'ആദ്യം തടയേണ്ടത് കുകി വിഭാഗത്തിന്റെ ആക്രമണം'; മണിപ്പൂര്‍ സമാധാന ചര്‍ച്ചകളിൽ നിന്ന് പിന്മാറി മേയ്തികളും
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകള്‍ക്കായി സർക്കാർ രൂപീകരിച്ച സമിതിയിൽ നിന്ന് പിന്മാറി മേയ്തി വിഭാഗം. മേയ്തി ആധിപത്യമുള്ള ഇംഫാൽ താഴ്വരയിലെ അഞ്ച് സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയായ മണിപ്പൂർ ഇന്റഗ്രിറ്റി (COCOMI) യുടെ ഏകോപന സമിതിയാണ് സമാധാന ചർച്ചകളില്‍ നിന്ന് പിന്മാറിയതായി അറിയിച്ചത്. കുകി ഗ്രൂപ്പുകളുടെ ആക്രമണം, അനധികൃത ഭൂമി കയ്യേറ്റം എന്നിവ പരിഹരിക്കാതെ ചർച്ചകൾക്കില്ല എന്നാണ് മേയ്തി വിഭാഗത്തിന്റെ നിലപാട്. സമ്മതം കൂടാതെയാണ് സമിതിയിൽ അംഗമാക്കിയതെന്ന് COCOMI കൺവീനർ ജിതേന്ദ്ര നിങ്കോംബ അറിയിച്ചു.
കുക്കികൾക്ക് 'കുകി ലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ" രൂപീകരിക്കുന്നതിനുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് പിൻവലിക്കണമെന്ന് മേയ്തി വിഭാഗം ആവശ്യപ്പെടുന്നു. കുക്കികൾക്കായി മണിപ്പൂർ അസംബ്ലിയിൽ നിന്നും സർക്കാരിൽ നിന്നും വേറിട്ട് സാമ്പത്തികവും ഭരണപരവുമായ അധികാരമുള്ള ഒരു "കുക്കിലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ" രൂപീകരിക്കാൻ 2008 ഓഗസ്റ്റ് 22-ന് രൂപം കൊടുത്ത കരാറാണ് സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ്.
വംശീയ കലാപം നടന്ന മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സമിതിയിൽ മേയ്തി, കുകി സമുദായങ്ങളിൽ നിന്നടക്കം 51 അംഗങ്ങളാണുള്ളത്. ഗവർണർ അനുസൂയ ഉയ്‌കെയെ ചെയർപേഴ്‌സണായ സമിതിയിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ്, സംസ്ഥാനത്തെ ഏതാനും മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എന്നിവരും അംഗങ്ങളാണ്. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ സമിതിയിൽ അംഗമാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച് സമാധാന ചർച്ചകളുടെ ഭാഗമാകില്ലെന്ന് കുകി വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വിട്ടുകൊടുക്കാതെ കേന്ദ്രം സമിതിയുടെ ഭാഗമാകണമെന്നും കുകി വിഭാഗം ആവശ്യപ്പെട്ടു. കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്നും കുക്കികൾ വ്യക്തമാക്കി. കുകി വിഭാഗം പ്രസിഡന്റിന്റെ കൂടിയാലോചന നടത്താതെയും മുൻകൂട്ടി അറിയിക്കാതെയുമാണ് സമിതിയിൽ ഉൾപ്പെടുത്തിയതെന്നും ഇവർ ആരോപിച്ചു.
മണിപ്പൂരിലെ നാല് ദിവസത്തെ സന്ദർശനത്തിനൊടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണ സമിതി ഉൾപ്പെടെയുള്ള നടപടികളുടെ ഭാഗമാണ് സമാധാന സമിതി.
സമാധാന ചർച്ച നീക്കങ്ങൾക്കിടയിലും മണിപ്പൂരിൽ സംഘർഷം കനക്കുകയാണ്. ചുരാചന്ദ്പൂർ ജില്ലയിലെ ലാംകയിൽ മണിപ്പൂർ ഗവർണർ സന്ദർശനം നടത്താനിരിക്കെ കഴിഞ്ഞദിവസം സംഘർഷത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. നിലവിൽ മണിപ്പൂരിലെ 14 ജില്ലകളിൽ 11 ലും കർഫ്യു നിലവിലുണ്ട്. സംസ്ഥാനം മുഴുവൻ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.