മിഷന്‍ 24, അയോധ്യയില്‍ നിന്ന് വീണ്ടും 'യാത്ര' തുടങ്ങി ബിജെപി; പ്രതിരോധിക്കാനാകാതെ പ്രതിപക്ഷം
അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരും ക്ഷണിക്കപ്പെടാത്തവരും പോകുന്നവരും പോകാന്‍ തീരുമാനിക്കാത്തവരും തീരുമാനിച്ചവരുമായി ചുറ്റിത്തിരിയുകയാണ് ഏതാനും നാളുകളായി ഇന്ത്യന്‍ രാഷ്ട്രീയം. ഇതിനിടെ രാമക്ഷേത്രം ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന കണക്കുകൂട്ടലില്‍ അയോധ്യയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അയോധ്യ സന്ദര്‍ശനം, പടിവാതിലിലെത്തിനില്‍ക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണപരിപാടിയുടെ തുടക്കമെന്ന നിലയിലാണ് സംഘടിപ്പിച്ചിരുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖചിത്രവും ബ്രാന്‍ഡുമാണ് മോദിയെന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കുകയുമാണ് സംഘപരിവാര്‍.
പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കേന്ദ്രബിന്ദുവായിരുന്ന ഒരു വിഷയം തങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നുവെന്ന ഒരു ചിത്രം ജനമനസുകളില്‍, പ്രത്യേകിച്ച് ഹിന്ദി ബെല്‍റ്റില്‍ ഉറപ്പിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പദ്ധതികളുടെ പുതിയ രഥയാത്രകളിലേക്കാണ് ബിജെപി കടക്കുന്നത്. മറ്റ് വിഷയങ്ങളെല്ലാം അപ്രസക്തമാണെന്നും അയോധ്യയ്ക്കും രാമക്ഷേത്രത്തിനും ചുറ്റും മാത്രമാണ് ഇന്ത്യന്‍ രാഷ്ട്രീയമെന്നുമുള്ള പ്രതീതിയിലേക്ക് ഇതര രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ടുചെന്നെത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നു അവര്‍ക്ക്. രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ ആരെല്ലാം പങ്കെടുക്കുമെന്ന ചര്‍ച്ചയ്ക്ക് തുടക്കമിട്ട് കാര്യങ്ങള്‍ പുറത്തുനിന്ന് വീക്ഷിക്കുന്ന നിലയിലേക്ക് മാറിയിരിക്കുന്നു സംഘപരിവാര്‍.
മിഷന്‍ 2024, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങിക്കഴിഞ്ഞുവെന്ന് കൂടിയാണ് അയോധ്യ വിഷയത്തിലൂടെ അവര്‍ രാജ്യത്തോട് പറയുന്നത്. ഇനി രാജ്യത്തിന്റെ വികസനം പോലും ഈ ക്ഷേത്രനഗരത്തെ ചുറ്റിപ്പറ്റിയായിരിക്കും എന്നും അവര്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ രാമന്റെ അംഗീകരിക്കുന്നത് ആരെല്ലാം? ആവര്‍ത്തിച്ച് ചോദിക്കുകയാണ് ബിജെപി. എന്ത് ഉത്തരം പറയണം എന്നറിയാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം. ഇല്ലെന്ന് പറഞ്ഞാല്‍ അത് രാമരാജ്യത്തെ എതിര്‍ക്കലാവും. ഉണ്ടെന്ന് പറഞ്ഞാല്‍ ഇത്രയും കാലം ബിജെപി ഉയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യം ശരിയെന്ന് അംഗീകരിക്കലാകും. എതിര്‍ പക്ഷത്തുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അയോധ്യ ഭിന്നത പ്രകടമായിക്കഴിഞ്ഞു.
