ഡൽഹി കലാപം: റിപ്പബ്ലിക്ക് ടിവി, ടൈംസ് നൗ ചാനലുകൾ വിദ്വേഷ പ്രചാരണം നടത്തിയെന്ന് അന്വേഷണ കമ്മീഷൻ
വടക്ക്- കിഴക്കൻ ഡൽഹിയിൽ രണ്ട് വർഷങ്ങൾക്ക് മുൻപ് നടന്ന വർഗീയ സംഘർഷത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. മുൻ സുപ്രീംകോടതി ജഡ്ജിയായിരുന്ന മദൻ ബി ലോകൂറിന്റെ അധ്യക്ഷതയിലുള്ള കമ്മീഷനാണ് "അൺസെർട്ടൺ ജസ്റ്റിസ്: എ സിറ്റിസൺസ് കമ്മിറ്റി റിപ്പോർട്ട് ഓൺ നോർത്ത് ഈസ്റ്റ് ഡൽഹി വയലൻസ് 2020" എന്ന റിപ്പോർട്ടിലാണ് പരാമര്‍ശങ്ങള്‍.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഡൽഹി സർക്കാർ എന്നിവയെയും റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിക്കുന്നു. ഇതിനൊപ്പമാണ് ചില ദേശീയ മാധ്യമങ്ങള്‍ വര്‍ഗീയ വിദ്വേഷം ഇളക്കിവിടുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതായി ചൂണ്ടിക്കാട്ടുന്നത്. റിപ്പബ്ലിക് ടിവി, ടൈംസ് നൗ (ഇംഗ്ലീഷ്), ആജ് തക്, സീ ന്യൂസ്, ഇന്ത്യ ടിവി, റിപ്പബ്ലിക് ഭാരത് (ഹിന്ദി) എന്നിവയുടെ പേരുകൾ എടുത്ത് പറഞ്ഞാണ് വിമര്‍ശനം. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾ നടന്ന കാലത്ത് ഈ ന്യൂസ് ചാനലുകൾ നടത്തിയ ചർച്ചകളും അതിന് തിരഞ്ഞെടുത്ത വിഷയങ്ങളുമെല്ലാം അക്രമങ്ങൾക്ക് ഇന്ധനം പകരുന്ന തരത്തിലുള്ളതായിരുന്നു എന്നും കമ്മിഷൻ വിലയിരുത്തുന്നു.
ചാനലുകൾ നടത്തിയ പരിപാടികൾ വിശദമായി പരിശോധിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. മദൻ ബി ലോകൂറിന് പുറമെ ഡൽഹി, മദ്രാസ് ഹൈക്കോടതികളിലെ മുൻ ചീഫ് ജസ്റ്റിസ് എപി ഷാ, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ആർഎസ് സോധി, പട്ന ഹൈക്കോടതി മുൻ ജഡ്ജി ആയിരുന്ന അഞ്ജന പ്രകാശ്, മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങൾ. വിദ്വേഷം പ്രചരിപ്പിക്കുന്ന വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നതിൽ ചാനലുകൾ പ്രധാന പങ്ക് വഹിച്ചതായി റിപ്പോർട്ട് പറയുന്നു.
