പരസ്യം പണിപറ്റിച്ചു; 11 വർഷം മുന്‍പത്തെ വാർത്ത ഏറ്റെടുത്ത് മാധ്യമങ്ങള്‍
ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച പരസ്യം വാർത്തയാക്കി പുലിവാല് പിടിച്ച് മാധ്യമങ്ങള്‍. 2ജി സ്പെക്ട്രം കേസിന്റെ സൂത്രധാരന്‍ ഡിഎംകെ നേതാവ് രാജയാണെന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചെന്നായിരുന്നു വാർത്ത. എന്നാല്‍, സാന്‍ഡ്വിച്ച് കുക്കി ബ്രാന്‍ഡായ ഓറിയോയുടെ ക്യാമ്പയിന്റെ ഭാഗമായി 2011ലെ പത്രത്തിന്റെ ആദ്യ പേജ് പുനഃപ്രസിദ്ധീകരിച്ചതാണ് തെറ്റിദ്ധാരണയ്ക്കിടയാക്കിയത്.
ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയതടക്കമുള്ള വാർത്തകളും 2011 ഏപ്രില്‍ മൂന്നിലെ പത്രത്തിന്റെ ആദ്യ പേജിലുണ്ടായിരുന്നു. എന്നാലത് ശ്രദ്ധിക്കാതെ താഴെ കോളത്തിലെ 2 ജി സ്പെക്ട്രം വാർത്തയാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തത്. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യ രണ്ടാമത്തെ പേജില്‍ 2011ലെ പേജ് പ്രസിദ്ധീകരിച്ചത് അബദ്ധത്തില്‍ പറ്റിയതല്ലെന്ന് വിശദമായി പറയുന്നുണ്ട്. മൊണ്ടെലസിന്റെ ഉടമസ്ഥതയിലുള്ള സാന്‍ഡ്വിച്ച് കുക്കി ബ്രാന്‍ഡായ ഓറിയോ വിപണിയിലെത്തിയത് 2011ല്‍ ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ദിവസമാണ്. ഓറിയോ വിപണിയില്‍ പുനരവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് 11 വർഷം മുന്‍പത്തെ പത്രത്തിന്റെ ആദ്യപേജ് പുനഃപ്രസിദ്ധീകരിച്ചത്.
കോളിളക്കം സൃഷ്ടിച്ച 2ജി സ്പെക്ട്രം കേസില്‍ ഉള്‍പ്പെട്ടവരെ 2017 ല്‍ കോടതി വെറുതെവിട്ടിരുന്നു. മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ നേതാവ് എം കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴി എന്നിവരുള്‍പ്പെടെ 17 പേരെയാണ് വെറുതെവിട്ടത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ,122 സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2ജി ലൈസന്‍സ് സ്പെക്ട്രം വിതരണം ചെയ്തതില്‍ സർക്കാർ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണാക്കി എന്നായിരുന്നു കേസ്.