യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍ ; ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് കുടുംബം
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പതിനഞ്ചും പതിനേഴും വയസ്സുള്ള കുട്ടികളുടെ മൃതദേഹം വീടിന് സമീപത്തുള്ള കരിമ്പിന്‍ തോട്ടത്തിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.
കുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ആരോപിച്ചു. അയല്‍ഗ്രാമത്തിലെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതായി അമ്മ ആരോപിച്ചു.
സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന നാലുപേരെ കസ്റ്റഡിയിലെടുത്തെന്ന് അഡീഷണല്‍ എസ് പി അരുണ്‍കുമാര്‍ സിങ് അറിയിച്ചു. മരിച്ച കുട്ടികളുടെ അയല്‍വാസിയായ സ്ത്രീ ഉള്‍പ്പെടെയാണ് കസ്റ്റഡിയിലുള്ളത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.
വിഷയത്തിൽ യുപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴില്‍ അമ്മമാരും സഹോദരിമാരും എല്ലാ ദിവസവും ആക്രമിക്കപ്പെടുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. ലഖിംപൂരിൽ കര്‍ഷകര്‍ക്ക് ശേഷം ഇപ്പോള്‍ ദളിതരാണ് ആക്രമിക്കപ്പെടുന്നതെന്നും ഹത്രാസ് സംഭവത്തിന്റെ ആവര്‍ത്തനമാണ് ഇതെന്നും അഖിലേഷ് കുറ്റപ്പെടുത്തി. ലഖിംപൂരിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രിയങ്ക ഗാന്ധിയും യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഹൃദയഭേദകമായ വാര്‍ത്തയാണ് ഇതെന്നും പകല്‍ വെളിച്ചത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്നത് സര്‍ക്കാരിന്‌റെ വീഴ്ചയാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. പത്രങ്ങളിലും ടിവിയിലും വ്യാജ പരസ്യങ്ങള്‍ കൊടുക്കുന്നതിലൂടെ നിയമസംവിധാനം മെച്ചപ്പെടില്ലെന്നും യുപിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്തു കൊണ്ടാണ് ഇത്തരത്തില്‍ വര്‍ധിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.