'മോദിയുടെ ഏറ്റവും വലിയ ഭയം കെജ്‌രിവാള്‍'; പോസ്റ്റര്‍ ക്യാമ്പെയ്‌നുമായി ആം ആദ്മി പാര്‍ട്ടി

'മോദിയുടെ ഏറ്റവും വലിയ ഭയം കെജ്‌രിവാള്‍'; പോസ്റ്റര്‍ ക്യാമ്പെയ്‌നുമായി ആം ആദ്മി പാര്‍ട്ടി

അഴികള്‍ക്കുള്ളില്‍ കെജ്‌രിവാള്‍ നില്‍ക്കുന്ന രീതിയിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്
Updated on
1 min read

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരേ പോസ്റ്റര്‍ ക്യാമ്പെയ്‌നുമായി ആം ആദ്മി പാര്‍ട്ടി. സമൂഹമാധ്യമങ്ങളില്‍ കെജ്‌രിവാളിന്റെ ചിത്രവും പോസ്റ്ററും പ്രൊഫൈല്‍ പിക്ചറാക്കണമെന്ന് നേതാക്കളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്ത് വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അതിഷി മര്‍ലേന രംഗത്തുവന്നു.

അഴികള്‍ക്കുള്ളില്‍ കെജ്‌രിവാള്‍ നില്‍ക്കുന്ന രീതിയിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ''മോദിയുടെ ഏറ്റവും വലിയ ഭയം, കെജ്‌രിവാള്‍' എന്ന കുറിപ്പും പോസ്റ്ററിലുണ്ട്. എഎപി നേതാക്കള്‍ എല്ലാവരും തന്നെ തങ്ങളുടെ ഫെയ്‌സ്ബുക്ക്, എക്‌സ്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയിട്ടുണ്ട്.

നേരത്തെ കെജ്‌രിവാളിന്റെ സന്ദേശം എല്ലാ വീടുകളിലും എത്തിക്കാന്‍ രാജ്യത്തുടനീളം സമൂഹമാധ്യമങ്ങളിലൂടെ ക്യാമ്പെയ്ന്‍ നടത്തുമെന്ന് അതിഷി അറിയിച്ചിരുന്നു. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ ജനങ്ങളും ക്യാമ്പെയ്‌ന്റെ ഭാഗമാകണമെന്നും അതിഷി ആഹ്വാനം ചെയ്തിരുന്നു.

ഡല്‍ഹി മദ്യനയക്കേസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ നിരസിച്ച ഡല്‍ഹി ജില്ലാക്കോടതി മാര്‍ച്ച് 28 വരെ അദ്ദേഹത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. തന്നെ ജയില്‍ മോചിതനാക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം അടുത്ത ബുധനാഴ്ച കോടതി പരിഗണിക്കും.

logo
The Fourth
www.thefourthnews.in