മുംബൈയില്‍ ലവ് ജിഹാദ് ആരോപിച്ച് യുവാവിന് ക്രൂരമർദനം; 'ജയ് ശ്രീറാം' വിളിച്ച് അക്രമികൾ

മുംബൈയില്‍ ലവ് ജിഹാദ് ആരോപിച്ച് യുവാവിന് ക്രൂരമർദനം; 'ജയ് ശ്രീറാം' വിളിച്ച് അക്രമികൾ

ജൂലൈ 21ന് നടന്ന സംഭവങ്ങളുടെ ദൃശ്യമാണ് കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്
Updated on
1 min read

മുംബൈയിലെ ബാന്ദ്ര ടെർമിനൽ റെയിൽവേ സ്റ്റേഷനിൽ ലവ് ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിന് ക്രൂരമർദനം. യുവാവിനോടൊപ്പം ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട ഒരു പെൺകുട്ടിയെ കണ്ടതോടെയാണ് ജയശ്രീ റാം മുഴക്കി ഒരു സംഘം യുവാവിനെ മർദിച്ചത്.

റിപ്പോർട്ടുകള്‍ പ്രകാരം ജൂലൈയിലാണ് സംഭവം നടന്നത്. മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് കഴിഞ്ഞ ദിവസമാണ്. "ജയ് ശ്രീറാം", "ലവ് ജിഹാദ് നിരോധിക്കണം" എന്നിങ്ങനെ മുദ്രാവാക്യങ്ങൾ വിളിച്ച് ഇരുപതോളം പേർ ചേർന്ന് യുവാവിനെ ആക്രമിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഒരു പോലീസ് ഉദ്യോഗസ്ഥനെ സമീപത്ത് കാണാമെങ്കിലും അക്രമികളെ എതിർക്കാനോ യുവാവിനെ രക്ഷിക്കാനോ ശ്രമിക്കുന്നില്ല.

ജൂലൈ 21ന് നടന്ന സംഭവങ്ങളുടെ ദൃശ്യമാണ് കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. യുവാവിനെ പുറത്തേക്ക് വലിച്ചിഴച്ച് അതിക്രൂരമായാണ് മർദിക്കുന്നത്. സമീപത്ത് നിൽക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടി യുവാവിനെ മർദിക്കരുതെന്ന് കരഞ്ഞുപറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവം റെയിൽവേ സ്റ്റേഷനിൽ നടന്നതിനാൽ റെയിൽവേ പോലീസ് വിഷയം പരിഗണിക്കുകയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദീക്ഷിത് ഗെഡം പറഞ്ഞു. "മർദനം നടന്നത് ജൂലൈ 21നാണ്. എന്നാൽ ഞങ്ങൾ വീഡിയോ ദൃശ്യങ്ങൾ കാണുന്നത് ഇന്നലെയാണ്. സംഭവം നടന്നത് റെയിൽവേ സ്റ്റേഷനിലാണ്. അതിലാണ് ജിആർപിയെ (ഗവണ്മെന്റ് റെയിൽവേ പോലീസ്) അറിയിച്ചിട്ടുണ്ട്. " അദ്ദേഹം ചൂണ്ടിക്കാട്ടി.

റെയിൽവേ പോലീസിന്റെ അധികാരപരിധിയിൽ ആയതിനാൽ പോലീസ് പരാതി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എഫ്‌ഐആർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റെയിൽവേ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സന്ദീപ് ഭാജിഭാക്രെ ചൂണ്ടിക്കാട്ടി. വിഷയത്തെക്കുറിച്ച് വീഡിയോ പ്രചരിച്ചതിനെ ശേഷമാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ അന്വേഷണം നടത്താൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക എംഎൽഎയും മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ സീഷൻ സിദ്ദിഖ് പറഞ്ഞു. ഭിവണ്ടിയിലെ (ഈസ്റ്റ്) സമാജ്‌വാദി പാർട്ടി എം‌എൽ‌എ റായ്‌സ് ഷെയ്‌ഖും വീഡിയോ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.

പെൺകുട്ടി യുവാവിനൊപ്പം ജീവിക്കാനായി ദിവസങ്ങൾക്ക് മുൻപ് വീട് വിട്ടിറങ്ങിയതായിരുന്നുവെന്ന് ദേശീയ മാധ്യമമായ സ്ക്രോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താനെ ജില്ലയിലെ അംബർനാഥ് സ്വദേശിയാണ് പെൺകുട്ടി. ഇരുവരും മുംബൈ വിടാൻ ഒരുങ്ങുകയായിരുന്നു. ഇതറിഞ്ഞ സംഘമാണ് ബാന്ദ്ര ടെർമിനസ് റെയിൽവേ സ്റ്റേഷനിലെത്തി യുവാവിനെ ആക്രമിച്ചതെന്ന് നിർമല്‍നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ആക്രമിച്ച ആൾക്കൂട്ടം ഏതെങ്കിലും പ്രത്യേക സംഘടനയിൽപ്പെട്ടവരാണോ എന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

logo
The Fourth
www.thefourthnews.in