'അവർ പാർട്ടിയുടെ ഇച്ഛ നടപ്പാക്കിയവർ, അയോഗ്യരാക്കില്ല': ശരദ് പവാറിന്റെ ആവശ്യം തള്ളി മഹാരാഷ്ട്ര സ്പീക്കര്‍
മഹാരാഷ്ട്രയിൽ അജിത് പവാറിനൊപ്പം പോയ വിമത എംഎൽഎമാരെ പുറത്താക്കണമെന്ന ശരദ് പവാർ പക്ഷത്തിന്റെ ആവശ്യം തള്ളി മഹാരാഷ്ട്ര നിയസഭ സ്പീക്കർ. അജിത് പവാർ പക്ഷമാണ് യഥാർഥ എൻസിപി എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ രാഹുൽ നർവേകർ ആവശ്യം നിരസിച്ചത്.
എൻസിപിയിൽ പ്രതിസന്ധി സൃഷ്‌ടിക്കുകയും വിഭാഗീയതയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നു ചൂണ്ടിക്കാട്ടിയാണ് പിളര്‍പ്പിനു പിന്നാലെ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി ശരദ് പവാർ പക്ഷം സ്പീക്കറെ സമീപിച്ചത്. എന്നാൽ ഔദ്യോഗിക പാർട്ടി അജിത് പവാർ പക്ഷമാണ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞതോടെ അജിത് പവാറിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ കൂടെ നിന്ന എംഎൽഎമാർ "പാർട്ടിയുടെ ഇച്ഛ സാക്ഷാത്കരിക്കാൻ മുൻകൈയ്യെടുത്തവരാണ്" എന്നും അതിനാൽ അവരെ അയോഗ്യരാക്കാൻ സാധിക്കില്ല എന്നുമാണ് സ്പീക്കർ പറഞ്ഞത്.
അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെയാണ് താൻ ഔദ്യോഗിക വിഭാഗമായി കാണുന്നത് എന്നും ചോദ്യം ചെയ്യാൻ സാധിക്കാത്ത തരത്തിൽ 41 എംഎൽഎമാരുടെ പിന്തുണ അജിത് പവാറിന് ഉണ്ടെന്നും സ്പീക്കർ പറഞ്ഞു. എൻസിപിയുടെ സ്ഥാപകനേതാവുകൂടിയായ ശരദ് പവാറിനെ പിന്തുണയ്ക്കുന്ന വിഭാഗവും മരുമകൻ അജിത് പവാർ പക്ഷവും തമ്മിൽ വലിയ രാഷ്ട്രീയ സംഘര്ഷങ്ങളുള്ള പശ്ചാത്തലത്തിൽ, 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ എന്ത് സംഭവിക്കുമെന്നാണ് കാത്തിരുന്നറിയേണ്ടത്.
ബിജെപിയും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും നേതൃത്വം നൽകുന്ന ഭരണകക്ഷിയുടെ ഭാഗമാണ് ഇപ്പോൾ അജിത് പവാർ. ശരദ് പവാറും ബിജെപിയുടെ ഭാഗമാകുമെന്നും, അജിത് പവാറുമായി അദ്ദേഹം രഹസ്യചർച്ചകൾ നടത്തുന്നുണ്ടെന്നുമുള്ള വാർത്തകൾ പുറത്ത് വരുന്ന സാഹചര്യത്തിൽ, തങ്ങളുടെ പക്ഷം ഒരു രാഷ്ട്രീയപ്പാർട്ടിയുമായും ലയിക്കാൻ പോകുന്നില്ലെന്നു വ്യക്തമാക്കി ലോക്സഭാ എംപിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ രംഗത്തെത്തി. തങ്ങൾ മഹാ വികാസ് അഗാഡിയുടെ ഭാഗമായി തന്നെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.