ബ്രിജ് ഭൂഷണിനെതിരായ ആരോപണങ്ങളിൽ നിന്ന് പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം പിന്നോട്ട്? ആദ്യമൊഴി പിൻവലിച്ചു

ബ്രിജ് ഭൂഷണിനെതിരായ ആരോപണങ്ങളിൽ നിന്ന് പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം പിന്നോട്ട്? ആദ്യമൊഴി പിൻവലിച്ചു

ബ്രിജ് ഭൂഷണിനെതിരെ ഏതൊക്കെ കുറ്റങ്ങൾ ചുമത്താനാകുമെന്ന് പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനമെടുക്കും
Updated on
1 min read

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരൺ സിങ്ങിനെതിരായ ആദ്യ മൊഴി പിൻവലിച്ച് പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തി താരം. പോലീസിനും മജിസ്ട്രേറ്റിന് മുന്നിലും നൽകിയ മൊഴികൾ പെൺകുട്ടി പിൻവലിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഐപിസി 164 പ്രകാരം പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ പുതിയ രഹസ്യമൊഴി നൽകി. പുതിയ മൊഴി കോടതി പരിശോധിക്കും. ബ്രിജ് ഭൂഷണിനെതിരെ ഏതൊക്കെ കുറ്റങ്ങൾ ചുമത്താനാകുമെന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനമെടുക്കും. എന്നാൽ വാര്‍ത്തകളോട് പ്രതികരിക്കാൻ പെൺകുട്ടിയുടെ കുടുംബം തയ്യാറായില്ല.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നത്. മെയ് 10 നാണ് പെൺകുട്ടി മജിസ്ട്രേറ്റിന് മുൻപാകെ ആദ്യ മൊഴി രേഖപ്പെടുത്തിയത്. ഇതുപ്രകാരം പോക്സോ നിയമപ്രകാരം ഏഴ് വര്‍ഷം വരെ തടവ്, ഐപിസി 354 (സ്ത്രീയെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ ആക്രമിക്കുക), 354 എ (ലൈംഗിക പീഡനം), 354 ഡി (പിന്തുടരല്‍) എന്നീ വകുപ്പുകൾ പ്രകാരം ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് എന്നിവ ലഭിക്കാവുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

പെൺകുട്ടിയെ ഒപ്പം ചിത്രമെടുക്കാൻ നിർത്തിയ ബ്രിജ് ഭൂഷൺ, ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നതായിരുന്നു ആരോപണം. ശരീരത്തിലും മാറിടത്തിലും സ്പർശിച്ചുവെന്ന് ബലമായി ചേര്‍ത്ത് നിര്‍ത്തിയെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. ഇത് മകളെ മാനസികമായി തളര്‍ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ മൊഴി മാറ്റത്തെ ആശ്ചര്യത്തോടെ കാണേണ്ടതില്ലെന്ന് ഒരു വിഭാഗം നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം കേസുകളിൽ അറസ്റ്റ് വൈകുന്നത് പരാതിക്കാരിയെ സമ്മർദത്തിലാക്കുകയും കരിയറിനെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് മൊഴിമാറ്റാൻ പലപ്പോഴും പ്രേരകമാകുന്നുവെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ ദിവസം അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗുസ്തി താരങ്ങള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് താരം മൊഴി മാറ്റിയത്

ശനിയാഴ്ച അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഗുസ്തി താരങ്ങള്‍ തിങ്കളാഴ്ച തിരികെ ജോലിയില്‍ പ്രവേശിക്കുമെന്ന് അറിയിച്ചിരുന്നു. സാക്ഷി മാലിക്, വിനേഷ് ഫോഗാട്ട്, ബജരംഗ് പുനിയ തുടങ്ങിയ താരങ്ങള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചതിന് പിന്നാലെ സമരത്തില്‍ നിന്ന് അവർ പിന്മാറിയെന്ന് റിപ്പോർട്ടുകള്‍ വന്നിരുന്നു. എന്നാല്‍, വാർത്ത നിഷേധിച്ച് താരങ്ങള്‍ തന്നെ രംഗത്തെത്തി. ജോലിയില്‍ തിരികെ പ്രവേശിക്കുക മാത്രമാണ് ചെയ്തതെന്നും സമരം അവസാനിപ്പിച്ചിട്ടില്ലെന്നും അവർ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ബ്രിജ് ഭൂഷണെതിരായ സുപ്രധാന മൊഴി പെണ്‍കുട്ടി പിൻവലിച്ചത്.

logo
The Fourth
www.thefourthnews.in