'അവര്‍ക്കും വ്യക്തിപരമായ ആവശ്യങ്ങളുണ്ട്', വരുമാനത്തിന്റെ ഒരു പങ്ക് കുടുംബസ്ഥയായ ഭാര്യയ്ക്ക് നീക്കിവയ്ക്കണം: ജ. നാഗരത്‌ന
കുടുംബസ്ഥയായ ഭാര്യ സാമ്പത്തികമായി ശാക്തീകരിക്കപ്പെടുന്നത് അവളെ കൂടുതല്‍ സുരക്ഷിതയാക്കുമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ബി വി നാഗരത്‌ന. വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം ആവശ്യപ്പെടാമെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധിയ്‌ക്കൊപ്പമാണ് കുടുംബത്തിലെ വീട്ടമ്മയായ സ്ത്രീയുടെ സാമ്പത്തിക ഭദ്രതയെ കുറിച്ചുള്ള ജസ്റ്റിസ് നാഗരത്‌നയുടെ പരാമര്‍ശം.
ജോലിയുള്ള വിവാഹിതരായ സ്ത്രീകളെയും വീട്ടില്‍ കഴിയുന്ന ജോലിയില്ലാത്ത ഭാര്യമാരുടെയും സാഹചര്യങ്ങള്‍ പരാമര്‍ശിച്ച് സുപ്രീംകോടതി
സ്വതന്ത്രമായ വരുമാനമില്ലാത്ത കുടുംബസ്ഥയായ സ്ത്രീയ്ക്ക് തന്റെ വരുമാനത്തിന്റെ ഒരു പങ്ക് നീക്കിവയ്ക്കാന്‍ ഭര്‍ത്താവ് തയ്യാറാകണമെന്നാണ് ജ. നാഗരത്‌നയുടെ പരാമര്‍ശം. വിവാഹിതനായ ഒരു പുരുഷന്‍ സ്വതന്ത്ര വരുമാന സ്രോതസ്സില്ലാത്ത തന്റെ ഭാര്യയുടെ വ്യക്തിപരമായ ആവശ്യങ്ങളെകുറിച്ച് ബോധവാന്മാരാകണം. പങ്കാളികള്‍ക്ക് തന്റെ സാമ്പത്തിക മേഖലകളിലേക്ക് പ്രവേശനം അനുവദിക്കാന്‍ തയ്യാറാകണം എന്നും ജ. നാഗരത്‌ന ചൂണ്ടിക്കാട്ടി.
വിവാഹിതരായ പുരുഷന്‍മാര്‍ വരുമാനമില്ലാത്ത ഭാര്യമാര്‍ക്ക് ഒരു ജോയിന്റ് അക്കൗണ്ട് വഴിയോ അല്ലെങ്കില്‍ ഒരു എടിഎം കാര്‍ഡ് വഴിയെങ്കിലോ സാമ്പത്തിക പിന്തുണ നല്‍കണം. ഗാര്‍ഹിക ചെലവുകള്‍ക്ക് പുറമെ ഭാര്യമാരുടെ വ്യക്തിഗത ചെലവുകള്‍ അംഗീകരിക്കാന്‍ തയ്യാറാകണം. ജോലിയുള്ള വിവാഹിതരായ സ്ത്രീകളെയും വീട്ടില്‍ കഴിയുന്ന ജോലിയില്ലാത്ത ഭാര്യമാരുടെയും സാഹചര്യങ്ങള്‍ പരാമര്‍ശിച്ച് സുപ്രിംകോടതി ജഡ്ജി പറഞ്ഞു.
കുടുംബ ചെലവുകള്‍ കൈകാര്യം ചെയ്യുന്ന ഒരു സ്ത്രീ എത്രത്തോളം സാമ്പത്തിക അച്ചടക്കം പാലിക്കുന്നു എന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. അത്തരത്തിലുള്ള ഒരു വനിതയ്ക്ക് തന്റെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി പണം ലഭിക്കുന്ന നില ഉണ്ടായാല്‍ ചെലവുകള്‍ക്ക് അപ്പുറത്ത് അവര്‍ക്ക് ഒരു ചെറിയ നിക്ഷേപം കണ്ടെത്താനാകും. ഇത് ഒരാവശ്യങ്ങള്‍ക്ക് മറ്റുള്ളവരെ സമീപിക്കുന്നത് ഒഴിവാക്കാന്‍ സ്ത്രീകളെ സഹായിക്കും. എന്നാല്‍ ഇന്ത്യയിലെ മിക്ക വിവാഹിതരായ പുരുഷന്‍മാരും തങ്ങളുടെ ഗൃഹസ്ഥയായ ഭാര്യമാരുടെ അവസ്ഥ മനസിലാക്കുന്നില്ല. പലപ്പോഴും വ്യക്തിപരമായ ചെലവുകള്‍ക്ക് സമീപിക്കുന്ന സ്ത്രീകള്‍ നിരാശരായി മടങ്ങേണ്ട അവസ്ഥയുണ്ടാകും. സ്വതന്ത്രമായ സാമ്പത്തിക സ്രോതസ്സുകളില്ലാത്ത ഭാര്യ സാമ്പത്തികമായി തങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന വസ്തുത പല ഭര്‍ത്താക്കന്മാരും തിരിച്ചറിയുന്നില്ലെന്നും സുപ്രിംകോടതി ജഡ്ജി ചൂണ്ടിക്കാട്ടി.