വിമാനയാത്രയില്‍ ഇനി മാസ്ക് നിർബന്ധമല്ല; നിബന്ധന പിന്‍വലിച്ച് കേന്ദ്രം

വിമാനയാത്രയില്‍ ഇനി മാസ്ക് നിർബന്ധമല്ല; നിബന്ധന പിന്‍വലിച്ച് കേന്ദ്രം

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പിഴയോ മറ്റു ശിക്ഷകളോ ഉണ്ടാകില്ലെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി
Updated on
1 min read

വിമാനയാത്രയില്‍ മാസ്ക് നിർബന്ധമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്രസർക്കാർ. യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് വേണമോ വേണ്ടയോ എന്ന് യാത്രക്കാര്‍ക്ക് തീരുമാനിക്കാം. മാസ്ക് വെയ്ക്കുന്നതാണ് അഭികാമ്യമെന്നും എന്നാല്‍ മാസ്ക് ഇല്ലെങ്കില്‍ നടപടി വേണ്ടെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ തോത് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.

കോവിഡ് ഭീഷണി മുന്‍നിര്‍ത്തി വിമാനത്തില്‍ അറിയിപ്പുകള്‍ നല്‍കുന്നത് തുടരുമെങ്കിലും, മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പിഴയോ മറ്റു ശിക്ഷകളോ ഉണ്ടാകില്ലെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വിമാനക്കമ്പനികള്‍ക്കാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനത്തിന് ശേഷം കേന്ദ്രം ഇത്തരമൊരു ഇളവ് പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. ഇതുവരെ  ആഭ്യന്തര- അന്താരാഷ്ട്ര വിമാനയാത്രയിൽ മാസ്ക് വയ്ക്കുകയോ മുഖം മറയ്ക്കുകയോ ചെയ്യണമെന്ന് നിർബന്ധമായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത യാത്രക്കാര്‍ക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചിരുന്നത്.

നിലവില്‍ ആകെ ജനസംഖ്യയുടെ 0.02% ആളുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം ഭേദമാകുന്നവരുടെ നിരക്ക് 98.79 ശതമാനവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in