പൗരന്മാര്‍ക്ക് മേല്‍ ചാരപ്രവര്‍ത്തനം; മോദി സര്‍ക്കാര്‍ ഇസ്രയേലില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ്
രാജ്യത്തെ പൗരന്മാരെ നിരീക്ഷിക്കുന്നതിന് മോദി സര്‍ക്കാര്‍ ഇസ്രയേല്‍ നിന്നുള്ള നിരീക്ഷണ ഉപകരണങ്ങള്‍ വാങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ട് ഇസ്രയേല്‍ കമ്പനികളില്‍നിന്ന് ചാരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങി, ഉപയോഗിക്കുന്നതായി ലണ്ടനില്‍നിന്നുള്ള ദ ഫിനാന്‍ഷ്യല്‍ ടൈംസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐടി മേഖലയിലെ 'കുപ്രസിദ്ധ' ഇസ്രയേലി കമ്പനികളായ കോഗ്‌നൈറ്റ്, സെപ്റ്റിയവര്‍ എന്നിവയുമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപാട് നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമുദ്രാന്തര്‍ഭാഗത്തു സ്ഥാപിച്ചിരിക്കുന്ന പ്രമുഖ ടെലികോം കമ്പനികളുടെ കേബിള്‍ സംവിധാനം വഴി സര്‍ക്കാര്‍ ഈ കമ്പനികളില്‍ നിന്നു വാങ്ങിയ ശക്തിയേറിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പൗരന്മാരെ നിയമവിരുദ്ധമായി നിരീക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഇടപാട് ഉയര്‍ത്തിയ വിവാദം കെട്ടടങ്ങും മുമ്പേയാണ് പൗരന്മാരുടെ സ്വകാര്യതയില്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നുകയറുന്നതായുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയുടെ 140 കോടി പൗരന്മാരുടെയും വ്യക്തിഗത വിവരങ്ങളും ആശയവിനിമയങ്ങളും നിരീക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയും
രാജ്യത്ത് പ്രവര്‍ത്തനാനുമതി ലഭിക്കണമെങ്കില്‍ ടെലികോം കമ്പനികള്‍ തങ്ങളുടെ കേബിള്‍ ശൃംഖലകളില്‍ നിരീക്ഷണ ഉപകരണം സ്ഥാപിക്കണമെന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വന്‍കിട ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവയ്ക്കും സിംഗപ്പൂരിലെ സിംഗ്‌ടെല്‍ ഗ്രൂപ്പിനും ഇസ്രയേല്‍ കമ്പനിയായ സെപ്റ്റിയര്‍ തങ്ങളുടെ നിരീക്ഷണ സാങ്കേതികവിദ്യ വിറ്റതായാണ് റിപ്പോര്‍ട്ട്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തെ ഓരോ വ്യക്തിയും അവരുടെ സ്വകാര്യ വകാര്യ മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവ വഴി അയച്ച ശബ്ദ-ടെക്‌സ്റ്റ് സന്ദേശങ്ങളും കംപ്യൂട്ടറിൽ നടത്തുന്ന പ്രവർത്തനങ്ങൾ, ഇമെയില്‍ എന്നിവയെല്ലാം വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് സെപ്റ്റിയര്‍ അവകാശപ്പെടുന്നത്. ചുരുക്കത്തില്‍ ഓരോ വ്യക്തിയുടെയും ഫോണും കംപ്യൂട്ടറുമെല്ലാം അവരറിയാതെ ചോര്‍ത്താന്‍ സര്‍ക്കാരിനു കഴിയും.
ടെലികോം കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിന്റെ ഭാഗമായി നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത് അസാധാരണമാണെന്ന് സമുദ്രാന്തര്‍ഭാഗത്തെ കേബിള്‍ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റൊരു ഇസ്രായേല്‍ കമ്പനിയായ കോഗ്നൈറ്റും ഇന്ത്യയ്ക്ക് നിരീക്ഷണ ഉപകരണങ്ങള്‍ നല്‍കുന്നുണ്ട്. ഒന്നിലധികം രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും നിരീക്ഷിക്കുന്നതിനായി കോഗ്നൈറ്റിനെയും ഉപയോഗിച്ചിരുന്നതായി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രം, വാട്സ് അപ്പ് എന്നീ സാമൂഹ്യമാധ്യമങ്ങളുടെ മാതൃകമ്പനിയായ 'മെറ്റ' 2021-ല്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.
അതേസമയം പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്ന ആദ്യ രാജ്യമല്ല ഇന്ത്യ. ടെലികോം കമ്പനികളുമായി ചേര്‍ന്ന് യുഎസ്എ, യുകെ എന്നീ രാജ്യങ്ങള്‍ പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ വന്‍തോതില്‍ ചോര്‍ത്തിയത് സംബന്ധിച്ച് അമേരിക്കന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ആഗോള തലത്തില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചതാണ്. ഇപ്പോഴും ഇന്ത്യക്കൊപ്പം റുവാണ്ട, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരത്തില്‍ പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.