പുരുഷനിൽനിന്ന് വ്യത്യസ്തമായി സ്ത്രീ ജയിലാകുമ്പോൾ ബാധിക്കുന്നത് കുടുംബത്തെ: സുധ ഭരദ്വാജ്
ജയിലിലാകുന്ന സ്ത്രീകൾക്ക് വേണ്ടത് ശിക്ഷയ്ക്കപ്പുറം മാനസികാരോഗ്യം നിലനിർത്താനാവശ്യമായ പിന്തുണയാണെന്ന് മനുഷ്യാവകാശ പ്രവർത്തക സുധ ഭരദ്വാജ്. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ പുരുഷൻ ജയിലിലാകുന്നതിൽ നിന്ന് വ്യത്യസ്തമാണ് സ്ത്രീ ജയിലിലാകുന്നതെന്നും അത് ഒരു കുടുംബത്തെ തന്നെയാണ് ബാധിക്കുന്നതെന്നും സുധ ഭരദ്വാജ് പറയുന്നു.
സ്ത്രീ ജയിലിലാകുമ്പോൾ അവരുടെ കുട്ടികൾ ഒന്നുകിൽ ജയിലിനകത്ത് അവരോടൊപ്പം കഴിയേണ്ടി വരും, അല്ലെങ്കിൽ ജയിലിനു പുറത്ത് ഒറ്റയ്ക്ക്. താൻ ജയിലിലായിരുന്ന സമയത്ത് മകൾ മായ്‌ഷായുടെ ജീവിതം മുന്നിൽ വച്ച് സുധ ഭരദ്വാജ് പറയുന്നു. "ജയിലിലേക്ക് മകൾ അയക്കുന്ന കത്തുകൾ മുഴുവനും ഏകാന്തതയും ദേഷ്യവും വിരക്തിയും നിറഞ്ഞതായിരുന്നു,'' സുധ പറയുന്നു.
സുരക്ഷാ കാരണങ്ങൾ കൊണ്ട് ആ കത്തുകൾ വൈകി മാത്രമേ ജയിലിൽ കിട്ടുമായിരുന്നുള്ളൂ. അതിനാൽ കൃത്യസമയത്ത് മറുപടിയും വൈകി. ഇതുമൂലം മകൾക്ക് യാതൊരുവിധത്തിലും പിന്തുണയും നൽകാൻ സാധിച്ചിരുന്നില്ലെന്നും സുധ ഭരദ്വാജ് പറയുന്നു.
2018ൽ മഹാരാഷ്ട്രയിലെ പൂനെയിലെ ശനിവാർ വാദയിൽ നടന്ന എൽഗാർ പരിഷദിൽ പങ്കെടുത്തതിന്റെ പേരിലും അതിനുശേഷം നടന്ന ഭീമ കൊറേഗാവ് അക്രമത്തിന്റെ ആസൂത്രണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചും അറസ്റ്റ് ചെയ്യപ്പെട്ട സുധ ഭരദ്വാജ് മൂന്നു വർഷത്തെ ജയിൽ വാസത്തിനു ശേഷം 2021ലാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.
താനെഴുതിയ ജയിലോർമകളടങ്ങിയ 'ഫ്രം ഫാൻസി യാർഡ്' എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ് സഹതടവുകാരികളായ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് സുധ സംസാരിക്കുന്നത്. യെരവാഡ സെൻട്രൽ ജയിലിലെ ഫാൻസി യാർഡിലാണ് അവർ ഏകാന്ത തടവിന് ശിക്ഷിക്കപ്പെട്ടത്. പുറംലോകത്തിനു സമാനമായി ജയിലിലും എല്ലാത്തരം മനുഷ്യരുമുണ്ടെന്ന് സുധ ഭരദ്വാജ് ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. "ജയിലിലും പ്രിവിലേജ് ഉള്ളവരും പ്രിവിലേജ് ഇല്ലാത്തവരുമുണ്ട്. ജാതിയും വർഗ്ഗവുമുണ്ട്, മതവും ലിംഗവുമുണ്ട്," അവർ പറഞ്ഞു.
