ആടിനെ മോഷ്ടിച്ചെന്ന് ആരോപണം; മഹാരാഷ്ട്രയിൽ പതിനാലുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ആടിനെ മോഷ്ടിച്ചെന്ന് ആരോപണം; മഹാരാഷ്ട്രയിൽ പതിനാലുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

സംഭവത്തിന്റെ വീഡിയോ ലഭിച്ചിട്ടുണ്ടെന്നും ആക്രമണത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പോലീസ്
Updated on
1 min read

മഹാരാഷ്ട്രയിൽ ആടിനെ മോഷ്ടിച്ചുവെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ആൾകൂട്ടം തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ പർഭാനി മേഖലയിലെ ഉഖ്‌ലാഡ്‌ ഗ്രാമത്തിലാണ് സംഭവം. ചികിത്സയിലിരിക്കെയാണ് കിർപാൽ സിങ് എന്ന 14 കാരൻ മരിച്ചത്.

കിർപാലിനോടൊപ്പം ഉണ്ടായിരുന്ന 15കാരനായ അരുൺ സിങ്, കുട്ടികളുടെ ബന്ധു ഗോരാ സിങ് എന്നിവർക്കും മർദനമേറ്റിട്ടുണ്ട്. ഇവർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്. സിക്ലിഗർ സിഖ് സമുദായത്തിൽപ്പെട്ടവരാണ് കുട്ടികൾ. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അജ്ഞാതർ വടിയും ഇരുമ്പ് ദണ്ഡുകളും കൊണ്ട് ആക്രമിച്ചതായി ചികിത്സയിലുള്ള ഗോരാ സിങ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

ആൾക്കൂട്ട ആക്രമണത്തിൽ ഒൻപത് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് പർഭാനിയിലെ പോലീസ് സൂപ്രണ്ട് (എസ്പി) രാഗസുധ ആർ പറഞ്ഞു. മുഖ്യപ്രതിയായ ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷൻ അക്രം പട്ടേൽ ഉൾപ്പെടെ നാല് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 302 പ്രകാരം കൊലപാതക കുറ്റമാണ് ചുമത്തിയത്. സംഭവത്തിന്റെ വീഡിയോ ലഭിച്ചിട്ടുണ്ടെന്നും ആക്രമണത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും അധികൃതർ അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

അജ്ഞാതർ വടിയും ഇരുമ്പ് ദണ്ഡുകളും കൊണ്ട് ആക്രമിച്ചതായി ചികിത്സയിലുള്ള ഗോരാ സിങ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വയറിൽ ചവിട്ടുകയും ഇരുമ്പ്ദണ്ഡുകൾ കൊണ്ട് മറ്റ് രണ്ട് പേരുടെയും തലയ്ക്കടിക്കുകയും ചെയ്തു. ചുറ്റും കൂടി നിന്നവർ പോലീസിൽ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആൾക്കൂട്ടം ആക്രമണം തുടർന്നുവെന്ന് ഗോരാ സിങ് പറഞ്ഞു.

പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ സിഖ് ഗുരുദ്വാരകൾ കൈകാര്യം ചെയ്യുന്ന ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) തലവൻ ഹർജീന്ദർ സിങ് ധാമി സംഭവത്തെ അപലപിച്ചു. ഈ ' ക്രൂരമായ കുറ്റകൃത്യം മനുഷ്യരാശിക്ക് കളങ്കമാണ്. കുറ്റവാളികൾ കർശനമായ ശിക്ഷ അർഹിക്കുന്നു. പോലീസ് എല്ലാ കുറ്റക്കാരെയും തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും വേണം. അവർക്ക് കർശനവും മാതൃകാപരവുമായ ശിക്ഷ നൽകുമെന്ന് ഉറപ്പാക്കണം."എസ്‌ജിപിസി ട്വിറ്ററിൽ പറഞ്ഞു.

2020-ൽ മഹാരാഷ്ട്രയിലെ പാൽഘറിൽ മൂന്ന് പേരെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. 2020 ഏപ്രിൽ 16ന് രാത്രി ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ മുംബൈയിലെ കാണ്ടിവാലിയിൽ നിന്നുള്ള മൂന്ന് പേർ ഗുജറാത്തിലെ സൂററ്റിലേക്ക് പോകുമ്പോൾ ഗഡ്ചിഞ്ചിലെ ഗ്രാമത്തിൽ വെച്ച് ഒരു ജനക്കൂട്ടം അവരുടെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് തെറ്റിദ്ധരിച്ചാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. ഈ കേസ് സിബിഐ അന്വേഷണത്തിന് മഹാരാഷ്ട്ര സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in