എസ് ജയശങ്കര്‍
എസ് ജയശങ്കര്‍

തീവ്രവാദ സംഘങ്ങള്‍ക്കിടെ സാങ്കേതികവിദ്യയുടെ ദുരുപയോഗം വര്‍ധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി

യുഎന്‍ തീവ്രവാദ വിരുദ്ധ സമിതിയുടെ പ്രത്യേക യോഗത്തിലായിരുന്നു ജയശങ്കറിന്റെ വാക്കുകള്‍
Updated on
1 min read

ലോകത്ത് വിവിധ തീവ്രവാദ സംഘങ്ങള്‍ക്കിടെ സാങ്കേതികവിദ്യയുടെ ദുരുപയോഗം വര്‍ധിച്ചുവരുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. സാമൂഹ്യമാധ്യമങ്ങളെയും ഇന്റര്‍നെറ്റിനെയും സമൂഹത്തെ അസ്ഥിരപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തരം സംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. തീവ്രവാദ സംഘങ്ങളുടെ ടൂള്‍കിറ്റിലെ പ്രധാന ആയുധങ്ങളാണ് ഇന്റര്‍നെറ്റും സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളുമെന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത യുഎന്‍ തീവ്രവാദ വിരുദ്ധ സമിതിയുടെ പ്രത്യേക യോഗത്തിലായിരുന്നു ജയശങ്കറിന്റെ വാക്കുകള്‍.

സാങ്കേതികവിദ്യയും പണവും ഒപ്പം സമൂഹത്തിന്റെ വെെകാരികതയും മുതലെടുത്താണ് തീവ്രവാദ സംഘങ്ങള്‍ രാജ്യങ്ങളുടെ സ്വാതന്ത്ര്യം, സഹിഷ്ണുത, പുരോഗതി എന്നിവയെ ആക്രമിക്കുന്നതെന്ന് ജയശങ്കര്‍ അഭിപ്രായപ്പെട്ടു. യുഎന്‍ രക്ഷാസമിതിയിലെ അംഗരാജ്യങ്ങളിലെ തീവ്രവാദ വിരുദ്ധ പദ്ധതികള്‍ക്ക് സഹായം നല്‍കുന്നതിനായി, ഈ വര്‍ഷം ഭീകരതയ്ക്കെതിരായ യുഎന്‍ ട്രസ്റ്റ് ഫണ്ടിലേക്ക് ഇന്ത്യ അഞ്ച് ലക്ഷം ഡോളര്‍ സംഭാവന നല്‍കുമെന്നും ജയശങ്കർ പറഞ്ഞു.

പുതിയ സാങ്കേതിക വിദ്യകളുടെ കടന്നുവരവ് രാജ്യങ്ങള്‍ക്ക് വലിയ തരത്തിലുള്ള പുതിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ആളില്ലാ വ്യോമ സംവിധാനങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം മൂലമുണ്ടാകുന്ന അപകടസാധ്യതകളെ കുറിച്ചുള്ള ആശങ്കയും യോഗത്തില്‍ അദ്ദേഹം പങ്കുവെച്ചു.

ആയുധങ്ങള്‍ കടത്തുന്നതിനും ആക്രമണത്തിനും ആളില്ലാ വിമാനങ്ങള്‍ തീവ്രവാദ സംഘടനകള്‍ ഉപയോഗിക്കുന്നു. വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതിനാലും, താരതമ്യേന ചെലവ് കുറഞ്ഞതിനാലും ഇത്തരം സങ്കേതികവിദ്യയുടെ ഉപയോഗം അടിക്കടി വര്‍ധിച്ചു വരുന്നു.

യുഎന്‍ രക്ഷാ സമിതി കഴിഞ്ഞ 20 വര്‍ഷമായി തീവ്രവാദത്തെ അടിച്ചമര്‍ത്തുന്നതിനായി ശ്രമിക്കുന്നതിനിടയിലും ഏഷ്യയിലും ആഫ്രിക്കയിലുമടക്കം തീവ്രവാദ ഭീഷണി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in