തന്റെ അഭിഭാഷകവൃത്തിയിൽനിന്നും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽനിന്നും പിൻവലിഞ്ഞ് കുടുംബകാര്യങ്ങളിലേക്ക് കേന്ദ്രീകരിക്കുന്ന സമയത്താണ് സുധ ഭരദ്വാജ് 2018ൽ അറസ്റ്റ് ചെയ്യപ്പെടുന്നത്. കോളേജിൽ ചേരാറായ തന്റെ മകളുടെ കൂടെ സമയം ചെലവഴിക്കാനായി 2017 ൽ സുധ ഡൽഹിയിലേക്ക് താമസം മാറിയിരുന്നു. സജീവ പൊതുപ്രവർത്തനത്തിൽനിന്ന് പിൻവാങ്ങി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ വിസിറ്റിങ് പ്രൊഫസർ ജോലിയുമായി ഒതുങ്ങി ജീവിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സുധ ഭരദ്വാജ്. എന്നാൽ സ്വസ്ഥമായ ആ ജീവിതത്തിന് ഒരുപാട് കാലത്തെ ആയുസില്ലായിരുന്നു. പിന്നീട് അവരുടെ ജീവിതം യെർവാഡ ജയിലിനകത്തേക്ക് ചുരുങ്ങി. 2021 ഡിസംബറിൽ ജാമ്യം നേടി പുറത്തിറങ്ങി.
ജാതിയുടെയും വർഗ്ഗത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള നിരവധി വിവേചനങ്ങളുടെ ഉദാഹരണങ്ങൾ സുധ ഭരദ്വാജിന്റെ പുസ്തകത്തിലുണ്ട്. വർഗ്ഗ വിവേചനങ്ങളുടെ കേന്ദ്രമാണ് ജയിൽ ക്യാന്റീനുകളെന്ന് അവർ അടിവരയിടുന്നു. ക്യാന്റീനിൽനിന്ന് കൃത്യമായി സാധനങ്ങൾ ലഭിക്കേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്. അതിന് പലപ്പോഴും ഉയർന്ന സാമ്പത്തികസ്ഥിതിയുള്ള തടവുകാരുടെ അനുവാദം വേണ്ട അവസ്ഥയുണ്ട്. പാവപ്പെട്ട സ്ത്രീകൾ ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവർക്ക് വേണ്ടി ജോലി ചെയ്യുന്നത് സമൂഹത്തിലെ പോലെ ജയിലിലും കാണാമെന്ന് സുധ ഭരദ്വാജ് പറയുന്നു.
വിചാരണയ്ക്ക് വിധേയരാകാനും, ശിക്ഷിക്കപ്പെടാനും സ്ത്രീകൾ മുതിർന്നതായി കണക്കാക്കുന്ന വ്യവസ്ഥിതിയ്ക്കു മുന്നിൽ ജാമ്യം കിട്ടി ഒറ്റയ്ക്ക് പുറത്ത് പോകാൻ മാത്രം എന്തുകൊണ്ട് സ്ത്രീകൾ മുതിർന്നിട്ടില്ല?
സുധ ഭരദ്വാജ്
ജയിൽ അടുക്കള പുലർച്ചെ തന്നെ തുറക്കും. അടുക്കള ചുമതല ഓരോ ദിവസവും ഓരോ വിഭാഗങ്ങൾക്കാണ്. ജയിലിൽ പലവിധത്തിലുള്ള ബഹളങ്ങളും സംഘർഷങ്ങളും നടക്കും. അതിൽ മിക്കതും ഗാങ്ങുകളായി തിരിഞ്ഞ് ആളുകൾ തമ്മിൽ തല്ലുന്നതാണെന്ന് ഭരദ്വാജ് സാക്ഷ്യപ്പെടുത്തുന്നു. ഈ തമ്മിലടിയുടെ കാരണങ്ങൾ മിക്കവാറും ജാതിയോ മതമോ ആയിരിക്കും. ഇത്തരം തല്ലുകളിൽ ആരാണ് ജയിച്ചതെന്ന് തീരുമാനിക്കുന്നത് ജയിൽ അധികൃതരായിരിക്കുമെന്നാണ് സുധ പറയുന്നത്. പക്ഷപാതമുള്ള ജയിൽ ഭരണം വലിയ അപകടമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.
