ബലാക്കോട്ട് സൈനിക നടപടിക്കിടെ
ഹെലികോപ്റ്റര്‍ വെടിവച്ചിട്ട സംഭവം: വ്യോമസേന ഉദ്യോഗസ്ഥനെ പിരിച്ചുവിടാന്‍  ശുപാര്‍ശ

ബലാക്കോട്ട് സൈനിക നടപടിക്കിടെ ഹെലികോപ്റ്റര്‍ വെടിവച്ചിട്ട സംഭവം: വ്യോമസേന ഉദ്യോഗസ്ഥനെ പിരിച്ചുവിടാന്‍ ശുപാര്‍ശ

ഐഎഎഫ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരാണ് അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
Updated on
1 min read

പാകിസ്താന്‍ ഹെലികോപ്റ്ററെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യന്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ട സംഭവത്തില്‍ ഐഎഎഫ് ഉദ്യോഗസ്ഥനെ പിരിച്ചു വിടാന്‍ സൈനിക കോടതി ശുപാര്‍ശ ചെയ്തു. ഐഎഎഫ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ ആക്രമണത്തിലാണ് അന്ന് ശ്രീനഗര്‍ എയര്‍ഫോഴ്സ് സ്റ്റേഷനിലെ ചീഫ് ഓപ്പറേഷന്‍ ഓഫീസറായിരുന്ന സുമന്‍ റോയ് ചൗധരിയെ പുറത്താക്കണമെന്ന് ഡല്‍ഹിയിലെ സൈനിക കോടതി ശുപാര്‍ശ ചെയ്തത്. ഐഎഎഫ് മേധാവിയുടെ സ്ഥിരീകരണത്തിന് ശേഷമായിരിക്കും ശിക്ഷ നടപ്പാക്കുക. അതുവരെ ഐഎഎഫ് ഉദ്യോഗസ്ഥനെതിരായ നടപടികള്‍ക്ക് സ്റ്റേ ഉത്തരവുമുണ്ട്.

ഗ്രൂപ്പ് ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ അപകടത്തിന് ഉത്തരവാദികളാണെന്നും സിഒഐ കണ്ടെത്തി

ഇസ്രായേല്‍ ഗ്രൗണ്ട് അധിഷ്ഠിത സ്‌പൈഡര്‍ മിസൈല്‍ ആണ് ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച കോര്‍ട്ട് ഓഫ് എന്‍ക്വയറി (സിഒഐ) നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ അപകടത്തിന് ഉത്തരവാദികളാണെന്നും സിഒഐ കണ്ടെത്തി. 2019 ല്‍ അന്നത്തെ എയര്‍ ചീഫ് മാര്‍ഷല്‍ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കുകയും രണ്ട് ഐഎഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ 2020ല്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ റോയ് ചൗധരി, വിംഗ് കമാന്‍ഡര്‍ ശ്യാം നൈതാനി എന്നിവര്‍ക്കെതിരെ സിഒഐ റിപ്പോര്‍ട്ട് പ്രകാരം നടപടിയെടുക്കുന്നത് സായുധ സേനാ ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. നിമയപരമായ വ്യവസ്ഥകള്‍ പ്രകാരമല്ല സിഒഐ കണ്ടെത്തലുകളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റേ ചെയ്തത്. എന്നാല്‍ 2021 ല്‍ സിഒഐ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകാന്‍ ഐഎഎഫിന് സായുധ സേനാ ട്രൈബ്യൂണല്‍ അനുമതി നല്‍കുകയുമായിരുന്നു.

logo
The Fourth
www.thefourthnews.in