കണ്ടെത്തലുകൾ
പ്രതിഷേധക്കാരെ "കലാപകാരികൾ", "ഭീകരവാദികൾ" എന്ന് വിശേഷിപ്പിക്കുകയും സിഎഎയ്‌ക്കെതിരായ എതിർപ്പിന്റെ പശ്ചാത്തലത്തിൽ മുസ്ലീം സമുദായത്തെ "അക്രമികളായി" ചിത്രീകരിക്കുകയുമായിരുന്നു മാധ്യമങ്ങൾ ചെയ്തുകൊണ്ടിരുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
ഹല്ലാ ബോൽ (ആജ് തക്), ഡിഎൻഎ (സീ ന്യൂസ്), പൂച്ച്താ ഹേ ഭാരത് (റിപ്പബ്ലിക് ഭാരത്) ഹഖിഖത് ക്യാ ഹേ (ഇന്ത്യ ടിവി), ദി ഡിബേറ്റ് (റിപ്പബ്ലിക് ടിവി), ഇന്ത്യ അപ്‌ഫ്രണ്ട് (ടൈംസ് നൗ) എന്നെ പ്രൈംടൈം പരിപാടികൾ വിശകലനം ചെയ്തതിൽ നിന്ന് സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ ഹിന്ദു-മുസ്ലിം പ്രശ്നമായി ചിത്രീകരിക്കാൻ ശ്രമം നടന്നെന്നും മ്മിഷൻ ചൂണ്ടിക്കാട്ടുന്നു. തെറ്റിദ്ധരിപ്പിക്കുന്ന സൂചകങ്ങളും
ഹാഷ്ടാഗുകളും തലക്കെട്ടുകള്‍ ദൃശ്യങ്ങള്‍ എന്നിവയിലൂടെ
സിഎഎക്കെതിരെ സമരം ചെയ്തവരെ ദേശീയ താല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരാണെന്ന് മുദ്രകുത്തിയെന്നും കമ്മിഷൻ നിരീക്ഷിക്കുന്നു.
സിഎഎ വിരുദ്ധ പ്രതിഷേധങ്ങൾ ഇസ്ലാമിക ഗ്രൂപ്പുകളുടെ പിന്തുണയോടെ മുസ്ലീം തീവ്രവാദികൾ ആസൂത്രണം ചെയ്തതാണെന്ന് ചാനലുകൾ സമർത്ഥിക്കാൻ ശ്രമം നടത്തി. സീ ന്യൂസിന്റെ പ്രൈം ടൈം ഷോ ആയ ഡിഎൻഎയിൽ പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് ഏജൻസി (ഐഎസ്‌ഐ), പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) എന്നീ നിരവധി സംഘടനകൾ സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് ധനസഹായം നൽകുകയും പരിശീലനം നൽകുകയും ചെയ്‌തുവെന്ന് പറഞ്ഞതായി കമ്മിഷൻ ചൂണ്ടികാട്ടുന്നു.
പ്രക്ഷോഭങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള നീക്കമാക്കി പ്രചരിപ്പിക്കുകയും അതുവഴി പ്രതിഷേധക്കാരെ രാജ്യദ്രോഹിയാക്കാനുമുള്ള ശ്രമങ്ങൾ നടന്നതായും റിപ്പോര്‍ ആരോപിക്കുന്നു. 2019 ഡിസംബർ 19-ന്, ഇന്ത്യ ടിവി യുടെ 'ഹഖിഖത് ക്യാ ഹേ' ഷോയിൽ 'കലാപകാരികളുടെ ശത്രു മോദി'എന്നീ തലക്കെട്ടിലായിരുന്നു ചർച്ച നടന്നത്. 'മുസ്ലീം മുഖംമൂടിക്ക് പിന്നിൽ മോദി വിരുദ്ധ കൂട്ടുകെട്ട്; മോദിക്കെതിരായ കലാപങ്ങൾ സംഘടിതവും സ്പോൺസർ ചെയ്യപ്പെട്ടതുമാണ്; എന്നീ വരികളും മോദി വിരുദ്ധമാണ് പ്രതിഷേധം എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഉപയോഗിച്ചതായും റിപ്പോർട്ടിലുണ്ട്.
