടെ പൂർണമായ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ ആ വകുപ്പിൽ രണ്ട് ഇളവുകളുണ്ട്. ഒന്ന്, ഏതെങ്കിലും തരത്തിലുള്ള വൈദ്യപരിശോധനയുടെ ഭാഗമായി ഒരു ഡോക്ടർ സ്ത്രീയുടെ ശരീരത്തിൽ തൊടുന്നതാണ്. രണ്ട്, സമ്മതമില്ലാതെ സ്വന്തം ഭർത്താവ് ലൈംഗികബന്ധത്തിലേർപ്പെടുന്നതും. ഇതിനെയൊന്നും നിയമപ്രകാരം ബലാത്സംഗമായി വ്യാഖ്യാനിക്കാനാകില്ല. വിവാഹിതരായ സ്ത്രീകളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിയമത്തിലെ രണ്ടാമത്തെ ഭാഗം പൂർണമായും ഒഴിവാക്കണമെന്നാണ് ഹർജിക്കാരുടെ ഇപ്പോഴത്തെ ആവശ്യം.
1860ൽ നിലവിൽ വന്ന ഇന്ത്യൻ പീനൽ കോഡിൽ ഇത്തരത്തിൽ ഒരു വകുപ്പുണ്ടാകുന്നതിനു കാരണമെന്താണെന്ന് സുപ്രീംകോടതി തന്നെ 2018ൽ വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാതാക്കിയ സമയത്ത് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് ചരിത്രം പരിശോധിച്ചാൽ ഈ കാലഘട്ടം വിക്ടോറിയൻ കാലഘട്ടമാണെന്നു മനസിലാകും (1837-1901). ഈ സമയത്ത് ഇംഗ്ലണ്ടിൽ വിവാഹിതയായ ഒരു സ്ത്രീക്ക് ഭർത്താവിൽ നിന്ന് വ്യത്യസ്തയായി വ്യക്തിത്വമൊന്നുമില്ല. അതുകൊണ്ടു തന്നെ വിവാഹിതയായ ഒരു സ്ത്രീയെ സംബന്ധിച്ച് അവരുടെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് തന്റെ ഭർത്താവാണ്. ഇന്ത്യ ബ്രിട്ടീഷ് അധിനിവേശത്തിന് കീഴിൽ കഴിയുന്ന ആ കാലഘട്ടത്തിൽ രൂപപ്പെടുത്തിയ നിയമ സംഹിതയായതുകൊണ്ടാണ് ഈ നിയമം ഇന്ത്യൻ പീനൽ കോഡിലുണ്ടായിരുന്നതെന്ന് കോടതി തന്നെ പറയുന്നു.
പുതുക്കിയ ക്രിമിനൽ നിയമത്തിലും മാറാത്ത കൊളോണിയൽ നിയമം
പുതുതായി അവതരിപ്പിച്ച ഭാരതീയ ന്യായ സംഹിതയിലും വിക്ടോറിയൻ മൂല്യങ്ങളിലധിഷ്ഠിതമായ ഈ ഇളവ് മാറ്റാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഭാരതീയ ന്യായ സംഹിതയുടെ അഞ്ചാമത് ചാപ്റ്ററിലെ ലൈംഗികാതിക്രങ്ങളുമായി ബന്ധപ്പെട്ട ക്ലോസ് 63ലെ രണ്ടാം ഉപവകുപ്പ് പ്രകാരം വിവാഹിതയായ ഒരു സ്ത്രീയ്ക്ക് തന്റെ ഭർത്താവിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടാൽ ബലാത്സംഗത്തിന് കേസ് നൽകാൻ സാധിക്കില്ല.
ഈ വിഷയത്തിൽ മുമ്പ് കേന്ദ്രസർക്കാർ എടുത്ത നിലപാട് പ്രകാരം അത്തരമൊരു ഇടപെടൽ ഉണ്ടാകുമെന്നോ, വിവാഹ ബന്ധങ്ങളിലുള്ള സ്ത്രീകൾ ബലാത്സംഗത്തിനിരയാകാൻ സാധ്യതയുണ്ട് എന്ന തരത്തിൽ നിലപാടെടുക്കുമെന്നോ കരുതാൻ സാധിക്കില്ല. 2017ൽ വിഷയം ഡൽഹി ഹൈക്കോടതി പരിഗണിക്കുന്ന സമയത്ത് കേന്ദ്ര സർക്കാർ കോടതിയിൽ നൽകിയ മൊഴി ഈ ഇളവിന് അനുകൂലമായാണ്. വിവാഹബന്ധത്തിൽ ബലാത്സംഗമുണ്ടാകുമെന്നു അംഗീകരിക്കുന്നത് വിവാഹമെന്ന സംവിധാനത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുമെന്നും കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. കൊളോണിയൽ സ്വഭാവമുള്ള നിയമങ്ങൾ ഒഴിവാക്കുമെന്ന് പ്രഖ്യാപനത്തെ തുടർന്ന് അവതരിപ്പിക്കപ്പെട്ട പുതിയ നിയമങ്ങളിലും കൊളോണിയൽ സ്വഭാവം ബാക്കിനിൽക്കുന്നതെന്തുകൊണ്ടാണെന്നാണ് ചോദ്യം.