യെർവാഡ ജയിലിൽ സംഭവിച്ച ഒരു കാര്യം സുധ ഭരദ്വാജ് ഓർത്തെടുക്കുന്നു. മുസ്ലിങ്ങളായ ഒരുകൂട്ടം ആളുകൾ അമുസ്ലീങ്ങളായ ആളുകളെ തള്ളിയെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നു. ശേഷം മുസ്ലിങ്ങളെ തിരിച്ചടിക്കാൻ മറ്റുള്ളവർക്ക് പൂർണ പിന്തുണ നൽകുകയാണ് ജയിൽ അധികൃതർ. ആ തിരിച്ചടിയിൽ ഒരു മുസ്ലിം പുരുഷന് മർദനമേറ്റു. ജയിലിലെ ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യുന്നത് മുഴുവൻ കീഴ്ജാതിയിൽപ്പെട്ട ആളുകളാണെന്ന് തന്റെ സുഹൃത്തായ ദളിത് സ്ത്രീയുടെ ഉദാഹരണം വച്ചുകൊണ്ട് സുധ ഭരദ്വാജ് പറയുന്നു.
ജാമ്യം ലഭിക്കുമ്പോൾ ഒരു കുടുംബാംഗമെങ്കിലും സ്വീകരിക്കാൻ വന്നില്ലെങ്കിൽ സ്ത്രീകൾക്ക് ജാമ്യം ലഭിക്കില്ലെന്ന അവസ്ഥ ജയിലുകളിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. വിചാരണയ്ക്ക് വിധേയരാകാനും ശിക്ഷിക്കപ്പെടാനും സ്ത്രീകൾ മുതിർന്നതായി കണക്കാക്കുന്ന വ്യവസ്ഥിതിയ്ക്കു മുന്നിൽ ജാമ്യം കിട്ടി ഒറ്റയ്ക്ക് പുറത്ത് പോകാൻ മാത്രം എന്തുകൊണ്ട് സ്ത്രീകൾ മുതിർന്നിട്ടില്ലെന്ന് ചോദിക്കുന്നു സുധ ഭരദ്വാജ്.
സ്ത്രീകൾക്കുനേരെ യു എ പി എ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ ചുമത്തുന്നതിനെക്കുറിച്ചും സുധ ഭരദ്വാജ് പറയുന്നു. ഒരു മറാത്തി ചലച്ചിത്ര നടിയുടെ ഉദാഹരണവും സുധ ഭരദ്വാജ് പറയുന്നു. തന്റെ പ്രൊഡ്യൂസറാൽ ചതിക്കപ്പെടുകയും ലൈംഗികമായി ഉപദ്രവിക്കപ്പെടുകയും ചെയ്ത നടി, ആ ദേഷ്യത്തിൽ പ്രൊഡ്യൂസറുടെ വീട്ടിൽ കയറി അയാളെ കയ്യേറ്റം ചെയ്യുകയും 6000 രൂപ മോഷ്ടിക്കുകയും ചെയ്തു. പ്രൊഡ്യൂസറുടെ പരാതിയിൽ സ്ത്രീക്കെതിരെ ചുമത്തിയത് മകോക പോലൊരു കരിനിയമമാണെന്ന് സുധ ഭരദ്വാജ് പറയുന്നു. ജാമ്യം പോലും കിട്ടാതെ ഒരുവർഷത്തിലധികമായി ആ പെൺകുട്ടി ജയിലിൽ കിടക്കുകയാണെന്നും അവർ പറഞ്ഞു.