ദസറ റാലിയെ ചൊല്ലി ശിവസേനയില്‍ പുതിയ വിവാദം; ഷിൻഡെ വിഭാഗത്തിന് അനുമതി, ഉദ്ധവ് പക്ഷത്തിന്റെ അപേക്ഷ തള്ളി
അധികാരത്തര്‍ക്കത്തിനൊപ്പം ദസറ റാലി നടത്തിപ്പിനെ ചൊല്ലി ശിവസേനയില്‍ പുതിയ വിവാദം. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന ശിവസേന പക്ഷത്തിന് ബാന്ദ്ര കുർള കോംപ്ലക്‌സിൽ (ബികെസി) ദസറ റാലി നടത്താന്‍ മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) അനുമതി നല്‍കി. എന്നാല്‍ ബികെസിയില്‍ റാലി നടത്താന്‍ ഉദ്ധവ് താക്കറെ പക്ഷം നല്‍കിയ അപേക്ഷ എംഎംആർഡിഎ തള്ളുകയായിരുന്നു. സ്ഥലം നേരത്തെ തന്നെ ബുക്ക് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎംആർഡിഎ ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ അപേക്ഷ തള്ളിയത്.
നേരത്തെ അപേക്ഷ നല്‍കിയതാണ് ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ റാലിക്ക് അനുമതി നല്‍കിയതിന്റെ മാനദണ്ഡമെങ്കില്‍, അത് ശിവാജി പാര്‍ക്കിലും ബാധകമാകണമെന്നാണ് ഉദ്ധവ് പക്ഷത്തിന്റെ ആവശ്യം
ബികെസിയിൽ ഷിൻഡെ വിഭാഗത്തിന്റെ റാലിക്ക് അനുമതി തേടി എം പി രാഹുൽ ഷെവാലെയാണ് അപേക്ഷ നൽകിയത്. ഉദ്ധവ് പക്ഷത്ത് നിന്ന് എംപി അരവിന്ദ് സാവന്തും അപേക്ഷ സമര്‍പ്പിച്ചു. അനുമതി ലഭിച്ചയുടന്‍ തന്നെ ദസറ റാലിക്കായുള്ള മുന്നൊരുക്കങ്ങളിലേക്ക് കടന്നിരിക്കുയാണ് ഷിന്‍ഡെ പക്ഷം. ആദ്യം അപേക്ഷ നല്‍കിയവര്‍ക്ക് അനുമതി നല്‍കിയെന്നാണ് എംഎംആർഡിഎ അറിയിച്ചതെന്ന് ഉദ്ധവ് പക്ഷം പറയുന്നു.
ദാദറിലെ ശിവാജി പാർക്കിൽ റാലി നടത്തുന്നതിനും ഇരു വിഭാഗങ്ങളും അപേക്ഷ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നേരത്തെ അപേക്ഷ നല്‍കിയതാണ് ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ റാലിക്ക് അനുമതി നല്‍കിയതിന്റെ മാനദണ്ഡമെങ്കില്‍, അത് ശിവാജി പാര്‍ക്കിലും ബാധകമാകണമെന്നാണ് ഉദ്ധവ് പക്ഷത്തിന്റെ ആവശ്യം. ശിവാജി പാര്‍ക്കില്‍ ആദ്യം അപേക്ഷ നല്‍കിയത് ഉദ്ധവ് വിഭാഗമാണ്.
രാഷ്ട്രീയ വിവാദമാകുന്ന സാഹചര്യത്തില്‍, ശിവാജി പാർക്കിൽ ദസറ റാലി നടത്തിപ്പിനായി ലഭിച്ച അപേക്ഷകളില്‍ ബിഎംസി നിയമോപദേശം തേടി. മുൻകാലങ്ങളിൽ ദസറ റാലികൾക്ക് എങ്ങനെയാണ് അനുമതി നൽകിയതെന്ന് പരിശോധിക്കാനാണ് നിര്‍ദേശം. അനുമതി നല്‍കുന്നതില്‍ ബിഎംസി ഈ ആഴ്ച തീരുമാനമെടുക്കും.