കാമുകനൊപ്പം ഒളിച്ചോടിയ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി; മൂന്ന് പേർ പിടിയിൽ

കാമുകനൊപ്പം ഒളിച്ചോടിയ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി; മൂന്ന് പേർ പിടിയിൽ

ജെഎന്‍വിയു സര്‍വകലാശാല കാമ്പസിലെ ഹോക്കി മൈതാനത്ത് വെച്ചായിരുന്നു ക്രൂരപീഡനം
Updated on
1 min read

ജോധ്പൂർ സര്‍വകലാശാലാ പരിസരത്ത് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ഞായറാഴ്ച പുലർച്ചെയായിരുന്നു ക്രൂരപീഡനം. കാമുകനൊപ്പം ജോധ്പൂരിലേയ്ക്ക് ഒളിച്ചോടി എത്തിയ പെണ്‍കുട്ടിയെ ആണ് സഹായം വാഗ്ദാനം ചെയ്ത് എത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. പ്രതികളായ സമന്ദര്‍ സിംഗ് (21), ഭട്ടം സിംഗ് (22), ധര്‍മപാല്‍ സിംഗ് (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അജ്മീരിലെ വീട്ടില്‍ നിന്ന് ആരുമറിയാതെ സുഹൃത്തിനൊപ്പം ഇറങ്ങിപ്പോന്ന പെണ്‍കുട്ടി രാത്രി10.30യോടെ ബസ് സ്റ്റാന്‍ഡില്‍ എത്തി. തുടർന്ന് ഇരുവരും താമസ സ്ഥലം തിരക്കി ഒരു ഗസ്റ്റ് ഹൗസില്‍ എത്തുകയായിരുന്നു. എന്നാല്‍ ഗസ്റ്റ് ഹൗസിലെ കെയര്‍ ടേക്കര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അവര്‍ അവിടെ നിന്ന് ഇറങ്ങിനടന്നു

ഗസ്റ്റ് ഹൗസിന് പുറത്ത് ഇവരെ കണ്ട പ്രതികള്‍ സഹായം വാഗ്ദാനം ചെയ്ത് അരികിലെത്തുകയായിരുന്നു. ഇരുവര്‍ക്കും ഭക്ഷണവും താമസിക്കാന്‍ സ്ഥലവും നല്‍കാമെന്ന് പ്രതികൾ വാഗ്ദാനം നല്‍കി. ട്രെയിന്‍ യാത്ര തുടരുന്നതാണെന്ന് നല്ലതെന്ന് നിര്‍ദ്ദേശിച്ച പ്രതികള്‍ ഇരുവരെയും റെയില്‍വേ സറ്റേഷനിലേയ്ക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു.

പുലര്‍ച്ചെ നാല് മണിയോടെ ജെഎന്‍വിയു സര്‍വകലാശാല കാമ്പസിലെ ഹോക്കി മൈതാനത്തിന് സമീപം എത്തിയപ്പോള്‍ മൂന്നംഗ സംഘം സുഹൃത്തിനെ ആക്രമിക്കുകയും പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. അഞ്ച് മണിയോടെ വ്യായാമത്തിനായി മെതാനത്തേക്ക് എത്തിയ ആളുകളെ കണ്ടതോടെ മൂവരും ഓടി രക്ഷപ്പെട്ടു. തുടർന്ന് ആളുകള്‍ സംഭവം പോലീസിനെ അറിയിക്കുകയുമായിരുന്നു.

ഡിസിപി, പോലീസ് കമ്മീഷണറും അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുട്ടിയെ വൈദ്യപരിശോധനയ്ക്കായി മഹാത്മാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ രണ്ടുപേരും പോലീസ് സംരക്ഷണത്തിലാണെന്ന് ഡിസിപി വ്യക്തമാക്കി.

ഇരുവരുടെയും കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവര്‍ ജോദ്പൂരിലേക്ക് തിരിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം, പട്ടികജാതി, പട്ടികവര്‍ഗക്കാർക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം, പോക്‌സോ എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

സംഭവത്തിലെ പ്രതികളായ മൂന്ന് പേരില്‍ ഒരാളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് പോയപ്പോള്‍ മറ്റ് രണ്ട് പ്രതികളെയും കണ്ടെത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. പോലീസ് ഫോറന്‍സിക് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ശ്രമിക്കുമെന്നും ശേഷം അതിവേഗ വിചാരണ നടത്താന്‍ ആവശ്യപ്പെടുമെന്നും ഡിസിപി ദുഹാന്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in