വീണ്ടും പെഗാസസ്? ആപ്പിളില്‍നിന്നു ഫോണ്‍ ചോര്‍ത്തല്‍ മുന്നറിയിപ്പ് ലഭിച്ചതായി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി

വീണ്ടും പെഗാസസ്? ആപ്പിളില്‍നിന്നു ഫോണ്‍ ചോര്‍ത്തല്‍ മുന്നറിയിപ്പ് ലഭിച്ചതായി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി

ഫോണ്‍ ചോർത്തലിൽ അത്ഭുതം തോന്നുന്നില്ലെന്ന് ഇൽതിജ
Updated on
1 min read

ഒരു ഇടവേളയ്ക്കുശേഷം വീണ്ടും പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ മുന്നറിയിപ്പുമായി ആപ്പിള്‍. ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തിയുടെ മകളും ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായ ഇല്‍തിജ മുഫ്തിയുടെ മൊബൈലിലേക്കാണ് ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചത്. അനുച്ഛേദം 370 റദ്ദാക്കിയശേഷം ജമ്മു കശ്മീര്‍ ആദ്യ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങവെയാണ് മുന്നറിയിപ്പ് ലഭിച്ചതെന്നതും ശ്രദ്ധേയമായി. ഇല്‍തിജ തന്നെയാണ് മുന്നറിയിപ്പ് ലഭിച്ച കാര്യം സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചത്.

''പെഗാസസ് എന്റെ ഫോണ്‍ ചോര്‍ത്തിയതായി ആപ്പിളില്‍നിന്ന് സന്ദേശം ലഭിച്ചു. രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാനും അപമാനിക്കാനുമായി ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മനഃപൂർവം പെഗാസസിനെ ഉപയോഗിക്കുകയാണെന്ന് തെളിഞ്ഞതാണ്. സ്ത്രീകളുടെ സ്വകാര്യതയിലേക്കുപോലും നാണമില്ലാതെ ബിജെപി സര്‍ക്കാര്‍ ഒളിഞ്ഞുനോട്ടം നടത്തുന്നത് അവര്‍ പ്രതികരിക്കില്ലെന്ന് കരുതിയാണ്,''-ഇല്‍തിജ കുറിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിനെയും ആഭ്യന്തര മന്ത്രാലയത്തെയും ടാഗ് ചെയ്ത് ''നിങ്ങള്‍ ഇനിയും എത്രത്തോളം അധപതിക്കും?'' എന്ന ചോദ്യത്തോടെയാണ് ഇല്‍തിജ കുറിപ്പ് അവസാനിപ്പിക്കുന്നത്. ആപ്പിളിന്റെ മുന്നറിയിപ്പുകളുടെ സ്‌ക്രീന്‍ ഷോട്ടും അവര്‍ എക്‌സില്‍ പങ്കുവെച്ചു.

അതേസമയം ജമ്മുകശ്മീരില്‍ പുതുതായി ഫോണ്‍ ചോര്‍ത്തല്‍ മുന്നറിയിപ്പ് ലഭിച്ച ആദ്യ സവ്യക്തിയായതില്‍ കുറച്ച് അസ്വസ്ഥത തോന്നുന്നുവെന്ന് ഇല്‍തിജയെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ''എനിക്ക് അല്‍പ്പം അസ്വസ്ഥത തോന്നുന്നുണ്ട്. നമ്മുടെ ഫോണുകള്‍ വ്യക്തിപരവും സ്വകാര്യവുമായ സ്ഥലമാണ്. എന്റെ സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണിത്,'' അവര്‍ പറയുന്നു. എന്നാല്‍ ഫോണ്‍ ചോര്‍ത്തലില്‍ വലിയ അത്ഭുതം തോന്നുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു സൈബര്‍ കുറ്റകൃത്യ വിദഗ്ധനെ താന്‍ സമീപിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

വീണ്ടും പെഗാസസ്? ആപ്പിളില്‍നിന്നു ഫോണ്‍ ചോര്‍ത്തല്‍ മുന്നറിയിപ്പ് ലഭിച്ചതായി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി
'ഏകാന്തനായി ഇരുന്നു മടുത്തു'; എസ്ഡിഎഫിന്റെ ഏക എംഎല്‍എ ഭരണകക്ഷിയില്‍ ചേര്‍ന്നു, സിക്കിമില്‍ പ്രതിപക്ഷമില്ല

98 രാജ്യങ്ങളിലെ ആളുകള്‍ക്ക് അയയ്‌ക്കപ്പെട്ട മുന്നറിയിപ്പിന്റെ സമാന മുന്നറിയിപ്പാണ് ഇല്‍തിജയ്ക്കും ലഭിച്ചത്. ആപ്പിളിന്റെ കണക്കനുസരിച്ച് ഇതുവരെ 150 രാജ്യങ്ങളിലെ വ്യക്തികള്‍ക്ക് ഇത്തരത്തിലുള്ള ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി നിരവധി പേരുടെ ഫോണുകള്‍ കേന്ദ്ര സര്‍ക്കാര്‍ പെഗാസസ് വഴി ചോര്‍ത്തിയിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പെഗാസസ് വഴി പൗരന്മാരെ അനധികൃതമായി നിരീക്ഷിച്ചെന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയുടെ അന്വേഷണവുമായി സര്‍ക്കാര്‍ പൂര്‍ണമായി സഹകരിച്ചിട്ടില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2022ല്‍ സുപ്രീം കോടതി രൂപീകരിച്ച സമിതി പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണം ചോര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in