അപകീര്‍ത്തിക്കേസില്‍ മേധ പട്കര്‍ക്ക് അഞ്ച് മാസം തടവ് ശിക്ഷ; പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
ഡല്‍ഹി ലഫ്റ്റനന്‌റ് ഗവര്‍ണര്‍ വി കെ സക്‌സേന 23 വർഷം മുൻപ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ പ്രമുഖ പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തക മേധ പട്കറെ അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ച് ഡല്‍ഹി കോടതി. 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ അധ്യക്ഷനായിരുന്ന സമയത്താണ് വി കെ സക്‌സേന മേധയ്‌ക്കെതിരെ അപകീർത്തിക്കേസ് നൽകിയത്.
മേധ പട്കറുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ഉയർന്ന ശിക്ഷ നൽകുന്നില്ലെന്നു പറഞ്ഞുകൊണ്ടാണു സാകേത് കോടതി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് രാഘവ് ശര്‍മയുടെ ഉത്തരവ്. മേധയ്ക്ക് അപ്പീൽ നൽകുന്നതിന് വിധി നടപ്പാക്കുന്നത് 30 ദിവസത്തേക്ക് കോടതി തടഞ്ഞു.
കേസില്‍ മേധ കുറ്റക്കാരിയാണെന്ന് മേയ് 24ന് കോടതി കണ്ടെത്തിയിരുന്നു. നർമദ ബചാവോ ആന്ദോളൻ നേതാവായ മേധാ പട്കറെ 1860-ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 500-ാം വകുപ്പ് പ്രകാരമാണ് ക്രിമിനൽ അപകീർത്തിക്ക് കുറ്റക്കാരിയാണെന്നു കണ്ടെത്തിയത്. സക്‌സേനയ്‌ക്കെിതെ മേധ പ്രയോഗിച്ച പദങ്ങള്‍ പ്രകോപനം മാത്രമല്ല, ജനരോഷം ഉളവാക്കാനും സമൂഹത്തിന്‌റെ കണ്ണില്‍ അദ്ദേഹത്തിന്‌റെ അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണെന്നും ജഡ്ജി പറഞ്ഞു.
തനിക്കും നര്‍മ്മദ ബചാവോ ആന്ദോളനുമെതിരെ വി കെ സക്സേന പരസ്യം നൽകിയെന്നു ചൂണ്ടിക്കാട്ടി മേധയാണ് ആദ്യം കോടതിയ സമീപിച്ചത്. തുടര്‍ന്ന്, തനിക്കെതിരെ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് സക്‌സേന കോടതിയെ സമീപിക്കുകയായിരുന്നു.
'ദേശസ്നേഹിയുടെ യഥാർഥ മുഖം' എന്ന തലക്കെട്ടിൽ 2000 നവംബർ 25-നു മേധ പട്കർ പുറപ്പെടുവിച്ച പത്രക്കുറിപ്പിനെതിരെയാണ് സക്സേന ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സക്‌സേന ഭീരുവാണെന്നും രാജ്യസ്‌നേഹിയല്ലെന്നും ഹവാല ഇടപാട് നടത്തിയ ആളാണെന്നും കുറിപ്പിൽ മേധ ആരോപിച്ചിരുന്നു. “ഹവാല ഇടപാടുകളിൽ ആരോപണവിധയേനായ വികെ സക്സേന മലേഗാവിൽ വന്ന് നര്‍മ്മദ ബചാവോ ആന്ദോളനെ പ്രശംസിക്കുകയും 40,000 രൂപയുടെ ചെക്ക് നൽകുകയും ചെയ്തു. ഇതിന് ലോക് സമിതി ഉടനടി തന്നെ രസീത് നൽകുകയും കത്ത് അയയ്ക്കുകയും ചെയ്തു. എന്നാൽ ചെക്ക് പണമാക്കാൻ കഴിയാതെ ബാങ്കിൽനിന്ന് മടങ്ങി. അങ്ങനെയൊരു അക്കൗണ്ട് നിലവിലില്ലെന്നാണ് ബാങ്ക് അറിയിച്ചത്,'' എന്നും കുറിപ്പിൽ മേധ ആരോപിച്ചിരുന്നു.
പരാതിക്കാരനെ രാജ്യസ്‌നേഹിയല്ലാത്തയാളെന്നും ഭീരുവെന്നും വിളിക്കുകയും ഹവാല ഇടപാടുകളില്‍ പങ്കാളിയാണെന്ന് ആരോപിക്കുകയും ചെയ്തത് അപകീര്‍ത്തികരം മാത്രമല്ല, തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും കോടതി വിലയിരുത്തി. സക്‌സേനയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ മേധയ്ക്കു സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സക്‌സേനയുടെ പരാതിയിൽ അഹമ്മദബാദ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി 2001-ല്‍ മേധയ്‌ക്കെതിരെ ഐപിസി 500-ാം വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തിയിരുന്നു. 2003-ല്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം കേസ് ഡല്‍ഹിയിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്കു മാറ്റി. 2011-ല്‍ താന്‍ കുറ്റക്കാരിയല്ലെന്ന് വാദിച്ച മേധ, വിചാരണ ആവശ്യപ്പെടുകയായിരുന്നു.