ഖുശ്ബുവിനെതിരെ മോശം പരാമര്‍ശം; ഡിഎംകെ മുന്‍ വക്താവ് അറസ്റ്റില്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷന്‍ അംഗവും നടിയുമായ ഖുശ്ബുവിനെ അധിക്ഷേപിച്ച് സംസാരിച്ച ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്തു. പരാമര്‍ശം വിവാദമായതിന് പിന്നാലെ ഡിഎംകെ കൃഷ്ണമൂര്‍ത്തിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ശിവാജിയെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കിയെന്ന് ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുകനാണ് അറിയിച്ചത്. 'പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും അപകീര്‍ത്തി വരുത്തിയതിനും ശിവാജി കൃഷ്ണമൂര്‍ത്തിയെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും പിരിച്ചുവിടുകയാണെന്ന്' അദ്ദേഹം പറഞ്ഞു.
ഡിഎംകെ യുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് ഖുശ്ബുവിനെ അധിക്ഷേപിച്ച് കൃഷ്ണമൂര്‍ത്തി സംസാരിച്ചത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ബിജെപിയും തമിഴ്നാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഡിഎംകെ നേതാവിന്റെ പരാമര്‍ശത്തിനെതിരേ പ്രസംഗം പങ്കുവച്ചുകൊണ്ട് ഖുശ്ബുവും രംഗത്തെത്തിയിരുന്നു. 'ഓരാള്‍ക്കും സ്ത്രീകളെ മോശമാക്കി സംസാരിക്കാനുള്ള അവകാശമില്ല. ശിവാജി കൃഷ്ണമൂർത്തിയെ സ്റ്റാലിൻ സംരക്ഷിക്കുന്നത്, നടപടി മഹാനായ കരുണാനിധിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഖുശ്ബു പറഞ്ഞു. രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് താനിത് പറയുന്നത്. അപരിഷ്‌കൃതരായ ഗുണ്ടകള്‍ക്ക് കഴിയാനുള്ള താവളമായി ഡിഎംകെ മാറിയിരിക്കുകയാണ് ഖുശ്ബു ആരോപിച്ചു.
ഗവര്‍ണര്‍ ആര്‍എന്‍ രവിയെ കുറിച്ച് കൃഷ്ണമൂര്‍ത്തി നടത്തിയ വിവാദ പ്രസംഗം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയും രംഗത്തെത്തിയിരുന്നു. ഭരണഘടനാ നേതാവിനേയും ഖുശ്ബുവിനേയും കുറിച്ചുള്ള പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്നും ഈ കുറ്റവാളിക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും കെ അണ്ണാമലൈ പറഞ്ഞു. നേരത്തെ തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ കൃഷ്ണമൂര്‍ത്തിയെ ഡിഎംകെ സസ്പെന്‍ഡ് ചെയ്‌തെങ്കിലും അദ്ദേഹം മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് സസ്പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു.
തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഡിഎംകെയുമായി ബന്ധപ്പെട്ട പുതിയ വിവാദം. സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെ തുടര്‍ന്ന് ബിജെപി - ഡിഎംകെ വാക്പോരും സംസ്ഥാനത്ത് സജീവമാണ്. ഇതിനിടെയാണ് ശിവാജി കൃഷ്ണമൂര്‍ത്തി ഖുശ്ബുവിനെതിരായ അപകീര്‍ത്തി പരാമര്‍ശവുമായി രംഗത്തെത്തിയത്.