നാടുകടത്താന്‍ പോലീസ് എത്തി; കൂട്ടത്തോടെ ആക്രമിച്ച് ആഫ്രിക്കന്‍ പൗരന്മാര്‍
ദക്ഷിണ ഡൽഹിയിൽ പോലീസുകാർക്ക് നേരെ അക്രമം അഴിച്ചുവിട്ട് ആഫ്രിക്കൻ പൗരന്മാർ. രാജ്യത്ത് അനധികൃതമായി താമസിച്ച് വന്ന മൂന്ന് ആഫ്രിക്കൻ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു അക്രമം. ദക്ഷിണ ഡൽഹിയിലെ നെബ് സരായി രാജുപാർക്കിലാണ് നൂറിലധികം പേരടങ്ങിയ സംഘം പോലീസിനെ വളഞ്ഞിട്ട് ആക്രമിച്ചത്. വിസാ കാലാവധി കഴിഞ്ഞതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത നൈജീരിയക്കാരെ അക്രമികള്‍ മോചിപ്പിച്ചു.
നൈജീരിയക്കാരെ നാടുകടത്താനുള്ള നടപടികൾ പൂർത്തിയാക്കാനായി ശനിയാഴ്ച ഉച്ചയോടെയാണ് പോലീസുകാരും നാർക്കോട്ടിക് സെൽ അംഗങ്ങളുമെത്തിയത്. മൂന്നുപേരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകവെ ബാക്കിയുള്ളവർ സംഘം ചേർന്ന് പോലീസിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസ് സംഘമെത്തിയ ശേഷമാണ് മോചിപ്പിച്ചവരില്‍ ഒരാളടക്കം അഞ്ചുപേരെ പിടികൂടിയത്.
ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം പൊലീസിന് നേരെ ആക്രോശിക്കുന്നതും അവരെ തള്ളിയിടുന്നതും കാണാം. പ്രതിഷേധിക്കുന്നവരെ നിയന്ത്രിക്കാനായി പോലീസ് ലാത്തിയും വീശി. നൂറിലേറെ പേരടങ്ങുന്ന ആഫ്രിക്കന്‍ പൗരന്മാരുടെ സംഘമാണ് പോലീസിനെ സംഘം ചേര്‍ന്ന് ആക്രമിച്ചത്.
കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരെ നാടുകടത്താനുള്ള നീക്കത്തിലാണ് പോലീസ്. ഡല്‍ഹിയില്‍ ഇത്തരത്തില്‍ നിരവധിപേരുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. കസ്റ്റഡിയിലെടുത്തവരെ ഉടന്‍ നാടുകടത്തുമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി.