ജിയോളജി വകുപ്പ് റിപ്പോര്‍ട്ടിന് കേന്ദ്രത്തിന്റെ അനുമതി;
ശാസ്ത്രീയ ഖനനത്തിന് തയ്യാറെടുത്ത്‌ മേഘാലയ

ജിയോളജി വകുപ്പ് റിപ്പോര്‍ട്ടിന് കേന്ദ്രത്തിന്റെ അനുമതി; ശാസ്ത്രീയ ഖനനത്തിന് തയ്യാറെടുത്ത്‌ മേഘാലയ

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2022 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് ഖനികളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക രൂപരേഖ തയ്യാറാക്കിയിരുന്നു
Updated on
1 min read

അനധികൃത ഖനികള്‍ സംബന്ധിച്ച വിവാദങ്ങള്‍ക്കും നിരോധനങ്ങള്‍ക്കുമൊടുവില്‍, ശാസ്ത്രീയ കല്‍ക്കരി ഖനനത്തിന് തയ്യാറെടുത്ത് മേഘാലയ. ഖനി വ്യവസായികള്‍ സമര്‍പ്പിച്ച ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് ഖനന മന്ത്രാലയം അംഗീകരിച്ചതായി മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ പറഞ്ഞു. ഖനനം സംബന്ധിച്ച പദ്ധതികള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ലൈസന്‍സ് ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍റാഡ് സാങ്മ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ശാസ്ത്രീയ ഖനനത്തിന്റെ സാധ്യതകളുമായി മേഘാലയ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

മേഘാലയിലെ ഖനന വ്യവസായം എല്ലായ്‌പ്പോഴും വിവാദ വിഷയമാണ്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്ത, ലൈസന്‍സ് ഇല്ലാത്ത ഒട്ടനവധി ഖനികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. അനധികൃതമായി ഖനികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് 2014ല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ നിരോധനം കൊണ്ടുവന്നിരുന്നു. പിന്നീട് 2019ല്‍ സുപ്രീംകോടതിയാണ് നിരോധനം നീക്കിയത്. തദ്ദേശീയരായ ഗോത്ര വിഭാഗങ്ങള്‍ക്ക് ഭൂമിയിലും അതിലുള്‍പ്പെട്ടിരിക്കുന്ന ധാതുക്കളുടെ മേലുമുള്ള ഉടമസ്ഥാവകാശവം ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി വിലക്ക് പിന്‍വലിച്ചത്. അതേസമയം, ഖനനം ശാസ്ത്രീയമായി വേണമെന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.

ശാസ്ത്രീയ ഖനനത്തിന് ഭൂമിയുടെ ശാസ്ത്രീയ പഠനത്തോടൊപ്പം ധാതുക്കള്‍ വേര്‍തിരിച്ചെടുക്കാനും നൂതന രീതികളും ആവശ്യമാണ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2022 മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് ഖനികളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക രൂപരേഖ തയ്യാറാക്കിയിരുന്നു. ഇത് പ്രകാരം 17 ഖനി വ്യവസായികളാണ് ലൈസന്‍സിനായി അപേക്ഷിച്ചത്. ഇവയില്‍ നിന്നാണ് നാല് പേരുടെ അപേക്ഷകള്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

സുപ്രീംകോടതി വിധിക്ക് പിന്നാലെ, പലതവണ ഖനനം ആരംഭിക്കാനൊരുങ്ങി പരാജയപ്പെട്ട മേഘാലയ സര്‍ക്കാരിനും സാങ്മയ്ക്കും ആശ്വാസം പകരുന്നതാണ് ഖനന മന്ത്രാലയത്തിന്റെ നടപടി. സുപ്രീം കോടതി നിര്‍ദേശം വന്നിട്ടും ഖനനം ആരംഭിക്കാന്‍ സാധിക്കാത്തതില്‍ സാങ്മ സര്‍ക്കാര്‍ ഏറെ പഴികേട്ടിരുന്നു‍. നാല് ഖനി വ്യവസായികളുടെ അപേക്ഷയ്ക്ക് അംഗീകാരം നല്‍കിയ നടപടി ഖനനം പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള വലിയ ചവിട്ടുപടിയാണെന്നാണ് സാങ്മയുടെ പ്രതികരണം. ശാസ്ത്രീയമായി ഖനനം നടത്തുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കും. അതോടെ, ലൈസന്‍സ് ലഭ്യമാകും. അധികം വൈകാതെ ഖനനം തുടങ്ങാനാകുമന്നാണ് പ്രതീക്ഷയെന്നും സാങ്മ പറഞ്ഞു.

logo
The Fourth
www.thefourthnews.in