കശ്മീർ പ്രത്യേക പദവി റദ്ദാക്കിയതിന്റെ വാർഷികം: മെഹബൂബ മുഫ്തിയടക്കമുള്ള പിഡിപി നേതാക്കൾ വീട്ടുതടങ്കലിൽ

കശ്മീർ പ്രത്യേക പദവി റദ്ദാക്കിയതിന്റെ വാർഷികം: മെഹബൂബ മുഫ്തിയടക്കമുള്ള പിഡിപി നേതാക്കൾ വീട്ടുതടങ്കലിൽ

സെമിനാർ നടത്താൻ പിഡിപി അനുമതി തേടിയതിന് പിന്നാലെയാണ് മുഫ്‌തിയെയും മുതിർന്ന നേതാക്കളെയും വീട്ടുതടങ്കലിലാക്കിയത്
Updated on
1 min read

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി ഭരണകൂടം. ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി (പിഡിപി) സെമിനാർ നടത്താൻ അനുമതി തേടിയതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയടക്കമുള്ള മുതിർന്ന നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. സെമിനാറിനും അനുമതി നിഷേധിച്ചു.

വീട്ടുതടങ്കലിലാണെന്ന വിവരം പിഡിപി പ്രസിഡന്റ് കൂടിയായ മെഹബൂബ മുഫ്‌തി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

"ഞാനും മറ്റ് മുതിർന്ന പിഡിപി നേതാക്കളും വീട്ടുതടങ്കലിലാണ്. നിരവധി പാർട്ടി പ്രവർത്തകരെ കഴിഞ്ഞ ദിവസം പോലീസ് അനധികൃതമായി പിടിച്ചുവച്ചതിന് പിന്നാലെയാണ് ഈ നടപടി. കേന്ദ്രത്തിന്റെ സുപ്രീംകോടതിയിലെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്" - മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

ആർട്ടിക്കിൾ 370 റദ്ദാക്കിയത് ആഘോഷിക്കാൻ കശ്മീരികളോട് ആഹ്വാനം ചെയ്യുന്ന ഭീമൻ ഹോർഡിംഗുകൾ ശ്രീനഗറിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ഇത് ജനങ്ങളുടെ യഥാർഥ വികാരത്തെ മറയ്ക്കുന്നതാണ്. ആർട്ടിക്കിൾ 370 പരിഗണിക്കുമ്പോൾ, സുപ്രീംകോടതി ഈ വിഷയങ്ങൾ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നതായും അവർ പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജവഹർ നഗർ പാർക്കിലും നെഹ്‌റു പാർക്കിലും പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ബിജെപി നൽകിയ അപേക്ഷയ്ക്ക് അനുമതി നൽകിയിട്ടുണ്ട്

2019 ഓഗസ്റ്റ് 5നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഏറെ പ്രതിഷേധങ്ങളുണ്ടാകുകയും നിയമവിരുദ്ധമെന്ന് വിമർശിക്കുകയും ചെയ്ത സംഭവത്തിന്റെ നാലാം വാർഷികത്തിൽ, സെമിനാർ നടത്തുന്നതിന് ശ്രീനഗർ ഭരണകൂടം പാർട്ടിക്ക് അനുമതി നിഷേധിച്ചതായി പിഡിപി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാർട്ടി നേതാക്കളെ തടങ്കലിലാക്കിയതായി മെഹബൂബ മുഫ്തി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. എന്തുകൊണ്ടാണ് നേതാക്കളെ കാരണമില്ലാതെ അറസ്റ്റ് ചെയ്യുന്നതെന്ന് ചോദിച്ചുകൊണ്ട് അറസ്റ്റ് വ്യക്തമാക്കുന്ന ദൃശ്യങ്ങളോടെയായിരുന്നു മുഫ്തി ട്വീറ്റ് പങ്കുവച്ചത്. ശനിയാഴ്ച പിഡിപി ആസ്ഥാനത്തിന് സമീപം ഷേർ-ഇ-കശ്മീർ പാർക്കിൽ വച്ചാണ് സെമിനാർ നടത്താന്‍ തീരുമാനിച്ചിരുന്നത്. സെമിനാറിനെ അനുകൂലിക്കുന്ന പാർട്ടികൾക്ക് പരിപാടിയിലേക്ക് ക്ഷണം ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം സെമിനാറിന് അനുമതി നിഷേധിച്ചു.

കശ്മീർ പ്രത്യേക പദവി റദ്ദാക്കിയതിന്റെ വാർഷികം: മെഹബൂബ മുഫ്തിയടക്കമുള്ള പിഡിപി നേതാക്കൾ വീട്ടുതടങ്കലിൽ
'വൈവാഹിക നിലയല്ല സ്ത്രീയുടെ വ്യക്തിത്വം'; വിധവയായതിനാല്‍ അമ്പലത്തിൽ പ്രവേശനം നിഷേധിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

എന്നാൽ, വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജവഹർ നഗർ പാർക്കിലും നെഹ്‌റു പാർക്കിലും പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി നൽകിയ അപേക്ഷകളെല്ലാം ലെഫ്റ്റനന്റ് ഗവർണർ അംഗീകരിച്ചു. "ഭരണകൂടത്തിന്റെ ഇരട്ടത്താപ്പിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഭരണകൂടവും രാജ്യവും നിയമങ്ങൾക്കോ ഭരണഘടനയ്ക്കോ അനുസൃതമല്ല. മറിച്ച് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കുന്നത്" - പിഡിപി വക്താവ് കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in