'കലാപം പടരുന്നതിൽ സമൂഹമാധ്യമങ്ങൾക്ക് പങ്ക്', ഇന്റർനെറ്റ് നിരോധനം നീട്ടി ഹരിയാന; കൂടുതൽ കേന്ദ്ര സേനയെ ആവശ്യപ്പെട്ടു
വര്‍ഗീയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. കലാപത്തില്‍ സോഷ്യല്‍ മീഡിയ നിര്‍ണായക പങ്കുവഹിച്ചെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ ആഗസ്റ്റ് അഞ്ച് വരെയാണ് ഇന്റര്‍നെറ്റ് നിരോധനം നീട്ടിയത്. സമാധാനം പുനഃസ്ഥാപിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
നൂഹ്, ഫരീദാബാദ്, പല്‍വാല്‍ ജില്ലകളിലും ഗുരുഗ്രാം ജില്ലയിലെ സോഹ്ന, പട്ടൗഡി, മനേസര്‍ സബ് ഡിവിഷനുകളുടെ പ്രാദേശിക പരിധിയിലുമാണ് ഇന്റര്‍നെറ്റ് നിരോധനം നീട്ടിയത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുസമാധാനം നിലനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് തീരുമാനമെന്ന് അധികൃതര്‍ പറയുന്നു. ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചെന്നും ജൂലൈ 21 മുതലുള്ള സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞു.
അതിനിടെ ഹരിയാനയിലെ തൗരുവില്‍ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ രണ്ട് പള്ളികൾക്ക് നേരെ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. പള്ളികള്‍ക്ക് കേടുപാടുണ്ടെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ല. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഇതുവരെ ആറ് പേരാണ് കൊല്ലപ്പെട്ടത്. 116 പേരെ അറസ്റ്റ് ചെയ്യുകയും 90 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അതേസമയം സംസ്ഥാനത്ത് കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. നാല് കമ്പനി കേന്ദ്രസേനയെക്കൂടിയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. നൂഹിലെ 14 കമ്പനി കേന്ദ്രസേനയടക്കം ഇതുവരെ 20 കമ്പനി കേന്ദ്രസേനയെയാണ് ഹരിയാനയില്‍ വിന്യസിച്ചിരിക്കുന്നത്.
സംഭവത്തില്‍ ഒരു പ്രതിയും രക്ഷപ്പെടില്ലെന്നും ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ''നിരവധി എഫ്‌ഐആറുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. നൂറിലധികം പേരെ ചോദ്യം ചെയ്ത് വരികയാണ്. കലാപത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്,'' മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് സുരക്ഷയേര്‍പ്പെടുത്തുന്നതിനും ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഭൂപീന്ദര്‍ സിംഗ് ഹൂഡ
ബിജെപി-ജെജെപി സര്‍ക്കാരിന്റെ പരാജയത്തിന്റെ ഫലമാണ് നൂഹിലും ഹരിയാനയിലെ മറ്റ് സ്ഥലങ്ങളിലും നടന്ന അക്രമമെന്ന് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു. ജനങ്ങള്‍ക്ക് സുരക്ഷയേര്‍പ്പെടുത്തുന്നതിനും ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്‌റിന്‌റെ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകർ ഹരിയാന വിഷയം ഉന്നയിച്ചതോടെയാണ് പ്രതികരണം ഉണ്ടായത്. കലാപത്തില്‍ നിന്ന് അകന്നു നില്‍കാന്‍ വിവിധ വിഭാഗങ്ങളോടെ അഭ്യര്‍ഥിക്കുന്നതായി വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ''എപ്പോഴത്തേയും പോലെ സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്. അക്രമണങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് എല്ലാ വിഭാഗങ്ങളോടും അഭ്യര്‍ഥിക്കുന്നു. അമേരിക്കന്‍ പൗരന്മാര്‍ പ്രശ്‌ന ബാധിതരായി ഇല്ലെന്നാണ് അറിയുന്നത്, '' മില്ലര്‍ പറഞ്ഞു.