അവസരം കിട്ടുമ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു; ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പോലീസ്

അവസരം കിട്ടുമ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു; ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പോലീസ്

വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണം ശരിവയ്ക്കുന്ന നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് കോടതിയിൽ പറഞ്ഞു
Updated on
1 min read

അവസരം കിട്ടുമ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കാൻ മുൻ ഗുസ്തി ഫെഡറേഷൻ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സാരം സിങ് ശ്രമിച്ചിരുന്നതായി ഡൽഹി പോലീസ്. വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണം ശരിവയ്ക്കുന്ന നിരവധി തെളിവുകൾ ഇയാൾക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് കോടതിയിൽ പറഞ്ഞു. താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ബ്രിജ് ഭൂഷണ്‍ ബോധവാനായിരുന്നുവെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. കേസിൽ ഇന്ന് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ബ്രിജ് ഭൂഷണിനെ ഡൽഹിയിലെ റോസ്‌ അവന്യൂ കോടതി ഒഴിവാക്കിയിരുന്നു.

ലൈംഗികാരോപണങ്ങളില്‍ മതിയായ തെളിവുകളുണ്ടെന്ന് പറഞ്ഞ പോലീസ്, എല്ലാ കേസുകളുടെയും വാദം കേൾക്കൽ ഡൽഹിയിലേക്ക് മാറ്റണമെന്ന് അഭ്യർഥിച്ചു

താജിക്കിസ്ഥാനിൽ വച്ച് നടന്ന ഒരു പരിപാടിക്കിടെ പ്രതി പരാതിക്കാരിൽ ഒരാളായ വനിതാതാരത്തെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലമായി കെട്ടിപ്പിടിച്ചിരുന്നുവെന്ന് ഡൽഹി പോലീസ് പറഞ്ഞു. ഗുസ്തിതാരം ഇതിനെതിരെ പരാതിപ്പെട്ടപ്പോൾ, ഒരു പിതാവിനെപ്പോലെയാണ് താൻ ഇത് ചെയ്തതെന്നാണ് ബ്രിജ് ഭൂഷൺ മറുപടിനൽകിയത്. താൻ എന്താണ് ചെയ്യുന്നതെന്ന് അയാൾക്ക് കൃത്യമായും അറിയാമെന്നതിന്റെ തെളിവാണ് ഇതെന്നും പോലീസ് കോടതിയെ അറിയിച്ചു. താജിക്കിസ്ഥാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനിടെ മറ്റൊരു വനിതാ ഗുസ്തി താരത്തിന്റെ വയറ്റിൽ ഇയാൾ അനുചിതമായി സ്പർശിച്ചതായും പരാതിയുണ്ട്. ദില്ലിയിലെ ഡബ്ല്യുഎഫ്ഐ ഓഫീസിൽ വച്ച് ഉണ്ടായ മറ്റൊരു ലൈംഗികാരോപണത്തിലും മതിയായ തെളിവുകളുണ്ടെന്ന് പറഞ്ഞ പോലീസ്, എല്ലാ കേസുകളുടെയും വാദം കേൾക്കൽ ഡൽഹിയിലേക്ക് മാറ്റണമെന്ന് കോടതിയോട് അഭ്യർഥിച്ചു.

അവസരം കിട്ടുമ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു; ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പോലീസ്
'എല്ലാക്കാലവും സൂക്ഷിക്കാനാകില്ല'; ഡല്‍ഹി പോലീസ് പിടിച്ചെടുത്ത 'ദി വയറി'ലെ ഉപകരണങ്ങൾ വിട്ട് നൽകണമെന്ന് ഡൽഹി കോടതി

ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച മേൽനോട്ട സമിതി, അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് ഡൽഹി പോലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. തലസ്ഥാനത്ത് സിങ്ങിനെതിരെ വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്ര കായിക മന്ത്രാലയം ഇന്ത്യൻ ബോക്സിംഗ് ഇതിഹാസം എം സി മേരി കോമിന്റെ നേതൃത്വത്തിൽ ഒരു മേൽനോട്ട സമിതി രൂപീകരിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും, പകർപ്പ് ഡൽഹി പോലീസിന് കൈമാറിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് മതിയായ തെളിവുകളുണ്ടെന്ന് ഡൽഹി പോലീസ് കോടതിയിൽ അറിയിച്ചത്. പരമാവധി മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം ഉള്‍പ്പെടുത്തി ജൂൺ 15 നാണ് കുറ്റപത്രം സമർപ്പിച്ചത്. അടുത്ത വാദം കേള്‍ക്കല്‍ ഒക്ടോബർ 7 ന് റൂസ് അവന്യൂ കോടതിയിൽ നടക്കും.

logo
The Fourth
www.thefourthnews.in