വിഷയത്തിൽ കോടതി നിയമിച്ച രണ്ട് അമിക്കസ്‌ക്യൂറികളും ഇളവ് എടുത്ത് കളയണമെന്നു നേരത്തെ തന്നെ നിർദേശിച്ചിരുന്നു. അതുകൊണ്ടു തന്നെ കോടതി വിഷയത്തിൽ എന്ത് നിലപാടെടുക്കുമെന്നത് നിർണ്ണായകമാണ്.
ഹർജിയുടെ പ്രാധാന്യം മനസിലാക്കി ചീഫ് ജസ്റ്റിസ്
നിരവധി കോടതികളിലായി നടന്നിരുന്ന കേസുകൾ ഒരുമിച്ച് സുപ്രീം കോടതി പരിഗണിക്കുന്നത് ഈ 2023 ജനുവരി മുതലാണ്. വിഷയവുമായി ബന്ധപ്പെട്ട നിരവധി പൊതുതാത്പര്യ ഹർജികളാണ് കോടതിക്കുമുമ്പിലുള്ളത്. ഈ ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെ ഓർമപ്പെടുത്തിയത് മുതിർന്ന അഭിഭാഷകയായ ഇന്ദിര ജെയ്സിങ്ങാണ്. 2015 മുതൽ ഡൽഹി ഹൈക്കോടതിയിൽ നടന്ന കേസിൽ 2022 മെയ് മാസം വിധി പ്രസ്താവിച്ചു. അത് ഭിന്ന വിധിയായിരുന്നു. ഹൈക്കോടതി ജഡ്ജിമാർ തന്നെ വിധിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവച്ചു.
സുപ്രീംകോടതിക്ക് മുന്നിലുള്ള ഹർജികളിൽ ഒന്ന് തന്റെ ഭാര്യയെ ബാലാത്സംഗം ചെയ്തതായി കർണാടക ഹൈക്കോടതി സാക്ഷ്യപ്പെടുത്തിയ വ്യക്തിയുടെ കേസുമുണ്ട്. 2022 ജൂലൈ മുതൽ കേസിന്റെ വിചാരണ സുപ്രീംകോടതി നിർത്തിവച്ചിരിക്കുകയാണ്. ഈ വ്യക്തിയെ കുറ്റവാളിയാക്കാൻ സാധിക്കില്ല എന്നും, ഇന്ത്യൻ പീനൽ കോഡ് അയാൾക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും കർണാടകയിലെ ബിജെപി സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അധികാരമേറ്റ കോൺഗ്രസ് സർക്കാർ വിഷയത്തിൽ ഇതുവരെ അഭിപ്രായപ്രകടനം നടത്തുകയോ, തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കുകയോ ചെയ്തിട്ടില്ല
2022 സെപ്റ്റംബറിലാണ് ഗർഭച്ഛിദ്രവുമായി ബന്ധപ്പെടുത്തി, തന്റെ ഭർത്താവിന്റെ നിർബന്ധത്തിന്റെ പുറത്തുണ്ടാകുന്ന ലൈംഗിക ബന്ധങ്ങളിൽ ഗർഭഛിദ്രം നടത്തേണ്ടി വന്നാൽ അത് ബലാത്സംഗമായി കണക്കാക്കണമെന്നു പറഞ്ഞതിലൂടെയാണ് സുപ്രീംകോടതി വിവാഹിതരായ സ്ത്രീകൾ ഭർത്താക്കന്മാരിൽ നിന്ന് ബലാത്സംഗത്തിനിരയാകാൻ സാധ്യതയുണ്ടെന്ന് ആദ്യമായി അംഗീകരിക്കുന്നത്. അപ്പോൾ മുതലാണ് വിവാഹബന്ധങ്ങളിൽ നടക്കുന്ന ബലാത്സംഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയിൽ സജീവമാകുന്നത്. സുപ്രീംകോടതി കുറച്ചുകൂടി വിശാലമായ അർത്ഥത്തിൽ ഈ വിഷയം പരിഗണിക്കുമ്പോൾ പ്രതീക്ഷയിലാണ് ഹർജിക്കാർ.