അയോധ്യയ്ക്കായി 11,000 കോടിയുടെ വിവിധ വികസന പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്. മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് പിന്നാലെ പൊതുസമ്മേളനത്തില്‍ സംസാരിച്ച പ്രധാനമന്ത്രി ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് തന്റെ പ്രസംഗത്തിന് തുടക്കം കുറിച്ചത്. അഞ്ഞൂറ് വര്‍ഷത്തോളമായുള്ള ഒരു ജനതയുടെ കാത്തിരിപ്പാണ് രാമക്ഷേത്രത്തിലൂടെ സാധ്യമാകുന്നത് എന്നും അയോധ്യയിലെ പ്രതിഷ്ഠാദിനത്തില്‍ ഓരോ വീടുകളിലും ദീപം തെളിയിച്ച് ശ്രീരാമ ജ്യോതി ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അയോധ്യയിലെ രാമനെ ഒരോ വീട്ടിലേക്കും ആനയിക്കുകയാണ് ബിജെപി.
അതേസമയം മറുവശത്ത് വലിയ ആശങ്കകളിലേക്കാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ പോകുന്നത്. 2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചരണവിഷയമായി ബിജെപി ഉയര്‍ത്തിക്കാട്ടുന്ന രാമക്ഷേത്രം എന്ന ബ്രഹ്മാസ്ത്രത്തെ ചെറുക്കാനുള്ള മറുതന്ത്രത്തെക്കുറിച്ച് ഇപ്പോഴും അവര്‍ക്ക് ഒരു വ്യക്തതയും ഇല്ല. മൃദുഹിന്ദുത്വത്തിലാണോ മതേതരത്വത്തിലാണോ മുറുകെപ്പിടിക്കേണ്ടതെന്ന ആശയക്കുഴപ്പമാണ് അവരെ വലയ്ക്കുന്നത്.
രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നു പോലും ഉറച്ചയൊരു തീരുമാനം കൈക്കൊള്ളാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഭൂരിപക്ഷ വിശ്വാസവുമായി ബന്ധപ്പെട്ട വിഷമായതിനാല്‍ പൊള്ളലേല്‍ക്കാതെ നീങ്ങാനാണ് നിലവില്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ ഒരു മുന്നണിയെന്ന നിലയില്‍ 'ഇന്ത്യ'യുടെ കെട്ടുറപ്പിനെ കോണ്‍ഗ്രസിന്റെ ഈ നിലപാടില്ലായ്മ കാര്യമായി ബാധിക്കുമെന്ന് തീര്‍ച്ചയാണ്.
മുന്നണിയിലെ പ്രധാന സഖ്യകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, സിപിഎം എന്നിവര്‍ അയോധ്യയിലെ ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന ഉറച്ച തീരുമാനം കൈക്കൊണ്ടുകഴിഞ്ഞു. എന്നാല്‍ നേതൃസ്ഥാനത്തുള്ള കോണ്‍ഗ്രസിന് ഒരു തീരുമാനമെടുക്കാന്‍ കഴിയാത്തത് മുന്നണിയില്‍ ഭിന്നതയ്ക്ക് കാരണമായേക്കും. ഇതുതന്നെയാണ് ബിജെപി ലക്ഷ്യമിട്ടതും. തങ്ങളെ എതിര്‍ക്കാന്‍ പ്രതിപക്ഷം രൂപീകരിച്ച 'ഇന്ത്യ' മുന്നണിയെ ഒരൊറ്റ ക്ഷേത്രത്തിന്റെ പേരില്‍ ഛിന്നഭിന്നമാക്കാന്‍ അവര്‍ക്കു കഴിഞ്ഞുവെന്നതാണ് സത്യം.
അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് മോദിയെ പിടിച്ചുകെട്ടാന്‍ പ്രതിപക്ഷം ഇനിയെങ്കിലും ഒറ്റക്കെട്ടായി പോകുമോ? ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പിന്നാക്ക സംവരണ മുദ്രാവാക്യത്തിന് നിലനില്‍പ്പുണ്ടോ? രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടമായ ഭാരത് ന്യായ് യാത്ര എന്തെങ്കിലും ചലനമുണ്ടാക്കുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മോദിയുടെയും ബിജെപിയുടെയും അയോധ്യയില്‍നിന്ന് ഇന്ത്യയെന്ന ബഹുസ്വര രാജ്യത്തെ നിലനിര്‍ത്തുന്നതില്‍ എത്രമാത്രം അകലെയാണെന്നതായിരിക്കും 2024ലെ തിരഞ്ഞെടുപ്പ് നമുക്ക് നല്‍കുക.