2020 ജനുവരി 21ന് റിപ്പബ്ലിക് ടിവി സംപ്രേക്ഷണം ചെയ്ത 'ദി ഡിബേറ്റ് എന്ന ഷോയിൽ ഷഹീൻ ബാഗിലെ പ്രതിഷേധക്കാരെ ഹിന്ദു വിരുദ്ധ കൂട്ടായ്മയായാണ് ചൂണ്ടിക്കാട്ടുിയത്. ഡൽഹിയിലെ ഷഹീൻബാഗിൽ നിന്ന് അധികം അകലെയല്ലാതെ സരിതാ വിഹാർ എന്ന റെസിഡൻഷ്യൽ കോളനിയിലെ ആളുകൾ പ്രതിഷേധങ്ങൾ കാരണം ഒരു മാസത്തിലേറെയായി ഭയചകിതരായി കഴിയുകയാണ്. ഹിന്ദു വിരുദ്ധരും ഇന്ത്യാ വിരുദ്ധരുമാണ് ഷഹീൻ ബാഗിലുള്ളവർ. ഏറ്റവും വർഗീയവും ജിന്ന-അനുകൂല പ്രസ്താവനകളുമാണ് ഷഹീൻബാഗിൽ നടക്കുന്നതെന്നും അവതാരകൻ പറയുന്നതായും റിപ്പോർട്ടിലുണ്ട്. സോഷ്യൽ മീഡിയയുടെ സഹായത്തോടെ വർഗീയ കലാപങ്ങൾ പ്രചരിപ്പിക്കാനുള്ള വലിയ ഗൂഢാലോചനയാണ് സിഎഎയ്‌ക്കെതിരായ പ്രതിഷേധമെന്ന് ഡിസംബർ 18-ലെ ഡിഎൻഎ (സീ ന്യൂസ്) അവകാശപ്പെട്ടു.
ഇതുപോലെയുള്ള നിരവധി പ്രചാരണങ്ങളിലൂടെ ഷഹീൻബാഗ് സമരങ്ങൾക്ക് നേരെ വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് മദൻ ബി ലോകൂർ അധ്യക്ഷനായ കമ്മിഷൻ റിപ്പോർട്ടിൽ നിരീക്ഷിക്കുന്നുണ്ട്. സിഎഎ വിരുദ്ധ പ്രക്ഷോഭ കാലത്ത് ആറ് ചാനലുകളിൽ പ്രക്ഷേപണം ചെയ്ത 326 എപ്പിസോഡുകളാണ് കമ്മിഷൻ പരിശോധിച്ചത്.
കൂടാതെ ഡൽഹി പോലീസും സേനയെ നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വർഗീയ സംഘർഷത്തെ അമർച്ച ചെയ്യാൻ കാര്യക്ഷമായി ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നു. പോലീസ് പല സമയങ്ങളിലും കൃത്യമായ ഇടപെടലുകൾ നടത്തിയില്ല.
ഡൽഹി സർക്കാർ മധ്യസ്ഥ ചർച്ചകളൊന്നും നടത്താൻ മുൻകൈയെടുത്തില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വർഗീയ സംഘർഷത്തെ സമീപിച്ച രീതിയാണ് ഫെബ്രുവരി 23 മുതൽ 26 വരെ സംഘർഷങ്ങള്‍ നീളാന്‍ ഇടയാക്കിയത് എന്നും
കമ്മിഷൻ പറയുന്നു.
വർഗീയ സംഘർഷത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസുകളെയും റിപ്പോര്‍ വിമര്‍ശിക്കുന്നുണ്ട്. പലര്‍ക്കുമെതിരെ ചുമത്തിയ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ തത്ത്വരഹിതവും ന്യായമായ വിചാരണയ്ക്കുള്ള അവകാശം ഹനിക്കുന്നതാണെന്നും കമ്മിഷൻ പറയുന്നു. കൂടാതെ യുഎപിഎ കേസുകളുടെ വർദ്ധനവ് കണക്കിലെടുക്കുമ്പോൾ ഈ നിയമം തന്നെ പുനഃപരിശോധിക്കണമെന്ന ശുപാര്‍ശയും കമ്മിഷൻ നിർദേശിക്കുന്നു.
2020 ഫെബ്രുവരിയിൽ ഡൽഹിയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളെ ബാധിച്ച വർഗീയ സംഘർഷത്തില്‍ 53 പേർ കൊല്ലപ്പെടുകയും 40 മുസ്ലീങ്ങളും 13 ഹിന്ദുക്കളും മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.