ലൈംഗിക ബോധവത്കരണ പരിപാടി അടുത്ത അധ്യയന വർഷം പാഠ്യപദ്ധതിയിൽ

ലൈംഗിക ബോധവത്കരണ പരിപാടി അടുത്ത അധ്യയന വർഷം പാഠ്യപദ്ധതിയിൽ

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ക്കുപുറമെ സൈബര്‍ സുരക്ഷ, ഗാര്‍ഹികപീഡനം എന്നിവയെക്കുറിച്ചും ബോധവത്ക്കരണം
Updated on
1 min read

അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്കൂളുകളിലെ പാഠ്യപദ്ധതിയില്‍ ലൈംഗിക ബോധവത്ക്കരണ ക്ലാസുകളും ഉള്‍പ്പെടുത്തുമെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വരുന്ന അധ്യയന വർഷം മുതൽ ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളില്‍ ലൈംഗികാവബോധവുമായി ബന്ധപ്പെട്ട ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഹൈക്കോടതിയെ അറിയിച്ചു. സ്‌കൂളുകളിൽ പ്രായത്തിനനുസൃതമായ ലൈംഗിക ബോധവത്ക്കരണ പാഠ്യപദ്ധതി രൂപീകരിക്കുന്നതിനായി 2022 ഓഗസ്റ്റിൽ കോടതിയുടെ പ്രത്യേക നിർദേശപ്രകാരം സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ചെയർമാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ.

ലൈംഗിക ബോധവത്ക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 26ന് കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ തുടര്‍നടപടികള്‍ വിശദീകരിക്കാനും ഡിജിഇ നേരിട്ട് ഹാജരാകാനും കഴിഞ്ഞദിവസം കോടതി നിര്‍ദേശിച്ചിരുന്നു. തുടർന്നാണ് തിങ്കളാഴ്ച രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറും അഡീഷണല്‍ ഡയറക്ടറും (അക്കാദമിക്) ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി നടപടികള്‍ വിശദീകരിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത്. ലൈംഗിക ബോധവത്ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്നായി ദീര്‍ഘകാല പദ്ധതിക്ക് രൂപം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ക്കുപുറമെ സൈബര്‍ സുരക്ഷ, ഗാര്‍ഹിക പീഡനം എന്നിവയെക്കുറിച്ചും ബോധവത്ക്കരണം നടത്തും. താത്കാലിക അധ്യാപക-അനധ്യാപക നിയമനത്തില്‍ പോലീസ് വെരിഫിക്കേഷന്‍ നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈംഗിക ബോധവത്ക്കരണ പരിപാടിയുടെ നടത്തിപ്പിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്‍വീനറായി എട്ടംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. എല്‍ പി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ബോധവത്ക്കരണവും ഹൈസ്‌ക്കൂള്‍, യു പി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരിശീലന പദ്ധതിയും തയ്യാറാക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാർഥികള്‍ക്ക് സൗഹൃദ ക്ലബ്ബുകള്‍ വഴിയാണ് പരിശീലനം നല്‍കുക. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ജൂലൈയിലും പ്ലസ് വണ്‍കാര്‍ക്ക് ഓഗസ്റ്റിലും സെപ്റ്റംബറിലുമാണ് പരിശീലനം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ മാസ്റ്റര്‍മാര്‍ വഴി പരിശീലനം നല്‍കും.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കും. ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കും. പദ്ധതിയുടെ നടത്തിപ്പില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടമുണ്ടാകുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. കെല്‍സയ്ക്ക് കീഴിലുള്ള വിക്ടിം റൈറ്റ്സ് സെന്റര്‍ പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ പാര്‍വതി മേനോനെ വിദഗ്ധ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചു. സ്‌കൂളില്‍ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ വിഷയം ചര്‍ച്ച ചെയ്തത്. ഹര്‍ജി തീര്‍പ്പാക്കിയെങ്കിലും ചര്‍ച്ച തുടരുകയായിരുന്നു. വിഷയം മാര്‍ച്ച് 15ന് വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in